ഒരു പേരില്ലാ കഥ ...
( Note : ഒരുപാട് ആലോചിച്ചിട്ടും ഈ കഥയ്ക്കൊരു പേര് കണ്ടെത്താൻ കഴിയുന്നില്ല ...അത് കൊണ്ട് ഇതൊരു പേരില്ലാ കഥയായി കിടന്നോട്ടെ ..... )
ഇളം തവിട്ടു നിറത്തിലുള്ള കൃഷ്ണമണികള്‍ ...തീക്ഷ്ണമായ നോട്ടം .അറ്റം വിടര്‍ന്ന നീണ്ട നാസിക ..വശങ്ങളിലേക്ക് ചെറുതായൊന്നു പിരിച്ചു വച്ച മീശയും നേര്‍ത്തു ഇടതൂര്‍ന്ന താടിയും ..വിടര്‍ന്ന മാറിടം ..നീണ്ട മനോഹരമായ വിരലുകളോട് കൂടിയ ധ്രിടമായ കരങ്ങള്‍ ...പെണ്‍കുട്ടികള്‍ക്ക് മാത്രമേ മനോഹരമായ വിരലുകള്‍ ഉണ്ടാകു എന്ന എന്റെ ധാരണയെ ആ വിരലുകള്‍ മാറ്റി...... എല്ലാത്തിനുമൊടുവില്‍ ഒരു നിഗൂഡമായ പുഞ്ചിരിയും ....തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം തികഞ്ഞ ആണൊരുത്തന്‍ ...അങ്ങനെ ഒരാള്‍ ഭൂമിയിലുണ്ടാകുമോ...??? ഉണ്ടെങ്കില്‍ അത് അവന്‍ ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം ...
മനോഹര്‍ എന്നല്ലാതെ മറ്റെന്തു പേരാണ് ഇവന് യോജിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ...പക്ഷെ പകരം വയ്ക്കാൻ മറ്റൊരു പേര് ..അതിന്നും അന്യം തന്നെ .
പെണ്‍കുട്ടികളുടെ മാത്രം സൗന്ദര്യം ആസ്വദിച്ചിരുന്ന ഞാന്‍ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പുരുഷ സൗന്ദര്യത്തെ വര്‍ണിക്കുന്നത്...അതും വളരെ വൈകിയുള്ള വര്‍ണന ....
മേരി മദര്‍ പറയുന്നത് ശരിയാണ് ..ആണ്‍കുട്ടികള്‍ തന്നെയാണ് സുന്ദരന്മാര്‍ ...ചാന്ദും വളയും മാലയുമില്ലാതെ പെണ്ണിനെന്ത് ചന്ദം ....???? അണിഞ്ഞൊരുങ്ങലിന്റെ മൂട്പടങ്ങളില്ലാതെയുള്ള നൈസര്‍ഗ്ഗികമായ സൗന്ദര്യം എന്നും ആണിന് തന്നെ .....പെണ്ണിനഴക് നീണ്ടു ഇടതൂര്‍ന്ന കാര്‍ക്കൂന്തല്‍ എങ്കില്‍ ആണിനത് നേര്‍ത്ത താടിമീശയാണ് .....മേരി മദര്‍ ഇതൊക്കെ എങ്ങനെ കണ്ടെത്തി ...????താനിപ്പോള്‍ വീണ്ടും എന്തിനു ഇതൊക്കെ ഓര്‍ത്തെടുക്കുന്നു ....??? പാടില്ല ....തിരുവസ്ത്രത്തിന്റെ മഹനീയതയ്ക്കുള്ളില്‍ ഈ ചിന്തകള്‍ കടന്നു കയറിക്കൂടാ എന്ന് മേരി മദര്‍ പഠിപ്പിച്ചിട്ടുണ്ട് ..
ഒപ്പം മറ്റൊന്ന് കൂടി പറഞ്ഞു തന്നിരുന്നു ....പൂര്‍ണമനസ്സോടെയല്ലാതെ ആ വസ്ത്രത്തെ സ്വീകരിക്കരുതെന്നും ....സ്വീകരിക്കാനും , തിരസ്ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം അവസാന നിമിഷം വരെയും തനിക്കു സ്വന്തമാണെന്നും മദര്‍ ഓര്‍മിപ്പിച്ചിട്ടുമുണ്ട് ....ആ ഓര്‍മപ്പെടുത്തലുകള്‍ക്കുള്ളിൽ എവിടെയൊക്കെയോ ഒരു നഷ്ടബോധത്തിന്റെ തിരയിളക്കം തനിക്കു അനുഭവപ്പെട്ടിട്ടുണ്ട് ...പക്ഷെ ചോദിക്കാന്‍ ധൈര്യമുണ്ടായില്ല ....മനോഹര്‍ പറയുന്ന പോലെ ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നതാണ് നല്ലത് ....
കളങ്കമേതുമില്ലാത്ത അവന്റെ പ്രവൃത്തികള്‍ , ഈ ജീവിതം കൊണ്ട് എല്ലാവര്‍ക്കും നന്മകള്‍ ചെയ്യാന്‍ കഴിയണമേ എന്നുള്ള പ്രാര്‍ത്ഥന ...., മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം പുഞ്ചിരി നല്‍കുന്ന അധരങ്ങള്‍ ...സ്നേഹം നിറഞ്ഞ മിഴികള്‍ ....അവനെ കുറിച്ചു പറയുമ്പോള്‍ മാത്രം വാക്കുകള്‍ക്കു ക്ഷാമമില്ല ....അതെന്തു കൊണ്ടാണ് അങ്ങനെ ...?എവിടെ നിന്നോ വന്നു ഇവിടെയുള്ള എല്ലാവര്‍ക്കും വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറിയവനാണവന്‍ ..
എല്ലാവരും മനോഹറിനെ സ്നേഹിച്ചു ..താനും...ഓര്‍ഫനേജിലെ അമ്മമാര്‍ അവനെ മകനായി കണ്ടു , ചിലര്‍ ഒരു കൂടപ്പിറപ്പായി , മറ്റു ചിലര്‍ നല്ലൊരു സുഹൃത്തായി..താനോ ..?
മനോഹര്‍ തനിക്കു ആരൊക്കെയോ ആയിരുന്നു ...വാക്കുകള്‍ കൊണ്ട് ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രണയത്തിനുമപ്പുറത്തുള്ള ഒരു സ്നേഹം ..അതായിരുന്നു തനിക്കു അവനോട് ...ഒരു പക്ഷെ അവനു തന്നോടും ....സ്നേഹത്തിനു മതം ഇല്ല എന്നാണ് മേരി മദര്‍ പറയാറ്....പക്ഷെ ഈ ലോകത്ത് ജീവിക്കുമ്പോള്‍ സ്നേഹത്തിനു മതവും , നിറവുമൊക്കെ വേണം ..ഇല്ലേല്‍ സ്നേഹിക്കാന്‍ മാത്രമേ കഴിയു ...സ്നേഹിക്കപ്പെടാന്‍ കഴിയില്ല
എന്നാണ് മനോഹര്‍ പറഞ്ഞത്....
അലീനയുടെ മനോഹറിനെ പോലെ ഇവനും വളരെ നന്നായി പാട്ട് പാടുമായിരുന്നു .....പക്ഷെ ഓര്‍ഫനേജിലെ അമ്മമാര്‍ക്ക് വേണ്ടി മാത്രമേ അവന്‍ പാടാറുള്ളു...എന്നിട്ടും തനിക്കു വേണ്ടി അവന്‍ പാടി ...ഒന്നല്ല ,അതിലുമെത്രയോ അധികം തവണ ...അവന്റെ നോട്ടത്തില്‍ , സംസാരത്തില്‍ ഒക്കെയും ഒരു കുസൃതി ഉണ്ടായിരുന്നു ....നിഷ്കളങ്കനായ ഒരു കുഞ്ഞിന്‍റെതെന്നനെപ്പോലെ ....അവന്റെ പുഞ്ചിരി ...,ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞത് എങ്കിലും അത് വളരെ മനോഹരമായിരുന്നു . അവന്‍ ഒന്ന് പുഞ്ചിരിച്ചാല്‍ തിരികെ ഒരു ചിരി സമ്മാനിക്കാതെ പോകാന്‍ ഹൃദയമുള്ള ഒരു മനുഷ്യനും കഴിയില്ലായിരുന്നു ...ഇപ്പോഴും അവന്‍ തന്നെനോക്കി
ആരും കാണാതെ പുഞ്ചിരിക്കുന്നുണ്ട് ....എപ്പോഴത്തെയും പോലെ തന്നെ വളരെ മനോഹരമായി .......
" അന്നാ ....എന്തിനു വേണ്ടിയാണ് നീ ഈ തിരുവസ്ത്രം ധരിച്ചിരിക്കുന്നത്....? ഇഷ്ടമില്ലാത്ത ഒന്നിനെ സ്വന്തം ശരീരത്തോട് ഇങ്ങനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് നീയെന്തിനു നിന്നെ വഞ്ചിക്കുന്നു ...? സഭയുടെ നീതിക്ക് നിരക്കാത്ത വിധത്തില്‍ , കര്‍ത്താവിന്‍റെ മണവാട്ടിക്കു ചിന്തിക്കാന്‍ കഴിയാത്ത തരത്തില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുന്ന നീ എന്തിനു വേണ്ടി നിന്നെ ഈ വസ്ത്രത്തിനുള്ളില്‍ അടക്കി നിര്‍ത്തിയിരിക്കുന്നു ...? സ്വയം സ്വതന്ത്രയല്ലാത്ത നീ എങ്ങിനെയാണ് അന്നാ മറ്റുള്ളവരെ സ്വതന്ത്രര്‍ ആക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നത് ..?
" അറിയില്ല മനോഹര്‍ ..ഇതൊക്കെ വലിച്ചെറിഞ്ഞ് ഈ ലോകത്തിന്‍റെ മനോഹാരിതയിലേക്ക് പോകാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ട് ...പക്ഷെ കഴിയുന്നില്ല .....മനോഹര്‍ ചോദിച്ച പോലെ ഞാന്‍ എന്നെ അടക്കി നിര്‍ത്തിയിരിക്കുന്നതല്ല ....ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ...ഈ ബന്ധനം അത് ഞാന്‍ എന്നെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന സന്തോഷമാണ് ...."
പിന്നെ അവന്‍ ഒന്നും പറഞ്ഞില്ല ....പലപ്പോഴായി അവന്‍റെ കണ്ണുകള്‍ തന്നോട് പറയാതെ പലതും പറഞ്ഞിരിക്കുന്നു ...
" എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്‍ ഞാന്‍ പറയട്ടെ അന്നാ ...? സെമിത്തേരിയുടെ താഴെയുള്ള താഴ്വാരത്തെക്ക് ആ നീണ്ട വിരലുകള്‍ ചൂണ്ടി അവന്‍ തുടര്‍ന്നു ,,ദേ...ആ താഴ്വാരത്തിന്റെ ചെരുവിലൂടെ സ്വതന്ത്രയായി പറക്കുന്ന ഒരു പെണ്‍കിളി ...ആ പെണ്‍കിളിയെ നോക്കി ഇവിടിരുന്നു എനിക്ക് പാടണം ..."
അന്ന പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ..." മനോഹര്‍ ...ഇപ്പോള്‍ നീ പറഞ്ഞത് കേള്‍ക്കാന്‍ നല്ല സുഖമുണ്ട് ...കാണാന്‍ അതിലേറെയും ... പക്ഷെ അത് ഒരിക്കലും നടക്കാത്ത ഒരു മനോഹരമായ സ്വപ്നമായി തന്നെ അവശേഷിക്കും ..."
" ഒരിക്കലുമില്ല അന്നാ ....ഇത് വരെ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും സത്യമായിട്ടുണ്ട് ....ഇതും സത്യമാകും ...മറ്റൊരാള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഒരു ദൈവങ്ങളും തള്ളിക്കളയില്ല ....അന്ന എപ്പോഴും പറയില്ലേ എന്നോട് ...ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്തോ , അത് ദൈവം എനിക്ക് നല്‍കട്ടെ എന്ന് ... ഈ സ്വപ്നമാണ് അന്നാ എന്‍റെ ഏറ്റവും വലിയ സന്തോഷം ..."
" സ്വര്‍ഗസ്ഥനായ പിതാവ് ഈ പുണ്യാത്മാവിന്റെ സ്വപ്നം സാക്ഷാത്കരിക്കട്ടെ ...." കുരിശു വരച്ചു കൊണ്ട് അന്ന ഉറക്കെ ചിരിച്ചു , ഒപ്പം മനോഹറും ....
" അന്നാ ...നീയിതു എന്ത് ആലോചിച്ചു നില്‍ക്കുകയാണ് ..??കുരിശു വരയ്ക്കുന്നില്ലേ ...??? " മേരി മദറിന്റെ ശബ്ദം .
അന്ന നെടുതായൊന്നു ഞെട്ടി ....പിന്നെ പതിയെ തറയിലേക്കു കുനിഞ്ഞു മനോഹറിന്‍റെ നെറ്റിയില്‍ കുരിശു വരച്ചു പ്രാര്‍ഥിച്ചു .
" സ്വര്‍ഗസ്ഥനായ പിതാവേ ...ഇവന്‍റെ സ്വപ്നങ്ങളൊക്കെയും നീ പൂര്‍ത്തീകരിച്ചു കൊടുക്കേണമേ ....ഇവന് സ്വര്‍ഗത്തിലെ ഏറ്റവും മനോഹരമായ ഇരിപ്പിടം തന്നെ നല്‍കേണമേ ..."
പിന്നെയും എന്തൊക്കെയോ അവിടെ നടന്നു ...ഒടുവില്‍ ഒരു പിടി മണ്ണ് അവന്‍റെ മേല്‍ തൂവിയ ശേഷം അവള്‍ പള്ളിയിലേക്ക് നടന്നു ..തന്നെ കുരിശിലേറ്റിയവനു മാപ്പ് നല്‍കിയ ആ മഹാനുഭാവന്റെയടുക്കല്‍ ഒരു നേര്‍ത്ത കുമ്പസ്സാരം ....
മുറിയിലേക്ക് നടക്കവേ പിന്നില്‍ നിന്നും മേരി മദര്‍ വിളിച്ചത് പോലും അവള്‍ കേട്ടില്ല ....
" നീ നിന്നോട് നീതി പുലര്‍ത്താതിരിക്കുമ്പോള്‍ നീ നിന്നെ തന്നെ വഞ്ചിക്കുകയാണ് അന്നാ ....എല്ലാം നേടിയിട്ടും ഒടുവില്‍ ആത്മാവ് നഷ്ടപ്പെട്ടിട്ടു എന്ത് കാര്യം ..? മനസ്സ് പറയുന്നത് കേള്‍ക്കു അന്നാ ....നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു ...എന്നെ കുരിശിലേറ്റിയവരേക്കാള്‍ വലിയ തെറ്റൊന്നും നീ എന്നോട് ചെയ്തിട്ടില്ല കുഞ്ഞേ....ഭൂമിയില്‍ സ്വപ്‌നങ്ങള്‍ ബാക്കി വച്ചു പോയവര്‍ക്കായി സ്വര്‍ഗത്തില്‍ ഇരിപ്പിടമില്ലെന്ന സത്യം നീ മറക്കരുത് ....." കുമ്പസ്സാര കൂട്ടിലെ കുഞ്ഞേശു തനിക്കു അനുവാദം നല്‍കിയിരിക്കുന്നു ...
അന്ന മുറിയില്‍ കയറി വാതിലടച്ചു ..കട്ടിലിനടിയില്‍ കൂനിക്കൂടിയിരുന്ന ട്രങ്ക് പെട്ടി വലിച്ചെടുത്തു ...നീലയില്‍ ചുവന്ന പൂക്കള്‍ വിതറിയ മനോഹരമായ ഒരു സാരി അവള്‍ അതില്‍ നിന്നും പുറത്തേക്കെടുത്തു ...ആ സാരിക്ക് മനോഹറിന്‍റെ മണമായിരുന്നു ....വളരെ ഭംഗിയായി അവള്‍ ആ സാരി ഉടുത്തു ..
കര്‍ത്താവിനോടെന്തോ രഹസ്യം പറഞ്ഞു മേരി മദര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കണ്ടത് നീലയില്‍ ചുവന്ന ഫ്രില്ലു പിടിപ്പിച്ച ഫ്രോക്ക് ഇട്ടു നില്‍ക്കുന്ന ഒരു 12 വയസ്സുകാരിയെയാണ് ...എട്ടു വര്‍ഷം മുന്‍പ് കണ്ട ആ നിഷ്കളങ്കമായ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു ...മേരി മദര്‍ അവളുടെ മുഖം കൈക്കുടന്നയില്‍ എടുത്തു ആ മൂര്‍ധാവില്‍ മുകര്‍ന്നു ...
" എന്ത് പറ്റി മോളെ ? "
" പിടിച്ചു വയ്ക്കുന്നതിലല്ല , വിട്ടു കൊടുക്കുന്നതില്‍ ആണ് സ്നേഹത്തിന്റെ മഹത്വം എന്ന് മദര്‍ പറയാറില്ലേ...ഇന്നലെ മനോഹറും അത് തന്നെ എന്നോട് പറഞ്ഞു മദര്‍ .,അത് കൊണ്ട് ഞാനും തീരുമാനിച്ചു...എന്നെ സ്നേഹിക്കുന്നവന്റെ സന്തോഷത്തിനു വേണ്ടി എന്നെ തന്നെ വിട്ടുകൊടുക്കാന്‍ ...ചെയ്യുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല മദര്‍ .പക്ഷെ ഇതാണ് വേണ്ടതെന്നു മനസ്സ് പറയുന്നു ..."
മേരി മദര്‍ പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ മൃദുവായി തലോടി.
" നിനക്ക് ശരി എന്ന് തോന്നുന്നത് എന്തോ അതാണ് അന്നേ ശരി .ആ ശരി കണ്ടെത്താന്‍ കര്‍ത്താവ് നിന്നിലേക്ക് അയച്ചതാണ് മനോഹറിനെ ..അവന്‍ ഒരു നിമിത്തം മാത്രം ..നിനക്ക് നല്ലതേ വരൂ ."
അവളെ ചേര്‍ത്ത് പിടിച്ചു അവള്‍ക്കൊരു ചുംബനം നല്‍കിയ ശേഷം മേരി മദര്‍ അവിടുന്ന് നടന്നകന്നു .
അന്തിചോപ്പിന്റെ മനോഹാരിതയിലേക്ക് ആകാശം വഴിമാറി .അന്ന തീര്‍ത്തും സംതൃപ്തയായി താഴ്വാരത്തൂടെ നടന്നു...
മനോഹറിനു പൂക്കള്‍ സമ്മാനിച്ചുകൊണ്ട് അവസാനത്തെ അമ്മയും അകന്നു പോകുന്നത് കാണാന്‍ കാര്‍മേഘങ്ങള്‍ കാത്തു നിന്നു ....
പിന്നെ ഒരു പേമാരിയായിരുന്നു .....സ്വര്‍ഗത്തിന്‍റെ കവാടങ്ങള്‍ മനോഹറിനു മുന്നില്‍ തുറക്കപ്പെട്ടു.....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......