Sunday, 8 September 2019

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....

ന്യൂജെൻ ഓണമിങ്ങെത്തി പെണ്ണേ....


                                              കാണം വിറ്റും ഓണമുണ്ട് , കുമ്പിളിലെ കഞ്ഞിക്കു സദ്യയെക്കാൾ രുചിയുണ്ടെന്നു പറഞ്ഞ കോരന്റെ ഓണം തന്നെയായിരിക്കണം ഏറ്റവും മനോഹരമായത് എന്ന് തോന്നിക്കുന്ന 2K19 കാലഘട്ടത്തിന്റെ ഓണം ഇങ്ങെത്തി . പടിവാതിൽ കടന്നു പൂമണം വീശി പുതുമഴ നനഞ്ഞ മലയാളി മണ്ണിന്റെ മണവുമായി പറ നിറയ്ക്കാനെത്തുന്ന പൊന്നോണം കാത്തു കാത്തിരുന്ന മാവേലി ഒടുവിൽ കൂളിംഗ് ഗ്ലാസ്സുമിട്ട് AC റൂമിലിരുന്ന് ഓൺലൈൻ ആയി ഓണസദ്യയും ഓർഡർ ചെയ്തു അതും കഴിച്ചു മദോന്മത്തനായി ഉറങ്ങിയെണീറ്റു വീണ്ടും കാണാം എന്നും പറഞ്ഞു  കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ കൂടി തന്നെ വണ്ടിയും ഓടിച്ചു പോകും .

മലയാളിക്ക് ഓണം എത്ര കണ്ടു അന്യമാകുന്നോ , അത്ര മേൽ ഓണത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുണ്ട് .ഓണത്തിന്റെ വിശുദ്ധിയും , കൂട്ടായ്മയുടെ നൈർമല്യവുമെല്ലാം മലയാളിയെ വിട്ടകന്നിരിക്കുന്നു .
ഓണം വെറുമൊരു ആഘോഷമായി മാത്രം ഒതുങ്ങിയിരുന്നു .കേരളീയ വസ്ത്രം ധരിക്കാനും , ഒന്ന് വടം വലിച്ചു രണ്ടു ഓണപ്പാട്ടും പാടി ഒരു തിരുവാതിരയും കൂടി , ഓർഡർ ചെയ്ത സദ്യ കൂട്ടം കൂടിയിരുന്നു കഴിച്ചു , കുറെ സെൽഫികൾ എടുത്തു പോസ്റ്റി ലൈകും വാങ്ങി വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങുകയാണ് ന്യൂജെൻ  ഓണം .

ഓണം ഇന്ന് ഓഫറുകളുടെ കാലമാണ് .ഒന്നിനൊന്നു ഫ്രീയും , വിലക്കിഴിവും , എക്സ്ചേഞ്ച് മേളയും കൊണ്ട് പുതുമയുടെ പ്രൊമോഷൻ തീർക്കുന്ന കാലം .ഓടിനടക്കാൻ വയൽ വരമ്പോ, പൂ പറിക്കാൻ തൊടിയോ , ഊഞ്ഞാൽ കെട്ടാൻ മാവിൻ കൊമ്പോ ,  ഇല്ലാത്ത ഒപ്പോയും, വിവോയും , റെഡ്‌മിയും കമ്പോളങ്ങൾ നിറഞ്ഞ സെൽഫികൾ കൊണ്ട് സോഷ്യൽ മീഡിയ പൂവണിഞ്ഞ , മനം മയക്കുന്ന ചിത്രങ്ങൾ കൊണ്ട് ടെലിവിഷൻ നിറഞ്ഞ അവധിക്കാലം ആണ് നമുക്ക് മിക്കവർക്കും ഓണക്കാലം .ഓണസദ്യ കഴിഞ്ഞയുടനെ പുലികളിക്കു കുട പിടിക്കാനും , വടം വലിച്ചു കളിക്കാനും ,ഉറിയടിച്ചു നിലത്തിടിക്കാനും  തുടങ്ങി ഓണക്കളികളിൽ കൂടാനായി ഓട്ടമോടിയ ബാല്യങ്ങൾ ഇന്നില്ല , ഓണസദ്യയുടെ ക്ഷീണം തീർക്കാൻ ഒരു ഉറക്കവും കഴിഞ്ഞു കുടുംബവുമായി പുറത്തു പോയി വൈദുതി വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചു തിരിച്ചെത്തി സുഖമായുറങ്ങുന്നതോടെ അവസാനിക്കുന്ന ഓണമാണ് ഇന്നത്തെ ബാല്യങ്ങളുടെ ഓർമ.

കാലം പോയതോടെ കോലം മാറിയ ഓണം കോലായിൽ കാത്തിരിക്കുന്ന മുത്തശ്ശിയുടെ ഓർമകളിലേക്ക് ഊളിയിട്ടു മുങ്ങിപ്പോയി ..ഗൃഹാതുരതയുണർത്തുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ച പൊന്നോണം പടി കടന്നെത്തി പെണ്ണേ ....ഇനിയിപ്പോ ഉള്ളതൊക്കെ വച്ച് നമുക്കും ആഘോഷിക്കാം ഒരു ഓണം കൂടി ...

1 comment:

  1. സമയം ഇല്ലാതെ പോകുന്ന ഓണക്കാലം ആണു പ്രശ്നം.

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......