Tuesday, 10 November 2015

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്...


ആഴിക്കുളിരിന്റെ  ആഴത്തിനുള്ളിലെ 
അമ്മക്കഥയുടെ പൊരുൾ തേടി ,
ആരോരുമറിയാതെ പോയോ നീ-
യൊരു നാളിൽ തോണിയിലേറി മെല്ലെ .

പവിഴക്കുടകീഴിലുറങ്ങും  പളുങ്കിന്റെ 
പരിമളം തേടി നീ പോയതാണോ ...?
ഏഴാം കടലിനുമക്കരെ  കാണുന്ന 
മാളിക നിന്നെ വിളിച്ചതാണോ ..?

അമ്പിളി മാമനെ കുമ്പിളിൽ കാട്ടി-
യിട്ടമ്മ താരാട്ടുമോമന പൈതൽ നീ .
അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ 
തനയ വിശ്വാസത്തിൻ കാതലും നീ .

മതമില്ല , ജാതിയും നിറവുമില്ലോമനെ
ദേവ പൂവാടി തൻ കുളിരാണ് നീ ...
വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും 
സ്മേരത്തിൻ കൂരമ്പും നിനക്കന്യമല്ലോ ...

ആരോ തൊടുത്തിട്ട ക്രൂരമാമമ്പിനാൽ 
ഇഹലോകം നിന്നിലെ സ്വപ്നമായോ ....
തിരകളാൽ താരാട്ടി , കാറ്റിനാൽ  നീരൂട്ടി
തീരത്തണഞ്ഞു നീ വിശ്വത്തിൻ നോവായി ...

ഉറങ്ങു നീയെല്ലാം മറന്നിടാൻ ...
ഉണരൂ നീ മാറ്റത്തിൻ കാവലാകാൻ ....
നീ മറഞ്ഞെങ്കിലും , മായുകില്ല ..
ഐലാൻ ..നീ ഞങ്ങളിൽ ജീവിച്ചിടും ..

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......