Sunday, 8 March 2015

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........

നിര്‍ഭയയുടെ ഓര്‍മയ്ക്ക് ........                   


നിര്‍ഭയയെന്ന പേര് നല്‍കി  സഹതാപത്തോടെയും വേദനയോടെയും ഭാരതം ഉറ്റു നോക്കിയ കണ്ണീര്‍ മലരുകള്‍ ഓര്‍മയിലൊരു മെഴുതിരിയായി എരിയുമ്പോള്‍ നമ്മള്‍ മറ്റൊരു  വനിതാ ദിനത്തിന്റെ ആഘോഷചൂടിലേക്ക് she walkathon-മായി ഓടുകയാണ് ..

അവകാശങ്ങളും ,നീതിയും ,സ്വാതന്ത്ര്യവും ,ജീവിതത്തിന്റെ
നിറമുള്ള സ്വപ്നങ്ങളുമൊക്കെ മരണത്തിന്റെ തീചൂളയിലെക്ക് തന്റെ അനുവാദമില്ലാതെ ഓടിയകലുന്നത് കണ്ടു നിസ്സഹായയായി നിന്ന പെണ്‍കുട്ടി -ഭാരതത്തിന്റെ മകള്‍ -അവള്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ
പെണ്‍കുട്ടിയുടെയും പ്രതിനിധിയാണ്‌ ...
അവളുടെ സ്വപ്നങ്ങളുടെ ,സ്ത്രീത്വത്തിന്റെ ,ഘാതകന്‍ അജയ്യനായി
സര്‍വ സുഖങ്ങളോടും കൂടി ജീവിക്കുന്നു ....
എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ....,
എല്ലാ മാനുഷികാവകാശങ്ങളോടും കൂടി ......

ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന പരിഗണന ഈ സമൂഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടോ ..?
കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ഏറ്റു പിടിച്ചു വാര്‍ത്താ പ്രാധാന്യം നേടിയ ഡോകുമെന്ററി India's Daughter സമൂഹത്തിനു നേരെ ഉയര്‍ത്തുന്ന ഒരു വലിയ  ചോദ്യമുണ്ട് ...
അത് സ്ത്രീ സുരക്ഷയ്ക്ക് നേരെയുള്ള ചോദ്യമല്ല ....

ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെ ....
ഇന്ത്യന്‍ നീതി നിയമങ്ങള്‍ക്കു നേരെ ...
പൌരന്‍റെ മൌലിക അവകാശങ്ങള്‍ക്കും ,സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുള്ള
ചോദ്യമാണ് ആ ഡോകുമെന്ററി ...

എന്ത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് എന്ന ചോദ്യത്തോടൊപ്പം തന്നെ പ്രസക്തമാണ് ഇങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെ എന്ത് കൊണ്ട് കാലങ്ങളോളം നിയമത്തിന്‍
കീഴിലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതും ...?ഒരു നിമിഷത്തിന്റെ ദയവു പോലും അര്‍ഹിക്കാത്ത ഇത്തരക്കാരെ ഭൂമിയില്‍ ജീവിക്കാനായി വീണ്ടും അനുവദിക്കുന്നതാണ് നിയമം ഈ സമൂഹത്തോട് ചെയ്യുന്ന തെറ്റ് ...

ഒരു ജനാധ്യപത്യ രാജ്യത്തില്‍ ജീവിക്കുന്ന ഏതൊരു പൌരന്റെയും വിശ്വാസം അവന്റെ ഭരണഘടനയുടെ തത്ത്വശാസ്ത്രത്തിലാണ് ...എന്നാല്‍ ഇന്ന് ആ വിശ്വാസത്തിനു നേരേയേറ്റ ക്ഷതമാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും
സസുഖം ജീവിക്കുന്ന കുറ്റവാളികള്‍ ...ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കാനുള്ള മനസ്ഥിതി പോലുമില്ലാതെ ,  ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ചു വാചാലനാകുന്ന മനുഷ്യത്ത്വം നഷ്ടപ്പെട്ട വിഷ ജന്തുക്കള്‍ ഇന്നും ജീവിച്ചിരിക്കുന്നത്‌ രാഷ്ട്രത്തിന്റെ നിയമസംഹിതയുടെ തോല്‍വി തന്നെയല്ലേ ....?

ഹെല്‍മെറ്റ്‌ വയ്ക്കാതെ ,സീറ്റ്ബെല്‍റ്റ് ഇടാതെ ,ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്നവന് നിമിഷ നേരം കൊണ്ട് പിഴ ചുമത്തുന്ന രാജ്യം ...
മദ്യം വിഷമാണെന്ന് പറഞ്ഞു ബാറുകള്‍ പൂട്ടി മദ്യനിരോധന നിയമം നടപ്പാക്കിയ രാജ്യം ....
പൊതു സ്ഥലത്ത് പുകവലിക്കുന്നവന്  ശിക്ഷ നടപ്പാക്കുന്ന രാജ്യം ....
പക്ഷേ എന്ത് കൊണ്ട് ......., ക്രൂരമായി ഒരു പെണ്‍കുട്ടിയെ കൊന്നവനെ ഇന്നും
ആ രാജ്യം ജീവനോടെ സംരക്ഷിക്കുന്നു ....???

വ്യക്തിത്വ വികസനത്തിന്റെ ആദ്യപാഠങ്ങള്‍ ഒരുവന്‍ പഠിക്കുന്നത് അവന്റെ കുടുംബത്തില്‍ നിന്നുമാണ് ..ആ അടിസ്ഥാന രൂപികരണത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ തന്നെയാണ് ഒരു വ്യക്തിയുടെ സ്വഭാവ വൈകൃതത്തിനു
കാരണവും ....ഏതൊരു സ്ത്രീയിലും ഒരു അമ്മയുണ്ട്‌ എന്ന തിരിച്ചറിവാണ് ഒരാള്‍ ആദ്യം നേടേണ്ടത് ... ആ തിരിച്ചറിവ് അവനു പകര്‍ന്നു നല്‍കേണ്ടത് ജന്മം നല്‍കിയ അമ്മയും ...ലോകത്തെ ഏതൊരു പെണ്ണിനേയും
സ്വന്തം അമ്മയായോ ,മകളായോ , സഹോദരിയായോ കാണാന്‍ കഴിയാത്ത പുരുഷന്‍ നാടിന്റെ തന്നെ ശാപമാണ് ...

നമ്മുടെ സംസ്കാരം  നമ്മോടു ചെയ്ത ഒരു വല്യ തെറ്റായി ഇന്ന് വര്‍ഗവിവേചനം മാറിയിരിക്കുന്നു  ..
പുരുഷനെന്നും സ്ത്രീയെന്നുമുള്ള വിവേചനം ...അത് തീര്‍ച്ചയായും ആവശ്യമുള്ളത് തന്നെ ...
പക്ഷേ ആ വിവേചനം നമ്മിലേല്‍പ്പിച്ച സാംസ്കാരികക്ഷതമാണ് സ്ത്രീ എന്നും
പുരുഷന് കീഴില്‍ നില്‍ക്കണമെന്ന അടിമത്ത നയം ....ആ നയം തന്നെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് മൂല കാരണവും ....

രാത്രി എന്നാല്‍ പെണ്ണിന് മുറി അടച്ചിരിക്കേണ്ട സമയമാണോ...?
വസ്ത്ര സ്വാതന്ത്ര്യവും ,അഭിപ്രായ സ്വാതന്ത്ര്യവും
ആണിന്റെ മാത്രം കുത്തകയാണോ ....?
പുരുഷ സൗഹൃദങ്ങളും ,പുരുഷ സുഹൃത്തിനോടോപ്പമുള്ള സഞ്ചാരവും
പെണ്ണിന് വിലക്കപ്പെട്ട കനിയാണോ ....?

രാത്രി പുരുഷനായ സുഹൃത്തിനോടൊപ്പം പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി ചെയ്ത തെറ്റ് ...അത് കൊണ്ടാണ് അവളെ ഉപദ്രവിച്ചതെന്ന ന്യായം വിളമ്പുന്നവനോടോന്നു ചോദിക്കട്ടെ .......,,,,,വീട്ടിനുള്ളില്‍ ജീവിച്ചിട്ടും
എല്ലാം നഷ്ടപ്പെട്ടു പോയ പെണ്‍കുട്ടികള്‍ ചെയ്ത തെറ്റ് എന്താണ് ....?അച്ഛനും ,അമ്മാവനും ,കൂടപ്പിറപ്പുമൊക്കെ കാമം നിറഞ്ഞ കണ്ണോടെ അവളെ നോക്കുന്നത് അവള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ....??

ലൈംഗികതയ്ക്ക്  വേണ്ടി മാത്രമുള്ള ഒരു ഉപഭോഗ വസ്തുവാണോ സ്ത്രീ ....????

പുരുഷനെ മാത്രം അടച്ചാക്ഷേപിച്ചത് കൊണ്ടായില്ല .....സ്ത്രീയുടെ മൂല്യവും  ,പവിത്രതയും കാത്തു സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്കുമുണ്ട് ..
മാര്‍ക്കെറ്റിംഗില്‍  സ്ത്രീ ഇന്ന് ഒരു അഭിവാജ്യ ഘടകമാണ് ...വ്യക്തമായി നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സത്യമുണ്ട് ....സ്ത്രീയുടെ ശരീരം പ്രദര്‍ശിപ്പിക്കാത്ത പരസ്യങ്ങള്‍ വിരളം ...ഒരു bike-ന്‍റെ
അല്ലെങ്കില്‍ പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഒരു body spray -യുടെ ഒക്കെ പരസ്യങ്ങളില്‍ അല്‍പവസ്ത്ര ധാരിണിയായ ഒരു സ്ത്രീയുടെ ആവശ്യകത എന്താണ് ....?

ഇന്നത്തെ കുട്ടികള്‍ ജനിച്ചു വീഴുന്നത് തന്നെ new generation ലോകത്തേക്കാണ്‌ ..അവിടെ മാതാപിതാക്കളെക്കാള്‍ കുട്ടികള്‍ കാണുന്നതും കേള്‍ക്കുന്നതും ഇന്റര്‍നെറ്റും ,സോഷ്യല്‍ മീഡിയയും പകര്‍ന്നു നല്‍കുന്ന അറിവുകളാണ് .
പാഠപുസ്തകത്തിലെ കഥകളെക്കാള്‍ അവരുടെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നത് സിനിമയിലും ,മറ്റും കേള്‍ക്കുന്ന വാചകങ്ങള്‍ .......
ഒരു ഭാഗത്ത് മാതാപിതാക്കള്‍ക്ക് മക്കള്‍ക്കായി കണ്ടെത്താന്‍ സമയമില്ല ...മക്കള്‍ എന്ത് ചെയ്യുന്നു എന്നു അന്വേഷിക്കാന്‍ കഴിയുന്നില്ല ....മറുഭാഗത്ത് മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ generation gap .
അത് കാരണം മക്കളെ ഉപദേശിക്കാനോ ,മക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനോ അവര്‍ക്ക് കഴിയുന്നില്ല ..
എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു അടിസ്ഥാനം എപ്പോഴും ഉണ്ടാകും ...ആ അടിസ്ഥാനത്തിലെക്കാണ് നമ്മള്‍ ഇറങ്ങി ചെല്ലേണ്ടത് .....അവിടെ നിന്നാണ് പരിഹാരം കണ്ടെത്തെണ്ടുന്നതും ....

"All indians are my brothers and sisters" എന്നു പ്രതിജ്ഞ ചൊല്ലിയവരാണ് നമ്മള്‍ ഓരോരുത്തരും ......
സഹോദരിയായി കാണണം എന്നില്ല ...ഒരു സ്വതന്ത്ര വ്യക്തിയായി അവളെ കാണാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍പിന്നെ "India is my country " എന്നു പറയാനുള്ള യോഗ്യത പോലും ഇല്ലാത്ത മൃഗങ്ങളെക്കാള്‍ നികൃഷ്ടമായ
ജന്മങ്ങളായി നമ്മള്‍ മാറി പോകും .

ഞാനും ഒരു സ്ത്രീയാണ് ...എന്റെ നേര്‍ക്ക്‌ നീളുന്ന ഓരോ കണ്ണുകളെയും ഉള്ളില്‍ ഒരു ഭയത്തോടെ വീക്ഷിക്കുന്നവള്‍.....സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുമ്പോളും ഞാന്‍  ഭയചകിതയാണ് ....നാളത്തെ നിര്‍ഭയ ഒരു പക്ഷേ ഞാനായെക്കുമെങ്കിലോ എന്ന ഭയം ....
ഓരോ ഇന്ത്യന്‍ സ്ത്രീയുടെ ഉള്ളിലുംനിലനില്‍ക്കുന്ന ഭയം ....
ഈ ഭയത്തിനു ഒരു അന്ത്യം ഉണ്ടാകട്ടെ ......
ഇനിയും നിര്‍ഭയകള്‍ പിറക്കാതിരിക്കട്ടെ ...
ഈ വനിതാ ദിനത്തിലെങ്കിലും ഒരു മാറ്റത്തിന്റെ ദീപശിഖ തെളിയട്ടെ ....

(note :ലോകത്തെ എല്ലാ പുരുഷന്മാരും ചീത്ത സ്വഭാവത്തിന് ഉടമകളല്ല ..പക്ഷേ ഒരു വ്യക്തി ഒരു സമൂഹത്തിന്റെ പ്രതിനിധീ ആയതു കൊണ്ട്  ഒരു വ്യക്തി ചെയ്യുന്ന തെറ്റ് ഒരു വിഭാഗത്തിന്റെ തന്നെ അധപ്പതനത്തിനു കാരണമാകുന്നു എന്നു മാത്രം )

4 comments:

  1. 👩വനിതാ ദിന ചിന്തകൾ👩
    ◇◆◇◆◇◆◇◆◇◆◇◆◇◆◇◆◇◆

    👩 ലോക വനിതകൾക്ക്‌ ആചന്ദ്രതാരം ആയുരാരോഗ്യ സൗഖ്യവും സർഗ്ഗാത്മക ചിന്തകളും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.

    👩 മക്കളുടെ നെറുകയിൽ കൈവച്ച്‌ "യഥോ ധർമ്മഃ സ്ഥതോ ജയ" എന്ന് അനുഗ്രഹിക്കുവാനുള്ള ഗാന്ധാരീ വീര്യം ഓരോ അമ്മമാർക്കും കൈവരട്ടെ.

    👩 സീതാരാമന്മാരോടൊപ്പം വനവാസത്തിനു പോകുന്ന ലക്ഷ്മണനോട്‌ "രാമം ദശരഥം വിദ്ധിം മാം വിദ്ധിം ജനകാത്മജ " എന്ന് ഉപദേശിച്ച സുമിത്രാദേവിയുടെ ദീർഘവീക്ഷണം മങ്കമാർക്ക്‌ മാതൃകയാകട്ടെ.

    👩 പൊതുവേദിയിൽ അപമാനിച്ച 'ദുശ്ശാസനന്റെ മാറിടം പിളർന്ന് ചുടുരക്തത്തിൽ മുക്കിയ കൈകൾകൊണ്ടേ തന്റെ അഴിഞ്ഞ കാർക്കൂന്തൽ ബന്ധിക്കൂ' എന്ന് ശപഥം ചെയ്ത ദ്രൗപതി സഹോദരിമാർക്ക്‌ സന്ദേശമാകട്ടെ.

    👩 ഭർത്തൃ ധർമ്മമാണു പത്നി ധർമ്മവും എന്ന് മനസ്സിലാക്കി എല്ലാ രാജകീയ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്‌ വനവാസത്തിനു തയ്യാറായ സീതാദേവിമാർ വീണ്ടും ഉയിർത്തെഴുന്നേൽക്കട്ടെ.

    👩 ദില്ലിയിലെ നിർഭയയും ഷൊർണ്ണൂരിലെ സൗമ്യയും സഹോദരി അഭയയും പുത്രി മലാലയും ആവർത്തിക്കപ്പെടാത്ത ദുഃസ്വപ്നങ്ങളായി മറയട്ടെ.

    👩 ഭുവനേശ്വരി ദേവിയും ജീജാഭായിയും ജാൻസി റാണിയും പന്നാമാതാവും റാണി പത്മിനിയും ഉണ്ണിയാർച്ചയും, എത്രയെത്ര ധീര വനിതക്കൾ നമുക്ക്‌ ആവേശവും അദർശവും നൽകുവാനുണ്ട്‌. അവരെയോർത്ത്‌ ഈ ദിനത്തിൽ നമുക്ക്‌ അഭിമാനിക്കാം...
    (കടപ്പാട്‌.)

    ReplyDelete
    Replies
    1. ഈ ചിന്തകൾ വെറും ചിന്തകളായി മാത്രം അവശേഷിക്കാതിരിക്കട്ടെ....!

      Delete
  2. വേശ്യാ വൃത്തി നിയമ വിധേയമാക്കണം. ഫ്രീ സെക്സ് അനുവദിക്കണം. നവ്യ നായർ എന്ന സ്ത്രീ പറഞ്ഞതാണ്. ഭോഗ വസ്തു എന്ന ലേബലിൽ നിന്നും മാറാൻ എന്നിട്ടും സ്ത്രീക്ക് വയ്യ.

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......