Tuesday 27 August 2019

അഭിമാനവും ദുരഭിമാന കൊലകളും

അഭിമാനവും ദുരഭിമാന കൊലകളും 


                                അഭിമാനത്തിനും ദുരഭിമാനത്തിനും ഇടയിൽ അപമാനത്തിന്റെ ഒരു വലിയ ഭിത്തി  ഒളിഞ്ഞിരിപ്പുണ്ട് . അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും കുലമഹിമയുടെയും പേരിൽ അഭിമാനം ദുരഭിമാനത്തിനു വഴി മാറുമ്പോൾ നഷ്ടമാകുന്നത് കുറച്ചു ജീവനുകളും , ആ ജീവനുകളെ ആശ്രയിച്ചു നിൽക്കുന്ന ജീവിതങ്ങളുമാണ് . ജാതിരഹിത കേരളവും , മതേതര ഇന്ത്യയുമൊക്കെ സ്വപ്നം കണ്ടു വളരുന്ന സാക്ഷര കേരളത്തിലാണ് അടുത്തകാലത്തായി പുതിയൊരു കൊലപാതക പ്രവണത ഉരുത്തിരിഞ്ഞതും അതിനു ദുരഭിമാനകൊല എന്ന പട്ടം ചാർത്തിയതും . വടക്കേഇന്ത്യയിൽ മാത്രം ചിരപരിചിതമായ ദുരഭിമാന കൊലകൾ ആതിരയിലൂടെയും , കെവിനിലൂടെയും കേരളത്തിലേക്കും വേരുറപ്പിച്ചിരിക്കുന്നു .

ദളിതനാകുക എന്നതേ കുറ്റം , അപ്പോൾ പിന്നെ അന്യ ജാതിയിൽ പെട്ട പെൺകുട്ടിയോട് പ്രണയം തോന്നുക എന്നത് പൊറുക്കപ്പെടാൻ ആകാത്ത പാപം തന്നെയല്ലേ . സാക്ഷര കേരളം എന്നൊക്കെ വാഴ്ത്തി പാടുമ്പോഴും , ജാതിമതാതീതമായി ബന്ധങ്ങൾ വളർത്തണം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും  നമ്മുടെയെല്ലാം ഉള്ളിന്റെ ഉള്ളിൽ എന്റെ ജാതി , എന്റെ മതം എന്ന ചിന്ത ഉറങ്ങിക്കിടപ്പുണ്ട് .അത് കൊണ്ട് തന്നെയാണ് നമ്മുടെ മക്കൾ അന്യ മതസ്ഥരെയും , അന്യ ജാതിക്കാരെയുമൊക്കെ പ്രണയിക്കുമ്പോൾ നമ്മുടെ രക്തം ഉറഞ്ഞു തുള്ളുന്നതും . സ്നേഹിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചാൽ മറുപടി തീർച്ചയായും അല്ല എന്ന് തന്നെയാണ് .പക്ഷെ നിറവും മതവും ജാതിയുമൊക്കെ നോക്കിയാലേ ആ സ്നേഹം നിലനിൽക്കുകയുള്ളൂ എന്ന് പറയുന്നതിൽ എന്താണ് ധാർമ്മികത്വം ?

കേരളത്തിൽ ഇന്നും ജാതിയും ,ജാതി വിവേചനങ്ങളും നിലനിൽക്കുന്നുണ്ട് എന്നതിന് തെളിവാണ് കെവിന്റെ കൊലപാതകം .തമിഴ് സിനിമകളിൽ കാണുന്ന പോലെ അന്യജാതിക്കാരനായ മരുമകനെ കൊലപ്പെടുത്തി സമൂഹത്തിൽ തന്റെ ജാതിയുടെ ആധിപത്യം തെളിയിക്കുന്ന ഒരു വൻകിട മുതലാളിത്ത സമ്പ്രദായം .ജിഷ , ആതിര , മധു , കെവിൻ എന്നിങ്ങനെ സമൂഹം അറിഞ്ഞ ജാതിക്കൊലകളെക്കാൾ കൂടുതൽ അറിയാതെ പോയ എത്രയോ പേരുകൾ കാണും ?

പരസ്യമായി ജാതി എന്നാൽ ജാതിക്കാ മരം ആണെന്ന് ചൂണ്ടി കാണിക്കുന്ന അതെ ഉത്സാഹത്തിൽ, രഹസ്യമായി കപട ജാതീയ ചിന്തകൾക്ക് ചൂട്ടു പിടിക്കുന്ന സ്വഭാവം നമ്മൾ അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു .ജനനം കൊണ്ട് ഒരുവനിൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ ജാതിയ ചിന്തകൾക്ക് അന്ത്യം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .കാലം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു , നമ്മളും മുന്നോട്ടു പോയെ മതിയാകു .നാരായണ ഗുരുവും, അയ്യൻങ്കാളിയും സ്വപ്നം കണ്ട , പരിശ്രമിച്ച നവോത്ഥാന കേരളത്തിനായി ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകു . ജാതി ചിന്തകളും , മത വൈരുധ്യങ്ങളും വെടിഞ്ഞു സമ ഭാവന നിറഞ്ഞ ഒരു നാടിനായി നമ്മൾ പരിശ്രമിച്ചേ മതിയാകു .നമ്മുടെ തലമുറകളെങ്കിലും നന്നായി വളരേണ്ട സാഹചര്യം നമ്മൾ സൃഷ്ടിച്ചേ തീരു .

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......