പ്രളയ രാത്രി.....
ഒരു മഹാപ്രളയത്തിനൊടുവിലൊരുനാളിലെല്ലാം
ത്യജിച്ചേകനായ ലയുന്നു മരുഭൂവിലെന്നപോൽ ഞാൻ.
എരിയുന്ന താപവുംനുരയുന്ന കോപവും
ചൊരിയുന്ന കണ്ണീരും ,വേർപിരിയുന്ന പ്രാണനും
ഒട്ടും നിനയ്ക്കാതൊരു മാത്ര കൊണ്ട് ,ഞാൻ കെട്ടിപ്പടുത്ത സാമ്രാജ്യമൊക്കെയും യാത്ര പറയാതൊലിച്ചു പോയി...
ഇത് മണ്ണ്,എനിക്കുയിർ തന്ന പെണ്ണ്...
ഇത് മരം,എന്നെ താരാട്ടിയ കളിയൂഞ്ഞാൽ....
ഇത് കുളം,എന്നിൽ തണ്ണീരിറ്റിച്ച കുളിരുറവ.
ഇത് കാറ്റ്.....എന്നെ തഴുകിയുറക്കിയ ചങ്ങാതി....
ഇവൾ പ്രകൃതി,അമ്മ....
സ്വയമുരുകിയൊലിച്ചിട്ടുമെന്നും എനിക്കായി മാത്രം ശ്വാസം കാത്തുവച്ചവൾ....
അറിഞ്ഞില്ലയെന്നോ,അറിയാൻ ശ്രമിച്ചില്ലയെന്നോ ഞാൻ.....
മറന്നതല്ലമ്മേ...മനപ്പൂർവം മറക്കാൻ പഠിച്ചതാണ് ഞാൻ നിന്നെ....
നിൻ മാറിൽ ഉയിർ പെറ്റു,നിൻ നീരിൽ കളിയാടി
നിൻ തണലിൽ മയങ്ങി
നിന്റെ നാഭിയിൽ നിന്നൊരു വട-
വൃക്ഷമായി പന്തലിച്ചിടത്തൂർന്ന വേരുകൾ നിന്നിലേക്കാഴ്ത്തി
നിന്റെ മേൽ ആനന്ദ നൃത്തമാടി.....
ഞാൻ ഉന്മാദിയായി മാറി .....
ഒരു തുള്ളിക്കൊരു കൂപം തണ്ണീർ കവിഞ്ഞിട്ടു-
മൊരിറ്റു നീരിനായി കേഴുന്നു ഞാൻ...
ഈ രാത്രി ഇനിയും വരാതിരിക്കട്ടെ, പേമാരി പെയ്തൊഴിഞ്ഞീടട്ടെ,
ഞാനെന്നഹന്ത നീരിലൂടൊഴുകി തീരം തേടട്ടെ....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......