Tuesday, 5 April 2016

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!

അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!


പകരം വയ്ക്കാൻ പറ്റാത്ത ചില അമൂല്യമായ നിധികൾ ജന്മം കൊണ്ട് നേടിയെടുത്തവരാണ് നമ്മൾ മനുഷ്യർ.പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിലും , സാഹചര്യങ്ങളുടെ കൈകടത്തലുകളിലും പെട്ട് ആ നിധികളെയൊക്കെ നമ്മൾ പോലുമറിയാതെ നമ്മൾ ചിലപ്പോൾ നഷ്ടപ്പെടുത്തിക്കളയാറുണ്ട്.....പിന്നീടു ആ നിധിയെക്കാൾ  വലുതല്ല നേടിയതൊന്നും , എന്ന തിരിച്ചറിവുണ്ടാകുമ്പോളെക്കും നികത്താൻ കഴിയാത്ത വലിയൊരു നഷ്ടമായി അത് നമ്മെ കാർന്നു തിന്നു കളയും.....ഇപ്പറഞ്ഞത്‌ പല തവണയായി പല രീതിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ....ആവർത്തന വിരസത ....!!!!

ആ നിധിയാണ്‌ ഇന്നത്തെ വിഷയം ...കുറച്ചു നാൾ മുൻപ് കരുണാലയത്തിലേക്ക്  ഒരു യാത്ര പോയിരുന്നു ..അന്നെന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചത് കുഞ്ഞുങ്ങളായിരുന്നു ..അനാഥരായ കുഞ്ഞുങ്ങൾ... ആ അനാഥത്വമാണ് ഏറ്റവും വലിയ വേദന എന്നായിരുന്നു അന്ന് തോന്നിയത് ...എന്നാൽ ഇന്ന് ...??

ആരുമില്ലാതെ അനാഥരെപ്പോലെ ജീവിക്കുന്ന , ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുകയും , വികാരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒട്ടിച്ച പുഞ്ചിരി സമ്മാനിക്കുകയും ചെയുന്ന കുറെ മനുഷ്യരൂപങ്ങളെ ഇന്ന് കണ്ടു .......
അനാഥരായ കുഞ്ഞുങ്ങളെക്കാൾ വേദനിക്കുന്ന , സനാഥരായ മാതാപിതാക്കളെ .......
തന്റെ സർവ സൗഭാഗ്യങ്ങളും ഉദരത്തിൽ നിന്നും പിറന്നു വീണ ഉയിരിന്റെ പാതിക്കു നല്കി ഒടുവിൽ ഒന്നുമില്ലാതെ പോയ കുറെ അനാഥ ജന്മങ്ങൾ ........
ആശ്രമങ്ങളും , അഗതി മന്ദിരങ്ങളും ഉള്ളത് കൊണ്ട് മാത്രം ഇന്നും ജീവിക്കുന്ന കുറെ അച്ഛനമ്മമാർ .....!

പഴകി തേഞ്ഞ വസ്തുക്കളെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞു പുതിയ വസ്തുക്കൾ വാങ്ങി വീട് മനോഹരമാക്കുന്ന കൂട്ടത്തിൽ നിറം മങ്ങിയ ഒരു മനുഷ്യ ജന്മത്തെ കൂടെ വലിച്ചെറിഞ്ഞു ,,,,,
ഉള്ളിലെവിടെയോ ഒരല്പം കരുണ അണയാതെ നിന്ന് പോയത് കൊണ്ടാണോ , അതോ ഇത്രയും വളർത്തി വലുതാക്കിയതിനു കൊടുക്കുന്ന സമ്മാനമാണോ എന്നറിയില്ല , അവർക്ക് മാസാമാസം അയച്ചു കിട്ടുന്ന സമ്മാന തുക ....

ആ സമ്മാനത്തുകയുടെ വലിപ്പത്തിൽ മക്കളുടെ വലിയ മനസ്സിന്റെ കഥ പറഞ്ഞു സ്വയം ആശ്വസിക്കുന്ന കുറെ അച്ഛനമ്മമാർ .......കരയണമോ , അതോ അവരുടെ വിധിയെ കുറിച്ചോർത്തു സഹതപിക്കണോ ...??
അറിയില്ല ....ഇന്നലെ വരെ താൻ മാറോടു ചേർത്തവർക്ക് ഇന്ന് താൻ ആരുമല്ലെന്നു തിരിച്ചറിയുമ്പോൾ ആ മനസ്സിനുണ്ടാകുന്ന വേദന ....
നാളെ തനിക്കും ഇതേ അവസ്ഥ വരാം എന്ന് ഒരു നിമിഷത്തേക്ക് എങ്കിലും ഇവരൊക്കെ ഓർക്കുന്നുണ്ടോ....?


എനിക്കുമുണ്ട് ഒരമ്മ ....
സ്വന്തം വയറിന്റെ വിശപ്പ്‌ സഹിച്ചും എന്നെ ഊട്ടുന്ന  ഒരമ്മ ....
നിറം മങ്ങിയ സ്വന്തം വസ്ത്രത്തെ മറന്നു എനിക്ക് വേണ്ടി നിറമുള്ള വസ്ത്രങ്ങൾ തുന്നി തരുന്ന ഒരമ്മ ....
സ്വന്തം മുറിവിനെ അവഗണിച്ചു എന്റെ മുറിവിൽ മരുന്ന് വച്ചു എന്റെ വേദനയെ ആറി തണുപ്പിക്കുന്ന ഒരമ്മ .....
എന്നെ ജനിപ്പിച്ച അമ്മയാണോ ..., അതോ എനിക്ക് വേണ്ടി ജനിച്ച അമ്മയാണോ എന്ന സംശയം എന്റെ ഉള്ളിൽ എന്നും നിലനിർത്തി നിബന്ധനകളില്ലാതെ എന്നെ സ്നേഹിക്കുന്ന ഒരമ്മ ....

ഇന്നലെ വരെ എന്റെ അരികിൽ ചേർന്ന് നിന്നപ്പോൾ അമ്മയോട് വഴക്കിട്ടിരുന്ന ഒരു വഴക്കാളിയായിരുന്നു ഞാൻ ....
എന്നാൽ ഇന്ന് , കയെത്തുന്ന ദൂരത്തു , ഒന്ന് വിളിച്ചാൽ കേൾക്കുന്ന അകലത്തു അമ്മ ഉണ്ടെങ്കിലും ആ അകലത്തിന് ഏറെ ദൂരമുണ്ടെന്ന തോന്നൽ.....
അമ്മയുടെ ശബ്ദം കേൾക്കാതെ ഒരു ദിവസം പോലും പൂർണമാകാത്ത അവസ്ഥ ......

വഴക്കിട്ടിരുന്നെങ്കിലും , ദേഷ്യം കാണിച്ചിരുന്നെങ്കിലും ഈ നിമിഷം ഞാൻ തിരിച്ചറിയുന്നു ....
പ്രിയപ്പെട്ട ഉമ്മാ ....ഞാൻ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ....
നിങ്ങളില്ലെങ്കിൽ അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന്...
നിങ്ങളാണ് എന്റെ ഏറ്റവും നല്ല സുഹൃത്തെന്ന്....

ജീവനും ശ്വാസവും എനിക്കായി പകുത്തു നല്കിയവളെ ..... ,
നിന്റെ സ്നേഹത്തിനു പകരമാകില്ല മറ്റൊന്നും .....
നീയില്ലെങ്കിൽ ഞാനില്ല ..
നീയാണ് നിത്യസത്യം .....
അമ്മേ ...., ഇനിയും ഏഴു ജന്മങ്ങൾ കൂടി നിന്റെ നെഞ്ചോടു ചേരാൻ കഴിഞ്ഞുവെങ്കിൽ .........!!!!!


No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......