കാത്തിരിപ്പ്....
കാട്ടു തീയ്ക്കായൊരു കനലിനെയും പ്രണയിച്ചു
കാലങ്ങളായി കാത്തിരിക്കുന്നൊരു തൂലിക......
പതിവ് തെറ്റിക്കാതെ മുഖം തരാതെ കടന്നു പോയ കാറ്റ്.....
ഇനിയും വരുമെന്ന് ചൊല്ലി -
ഒരു നിശ്വാസത്തിന്റെ ഗന്ധവും പേറി
വീൺവാക്കു പറഞ്ഞു ഞാനും.....
അക്ഷരമേ....എന്തിനിത്ര അകലം....???
ഒന്നൂതി കാച്ചി പൊന്നുരുക്കാൻ -
എന്റെ കൈകൾക്കെന്തേ മറവി....?
ഒന്നിമയടച്ചു ഓർത്തെടുക്കാൻ ഞാനെന്തേ മറക്കുന്നു....?
കരിയിലകൾ കാറ്റിനെ നോക്കി കണ്ണിറുക്കുമ്പോൾ
ഹേ... സൂര്യാ... നിന്റെ കവിളിണകളിൽ ഒരു പിടി പുച്ഛം ബാക്കി.....
ഒരു മഴക്കാറിന്റെ ചിറകിലേറി വരാമെന്നോതി
യാത്ര പറഞ്ഞു പോയവൾ.....
വരുമത്രേ.......
കനല് കെടാതെ നീ കാത്തുകൊൾക....
കവിതയായി ഞാൻ നിന്നിൽ പുനർജനിക്കും നാൾ വരെ....
ഞാൻ രക്തസാക്ഷി ...!!!!!
ഇടറുമെൻ കാൽപാദം നനമണ്ണിൽ പതിയവേ
കേൾക്കുന്നു രോദനം "ഞാൻ പെറ്റ മകനെ ..."
ഒരു പുരുഷായുസ്സിൻ മോഹങ്ങളൊക്കെയും
ചിതറിത്തകർന്നതി കലാഭൂവിൽ ...!
ചങ്കു തുരന്നെന്റെ ചോര തെറിപ്പിച്ചു ,നിങ്ങളാ-
ചെഞ്ചോര കൊടി ചുറ്റി നൃത്തം ചവിട്ടി ,
അന്തരാളങ്ങളെ ചുട്ടു പൊള്ളിക്കുന്ന
പഞ്ചാഗ്നി മധ്യത്തിൽ ഞാൻ വെന്തുരുകി ..
രക്തസാക്ഷി , ഞാൻ രക്തസാക്ഷി....
കാലം കുറിക്കുന്ന കവിതകളിലൊക്കെയും
ചോരയുടെ മണമുള്ള രക്തസാക്ഷി ..
ഞാൻ ...രക്തസാക്ഷി ...
ചക്രവ്യൂഹത്തിന്റെ ചിത്രഗതികളിൽ
ചിത്തം ഭയക്കാതെ മൃതു വരിച്ചവനെ ...,
നിന്റെ നാമം കടം കൊണ്ട പാപമോ
ഇന്ന് വെണ്ണീറായി തീരുന്നതെൻ ജീവിതം ...?
വാളെടുത്തില്ല ...,ഞാനൊട്ടു വെല്ലുവിളിച്ചതില്ല
അമ്പെയ്തതില്ലെനിക്കെതിരാളിയുമില്ല
രാജ്യത്തെ കാക്കുവാൻ യുദ്ധഭൂവിൽ
പ്രാണൻ വെടിയാൻ വന്നതല്ല .
എന്നിട്ടും ....? എന്നിട്ടുമെന്തേ ഞാൻ രക്തസാക്ഷി ..?
കാത്തിരിക്കും പെറ്റ വയറിന്റെ നന്മയാൽ
ജീവിത വൃക്ഷത്തിൽ പൂ വിരിയിച്ചു ഞാൻ ....
താതന്റെ സ്വപ്നങ്ങൾക്കെല്ലാം നിറങ്ങളേകി
തൂലികയെ ഞാനെന്റെ പടവാളാക്കി ...
രാവു വെളുക്കോളം രക്തം വിയർപ്പാക്കി
അക്ഷര വിത്തുകൾ നെഞ്ചേറ്റി ഞാൻ ..
കപട രാഷ്ട്രീയത്തിൻ കുടിലതകളിൽ മുങ്ങി
മോഹഭംഗത്തിന്റെ ഭാണ്ഡവും പേറിയലയുന്നു ഞാൻ ....
രക്തസാക്ഷി ....പുതിയൊരഭിമന്യു പിറക്കും
വരേയ്ക്കും ഞാൻ രക്തസാക്ഷി ...!!!!!