Wednesday 30 March 2016

വിശ്വാസം അതല്ലേ എല്ലാം ...??

വിശ്വാസം അതല്ലേ എല്ലാം ...! ????

അഞ്ചു വർഷത്തിനു ശേഷം ഒരു സർട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയിക്കുന്നതിനായി പഠിച്ചിരുന്ന സ്കൂളിലേക്ക്  ഒരു സുപ്രഭാതത്തിൽ കയറി ചെല്ലേണ്ട ആവശ്യം വന്നു .ഒറ്റ നോട്ടത്തിൽ തന്നെ ബെന്നിച്ചൻ എന്നെ അങ്ങ് ഓർത്തെടുക്കുകയും ചെയ്തു . എന്തിനാണ് മോളെ വന്നതെന്ന ചോദ്യവും , സുഖമാണോ എന്ന അന്വേഷണവും ....ആ പഴയ സ്കൂൾ വിദ്യാർഥിയായി മാറിയ സുഖം ....(മാഷിനെ കുറിച്ചു ഒരു കഥ തന്നെ എഴുതാനുണ്ട് , അത് പിന്നീട് എപ്പോളെങ്കിലും ആകാം )
അറ്റസ്റ്റ് ചെയാൻ വേണ്ടി മാഷിന് നേർക്ക്‌ സർട്ടിഫിക്കറ്റ് ഒക്കെ നീട്ടി .
ഞാൻ കൊടുത്തത് എന്താണ് , ഏതാണ് എന്ന് പോലും നോക്കാതെ എല്ലാത്തിലും ബെന്നിച്ചൻ ഒപ്പുമിട്ടു സീലുമടിച്ചു തന്നു ..

അന്തം വിട്ടു നില്ക്കുന്ന എന്നെ നോക്കി ബെന്നിച്ചൻ ചോദിച്ചു
"എന്നാടാ,നീ ഇങ്ങനെ നോക്കുന്നെ ..?ഇനി ഒപ്പിടാൻ ഏതേലും വിട്ടു പോയോ .?"

" അല്ല മാഷെ ...., ഞാൻ തന്നത് എന്താനെന്നെങ്ങനും നോക്കിയോ ...? അതിന്റെ ഒറിജിനൽ എവിടെ എന്ന് പോലും ചോദിക്കാതെ എന്ത് ധൈര്യത്തിലാ  മാഷെനിക്ക് ഒപ്പിട്ടൊക്കെ തന്നത് ...? ഞാൻ വല്ല കള്ള പേപ്പറും ഒപ്പിട്ടു വാങ്ങാൻ വന്നതാണെങ്കിലോ ...??? "

അദ്ദേഹം കസേരയിൽ പുറകിലെക്കൊന്നു ചാരിയിരുന്നു .പിന്നെ എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ...എന്നിട്ട് ഇങ്ങനെ ചോദിച്ചു 

" എടാ ...ഈ ലോകത്ത് നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്നത് ആരെയാണെന്ന് അറിയാവോ ...? "

"അതിപ്പോൾ ..., ആരെയാമാഷെ ...സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റില്ലല്ലോ ....പിന്നെങ്ങന ....?"

വീണ്ടും അദ്ദേഹം പുഞ്ചിരിച്ചു ..പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റു .

" ഈ ലോകത്ത് നമുക്ക് കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്നത്  ഒരേ ഒരു കൂട്ടരെയാ....നമ്മുടെ മക്കളെ ...നീയെന്റെ കുട്ടിയല്ലേ .....നിന്നെ വിശ്വസിച്ചില്ലെങ്കിൽ  പിന്നെ ഞാൻ ആരെയാടാ വിശ്വസിക്കെണ്ടേ ....?? "

അതും പറഞ്ഞു എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചു പോയ ആ മനുഷ്യന്റെ മുഖം ഇന്നും ഞാൻ മറന്നിട്ടില്ല ....മാഷിന്റെ വിശ്വാസം ഈശ്വരൻ കാത്തു സംരക്ഷിക്കട്ടെ ...." 

വിശ്വാസം , ആ വാക്കിനു വല്ലാത്തൊരു ശക്തിയുണ്ട് . അപരിചിതരെ പരിചിതർ ആക്കാനും , ചിരപരിചിതരെ എന്നെന്നേക്കുമായി അപരിചിതരാക്കാനും കഴിയുന്ന അത്രയും ശക്തി .

"വിശ്വാസം അതല്ലേ എല്ലാം ..." എന്ന പരസ്യവാചകം സ്വർണം കൊണ്ട് ഹൃദയത്തിലെഴുതാത്ത  ഒരൊറ്റ ആഭരണ പ്രേമിയെങ്കിലും നമുക്കിടയിൽ കാണുമോ ...? 

അതെ , വിശ്വാസമാണ് എല്ലാം ..ഈ ജീവിതം തന്നെ   നാളെ എന്ന പ്രതീക്ഷയുടെ പൂർണതയിലുള്ള വിശ്വാസം അല്ലെ ...

ഇരുട്ടത്ത് നമ്മെ തനിച്ചാക്കി പോകുന്ന സ്വന്തം നിഴലിനെ പോലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല .അപ്പോളാണോ മറ്റൊരു വ്യക്തിയെ വിശ്വസിക്കുക , ,,?
വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽ മനസ്സ് കൊണ്ട് തീർക്കുന്ന ഒരു നൂൽപ്പാലമുണ്ട്......
ആ അദ്രിശ്യമായ ചരടാണ്‌ ഓരോ ബന്ധത്തിന്റെയും അടിത്തറ ......
എന്നെങ്കിലുമൊരിക്കൽ ആ ചരട് പൊട്ടിയെന്നു തിരിച്ചറിയുന്ന നിമിഷം വരെ അസത്യങ്ങളെ പോലും നാം നഗ്നസത്യങ്ങളെന്നു വിശ്വസിക്കും .......
കണ്ണുമടച്ചു ഒരുപാട് വിശ്വസിച്ചിരുന്ന ഒരാള് നമ്മെ വഞ്ചിച്ചു എന്ന തിരിച്ചറിവ് നമ്മെ വല്ലാതെ തളർത്തിക്കളയും ....നമ്മൾ തോറ്റു പോയെന്ന തോന്നൽ ഉണ്ടാക്കും ......അതൊരു വല്ലാത്ത അവസ്ഥയാണ് .അനുഭവിക്കുന്നവർക്ക് മാത്രം മനസിലാകുന്ന ചില വൈകാരിക നിമിഷങ്ങളിൽ ഒന്നാണ് അതും ...


നമുക്ക് ഒരാളിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെടാത്തിടത്തോളം കാലം അയാളെ പരിപൂർണമായി വിശ്വസിക്കുക , മറ്റുള്ള വ്യക്തികളുടെ വാക്കുകളിലോ , അവർ നിരത്തുന്ന തെളിവുകളിലോ അല്ല , നമ്മുടെ മനസാക്ഷി ഒരുവനെ  കുറിച്ചു നമുക്ക് നല്കുന്ന തെളിവുകളിലൂടെ വേണം നാം ഒരാളെ വിശ്വസിക്കാൻ ..., ഒരു പക്ഷെ വൈകിയാവും   വഞ്ചിക്കപ്പെട്ടു എന്ന് നാം തിരിച്ചറിയുന്നത് , എങ്കിലും മറ്റാരുടെയോ വാക്കിൻ പുറത്തുണ്ടാകുന്ന തെറ്റിദ്ധാരണയാൽ -കുറ്റക്കാരനാകും മുൻപേ ഒരാളെ അവിശ്വസിക്കുന്നതിലും നല്ലത്  , അല്പം വൈകി ആണെങ്കിലും സത്യം മനസ്സിലായ ശേഷം അയാളെ അവിശ്വസിക്കുന്നത്  തന്നെയല്ലേ ....??? 
(എല്ലായിപ്പോഴും അങ്ങനെ ചെയ്താലും ശരിയാകില്ല , ചിലതൊക്കെ മുളയിലെ തന്നെ നുള്ളാൻ തയാറായി , മുൻകരുതലോടെ നില്ക്കുന്നതാകും നല്ലത് )

നമ്മളെ വിശ്വസിക്കുന്നവരെ വാക്ക് കൊണ്ടോ , നോക്ക് കൊണ്ടോ പോലും വഞ്ചിക്കാതിരിക്കുക .നമ്മിലുള്ള ആ വിശ്വാസം ആണ് അവരുടെ ശക്തി , അതിനെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു പ്രവൃത്തിയും നമ്മിൽ നിന്നും ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക ...

പൊട്ടനെ ചട്ടൻ ചതിച്ചാൽ , ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ ചൊല്ല്.

മാഷിന്റെ ആ പുഞ്ചിരിയും , ഹൃദയം നിറഞ്ഞുള്ള അനുഗ്രഹവും . അതിനെയാണ് വിശ്വാസം എന്ന് വിളിക്കേണ്ടത് .  

വളരെ കുറച്ചു നാളത്തെ  പരിചയം കൊണ്ട് മാത്രം നമ്മളെ കണ്ണുമടച്ചു വിശ്വസിക്കുന്ന ഒരാളെ സുഹൃത്തായി കിട്ടുക ഒരു അനുഗ്രഹമാണ്  ...
വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഇന്നും അനുഗ്രഹങ്ങളായി നെഞ്ചോടു ചേർത്തു നിർത്താനുള്ള ഭാഗ്യം സർവേശ്വരൻ എനിക്ക് നല്കിയിട്ടുണ്ട് , അതെന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ ....!

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......