Tuesday 6 August 2019

അമ്മിഞ്ഞപ്പാലിൻ തൂവെണ്മ പോലെ ...!

അമ്മിഞ്ഞപ്പാലിൻ തൂവെണ്മ പോലെ ...!



"മാതാവിൻ വാത്സല്യ ദുഗ്ദ്ധം നുകർന്നാലേ ,പൈതങ്ങൾ പൂർണ വളർച്ചയെത്തു...
അമ്മ താൻ തന്നെ പകർന്നു തരുമ്പോഴേ, നമ്മൾക്കമൃതുമമൃതമായ് തോന്നു.."

എന്ന് പാടിയ കവി ഉദ്ദേശിച്ചത് എന്തുമാകട്ടെ,പക്ഷെ അതിലൊരു സത്യമുണ്ട്...അമ്മ എന്ന സത്യം,അമ്മിഞ്ഞ പാലിന്റെ മാധുര്യത്തോടൊപ്പം മനസ്സിൽ നിറഞ്ഞു കത്തുന്ന അമ്മയെന്ന മഹാ സത്യം...നമ്മുടെയെല്ലാം നാവിന്റെ ആദ്യ രുചി,ജീവന്റെ തുടിപ്പിനെ ആറു മാസക്കാലത്തോളം പിടിച്ചു നിർത്തുന്ന അമൃത്-അതാണ് മുലപ്പാൽ..ആ മുലപ്പാൽ  ഒരു അമ്മ-മകൻ/മകൾ ബന്ധത്തിന്റെ അടിസ്ഥാനം തന്നെയാണ്..

ആ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാനായി-മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമായി ഓഗസ്റ്റ് 1മുതൽ7വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുകയാണ്..മാതാപിതാക്കളെ ശാക്തീകരിക്കുക,മുലയൂട്ടല്‍ പ്രാപ്തമാക്കുക(empower parents, enable breast feeding) എന്നതാണ് 2019ലെ മുലയൂട്ടല്‍ വാരം ഉയര്‍ത്തുന്ന സന്ദേശം..ഇതിനായി ശമ്പളത്തോടെയുള്ള പ്രസവാവധി 6  മാസം,പേരന്റ് ഫ്രണ്ട്‌ലി വര്‍ക്ക്‌പ്ലേസ് എന്നീ നിര്‍ദ്ദേശങ്ങൾ  ലോകാരോഗ്യസംഘടന മുന്നോട്ട് വെയ്ക്കുന്നു.കുഞ്ഞിന് വേണ്ട പോഷകങ്ങൾ,പ്രതിരോധ ശേഷിക്കുവേണ്ട ആന്റിബോഡികള്‍,ശിശുരോഗ സാധ്യതകൾ ഒഴിവാക്കൽ  എന്നിവയ്‌ക്കെല്ലാമുള്ള ഉത്തമ പരിഹാരമാണ് ജനിച്ചു 1  മണിക്കൂർ മുതൽ 6  മാസം വരെയുള്ള മുലപ്പാൽ നൽകൽ.കുഞ്ഞുങ്ങളുടെ ആരോഗ്യത്തോടൊപ്പം അമ്മയുടെ ആരോഗ്യവും ,മാതാവും-കുഞ്ഞുമായുള്ള ആത്മബന്ധവും വളരാൻ മുലപ്പാൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.മിക്കവാറും അമ്മമാരും ഇന്ന് ജോലിക്ക് പോകുന്നവരാണ്.സൗന്ദര്യ സങ്കല്‍പ്പങ്ങളും,ജോലി തിരക്കുകളും കാരണം മുലയൂട്ടല്‍ ഒഴിവാക്കി ടിൻ  പൗഡർ കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂജെൻ  അമ്മമാര്‍ നിരവധിയാണ് നമുക്ക് ചുറ്റും.ഇത് കുഞ്ഞിന്റെ മാത്രമല്ല,അമ്മയുടെ ആരോഗ്യത്തെ പോലും ദോഷകരമായി ബാധിച്ചേക്കാം.കുഞ്ഞിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതോടൊപ്പം,അമ്മയ്ക്കു സ്തനാർബുദ  സാധ്യതകളും,ആർത്തവചക്രത്തിൽ  അസ്വസ്ഥതകളും,ഹോർമോൺ  വ്യതിയാനങ്ങളും ഇത് കാരണം ഉണ്ടായേക്കാം..കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി അമ്മയുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാം, അത് കൊണ്ട് തന്നെ മുലയൂട്ടല്‍ നിർത്തുന്നതോടെ  ശാരീരിക സൗന്ദര്യവും വീണ്ടെടുക്കാന്‍ സാധിക്കും.

ഇന്ന് പൊതുവെ കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് അമ്മമാരുടെ Mobile phone പ്രണയം.വീട്ടമ്മമാരായാലും ജോലിക്കാരായ അമ്മമാരായാലും കുഞ്ഞിന് മുല കൊടുക്കുമ്പോഴും കുഞ്ഞുങ്ങളുടെ
മുഖത്തേക്കു നോക്കാതെ,mobile phone ഉപയോഗിക്കുന്ന ഒരു പ്രവണത ഇപ്പോൾ വളര്‍ന്നു വരുന്നുണ്ട്.പാലിനൊപ്പം,അമ്മയുടെ സാമീപ്യവും സംസാരവും ചിരിയും കളിയുമെല്ലാം കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കും.അത് കൊണ്ട് തന്നെ കുഞ്ഞിനോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാത്രമുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികളുടെ ശാരീരികവും,മാനസികവും,ബൗദ്ധികവുമായ  വളര്‍ച്ചയുടെ വലിയൊരു പങ്കു വഹിക്കുന്ന മുലയൂട്ടല്‍,ഒരു കുഞ്ഞിന്റെ അവകാശമാണ്.അത് പൂർണ്ണമായും കുഞ്ഞിന് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അമ്മമാരുടെ കടമയുമാണ്...ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ  വേണ്ട അമൃതം പകരുന്ന എല്ലാ അമ്മമാര്‍ക്കും വേണ്ടി ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരം സമര്‍പ്പിക്കുന്നു... 

1 comment:

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......