ഒന്നു മരിക്കണമെനിക്ക്....!
ഒന്നു മരിക്കണമെനിക്ക് ,ഒരിക്കൽ കൂടി ജനിക്കുവാൻ ....
വിണ്ടു കീറാത്ത ഭൂമി തൻ മാറിൽ ,
അന്തമില്ലാത്തൊരാകാശക്കീഴിൽ,
ഒട്ടും ഭയക്കാതോരന്തിക്കു എല്ലാം മറന്നുറങ്ങുവാൻ
ഒരു പെണ്ണായി വീണ്ടും പിറക്കുവാൻ
ഒന്ന് മരിക്കണമെനിക്ക് ....
ഒരു വാല്നക്ഷത്രമായച്ഛന്റെയുള്ളിൽ പിറക്കണം .
ഒരു നൂലിഴത്തുമ്പിലൂടമ്മതൻ ചില്ലയിൽ ചേക്കേറണം .
അച്ഛന്റെയുമ്മകൾ ഏറ്റുവാങ്ങി,
അമ്മത്തലോടലിൻ കുളിരിൽ മുങ്ങി,
ഉണ്ണിക്കിടാവായ് കുഞ്ഞിക്കുളത്തിൽ
ഉള്ളം നിറയുവോളം നീരാടണം .
ഒൻപതിനന്ത്യത്തിൽ കണ്മണി പൈതലായി
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയണം .
താതന്റെ കൈവിരൽ തുമ്പൊരു താങ്ങായി
പിഞ്ചിളം പാദങ്ങൾ മണ്ണിനെ പുണരണം ..
കുഞ്ഞരി പല്ലുകൾ കൊഞ്ചല് കാട്ടുമ്പോൾ
ഉള്ളം നിറഞ്ഞമ്മ പുഞ്ചിരിക്കേണം ..
അമ്മയെ നന്മയായി ,അച്ഛനെ ഉണ്മയായി
ഒരു തുള്ളി ചോപ്പിനാൽ പൂക്കളം തീർക്കണം ...
നീലാകാശമേ ...നിന്റെ കൂടെ അന്തമില്ലാതെനിക്കും ഉയരണം .
ആഴിക്കുളിരേ....നിന്റെ ഉടലിനെ ആവേശത്തോടെ പുണരണം.
"പെണ്ണാണ് നീ....,അരുതെന്നു" ചൊല്ലുന്ന നാവിനെ
ഒരു നോക്കിനാൽ നിശബ്ദമാക്കാൻ കരുത്തേകണം ..
"പെണ്ണേ ,ചിരിക്കരുത് ...കരയരുത് .....
അടക്കമായി ,ഒതുക്കമായി ,ആടാതെ ,കുഴയാതെ
ആണിനെ നോക്കാതെ , ആടകളുടയാതെ
നമ്രശിരസ്കയായി നടന്നിടേണം "
"കീറി പറിച്ചാലും, കൊത്തി വലിച്ചാലും
കണ്ണീരിനാൽ നീ കദനം മറക്കണം .."
കാലം പഠിപ്പിച്ച വാക്കിന്റെ മുനകളെ
കണ്ണകിയായി കത്തിച്ചു ചാമ്പലാക്കാൻ ..,
പാതിവ്രത്യം കൊതിച്ചൊരു പാവന സീതയായി
രാമനെ വേൽക്കാതെ ,ഭൂതലം പൂകാതെ പവിത്രയാകാൻ ...
ഉടയാടയഴിയാതെ നയനാഗ്നിയാൽ-പെണ്ണിന്റെ ഉടമയായി
ഉടൽമൂടി ഉയിർകൊള്ളും പാഞ്ചാലിയായി മാറുവാൻ ......
കൂരിരുൾ മടകളിൽ കാമം കൊതിക്കുന്ന
കാലന്റെ , - കാലനായി കുതികൊള്ളുവാൻ....,
കൊത്തിപ്പറിക്കുവാൻ , കത്തിച്ചൊടുക്കുവാൻ
കീറിമുറിക്കുവാൻ ,കാറിക്കടിക്കുവാൻ.... ,
കൗശലം മൂപ്പിച്ച കണ്ണിൽ കനിവിന്റെ വിഷം പുരട്ടി-
യെന്റെ ഗാത്രം കൊതിക്കുന്ന നര ജന്മ -
മോഹങ്ങൾക്കിരയാകുവാതിരിക്കാൻ.....,
ഒന്ന് മരിക്കണമെനിക്ക് ......,
ഒന്ന് മരിക്കണമെനിക്ക് ......,
ഒരു പെണ്ണായി വീണ്ടും പിറക്കണമെനിക്ക് ....
ഈ ഭൂമിയെന്റെയെന്നുറക്കെ ചൊല്ലണമെനിക്ക് ...
മതിവരുവോളം പാറി പറന്നു നടക്കണമെനിക്ക് .......
മകളായി ...പ്രിയതയായി ...ഭാര്യയായമ്മയായി
ഒരു കുലം കാക്കുന്ന ദൈവമായി കൊതി തീരെ വരം തേടണമെനിക്ക് ...
ഒരു പെണ്ണായി വീണ്ടും പിറക്കണമെനിക്ക് .......!!!!!!!!!!!!!!
bismitha@njangandhialla
വീണ്ടും ബിസ്മിതാ ........ ഉഗ്രൻ....... ഇനിയും പ്രതീക്ഷിക്കുന്നു
ReplyDeletethankyouu......
Delete