മരിക്കാൻ ആഗ്രഹിച്ചു മരിക്കുന്നവർ മരിക്കാറില്ല
മരിച്ചവൻ ഉയിർത്തെഴുന്നേൽക്കില്ല ,
വരണ്ടു നീലിച്ച ചുണ്ടുകളിൽ വാക്കുകൾ പിടഞ്ഞു മരിക്കില്ല ,
ആശയറ്റിയ കണ്ണുകൾ തുറന്നു കേഴില്ല ,
കരങ്ങൾ മരവിച്ചു ,ഹൃദയം തണുത്തുറഞ്ഞു യാത്രാമൊഴിയും കാത്തു കിടക്കും
ഇനി നിങ്ങൾക്ക് എന്തും പറയാം, കാരണം നിങ്ങളുടെ കണ്ണിൽ ജീവിച്ചിരിക്കുന്നവർ വിജയികളും ആത്മഹത്യ ചെയ്തവർ പരാജിതരും ആണ് .
നിങ്ങൾക്കറിയുമോ , നീല വെളിച്ചത്തിൽ ചിരിച്ചും , ചുവന്ന വെളിച്ചത്തിൽ അലറിക്കരഞ്ഞും നടന്ന എന്നെ ...?
എന്റെ ചുണ്ടിലെ നേർവര വളയുന്നതു നിങ്ങളാരെങ്കിലും ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ,ഇല്ല ...നിങ്ങൾക്കത് കാണാൻ സാധ്യമല്ല ...
ജീവിച്ചിരിക്കെ ഓരോ നിമിഷവും മരിച്ചു കൊണ്ടിരുന്ന എന്നെ ഞാൻ കണ്ടിരുന്നു .ജീവിക്കാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ,മരിക്കാൻ എനിക്ക് ഭയമായിരുന്നു ,എന്നിട്ടും എത്രയോ വട്ടം ഞാൻ എന്നെ തന്നെ കൊന്നിരിക്കുന്നു.
രാത്രിയെ ഇരുട്ട് വിഴുങ്ങുമ്പോൾ അസ്തിത്വമില്ലാത്ത ചിന്തകളെന്റെ മസ്തിഷ്‌കം കാർന്നു തിന്നുന്നതറിഞ്ഞു ഞാൻ അലറിക്കരഞ്ഞത് നിങ്ങളാരെങ്കിലും കേട്ടിരുന്നുവോ ...?
എനിക്ക് ഭ്രാന്തു പിടിക്കുന്നു എന്നുറക്കെ നിലവിളിച്ച എന്റെ ഹൃദയത്തെ എത്ര ആലിംഗനങ്ങൾ കൊണ്ടാണ് നിങ്ങൾ മൂടിയത്, എന്നിട്ടും ഒരിക്കൽ പോലും ആ ഭ്രാന്തു നിങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് പറയുന്നതെങ്കിൽ നിങ്ങളെന്നെ ആലിംഗനം ചെയ്തിട്ടേ ഇല്ല .
ഹസ്തദാനങ്ങളിലൊക്കെയും വിട്ടു കളയരുതേ എന്നപേക്ഷിച്ച കരങ്ങളെ എത്ര ലാഘവത്തോടെയാകും നിങ്ങൾ ഉപേക്ഷിച്ചത് ...
കനിവ് തേടിയ കണ്ണുകളിൽ നോക്കി ഒട്ടിച്ച പുഞ്ചിരി സമ്മാനിച്ച നിങ്ങളോടൊക്കെ ഞാൻ എന്ത് പറയാനാണ് ?
അതെ , ഞാൻ എന്നെ തന്നെ കൊന്നു ,അല്ലെങ്കിൽ തകർന്നു പോയ എന്റെ ഹൃദയത്തെ ആരോ കയറിട്ടു തൂക്കിലേറ്റി എന്ന് ചിന്തിക്ക ..
ആത്മഹത്യ ആയാലും ,കൊലപാതകം ആയാലും ഞാൻ മരിച്ചിരിക്കുന്നു , മരിക്കാൻ ആഗ്രഹിക്കാതെ ജീവിക്കാൻ കൊതിച്ച ഒരു ഹൃദയത്തെ നിങ്ങൾ കണ്ടിരുന്നില്ല
ശ്രദ്ധിച്ചു നോക്കിയാൽ എന്റെ ചുണ്ടുകളിൽ അവസാനത്തെ ചിരിയുടെ നിഴലാട്ടം നിങ്ങൾക്ക് കാണാം ...ആ മനോഹരമായ ചിരിയാണ് മരണം എനിക്ക് നൽകിയ സമ്മാനം ...
ഞാൻ പരാജിതൻ ആണെന്ന് പറഞ്ഞു എനിക്കായി പൂക്കൾ വിതറുന്ന നിങ്ങൾ ഒരിക്കലും എനിക്ക് വാക്കുകൾ
കടം തന്നില്ലെന്നത് മറക്കരുത് ..
യാത്രാ മൊഴി എന്നേ ഞാൻ എഴുതി വച്ചിരുന്നു ,ഇനി മരിച്ചവരുടെ ലോകം , എന്റെ ലോകം .. തിരികെയൊന്നും പ്രതീക്ഷിക്കാത്ത എന്റെ മാത്രം ലോകം
നിങ്ങൾ ജീവിച്ചിരിക്കുന്നവർ ,വിജയികൾ .പക്ഷെ നിങ്ങൾ അറിയുന്നില്ല , മരിക്കാൻ തീരുമാനിച്ചവന് മുന്നിൽ മരണം അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് ...
തികച്ചും നിസ്സഹായനായി അവൻ യാത്രയായി...
ReplyDeleteഅതെ ....
Delete