Wednesday, 23 June 2021

പുര നിറഞ്ഞ പെണ്ണ്


പുര നിറഞ്ഞ പെണ്ണ് 

***" ഇങ്ങനെ കിടന്നു ചിരിച്ചു മറിഞ്ഞു തൊണ്ട തുറന്നോ, പെണ്ണാണ് എന്ന ബോധം വേണ്ടേ.നാളെ വേറൊരു വീട്ടിൽ പോകേണ്ടവൾ ആണെന്ന ബോധമില്ല.വായടച്ചു സംസാരിക്കെടി "

"ഉറക്കെ ചിരിച്ചാലോ, ഉച്ചത്തിൽ സംസാരിച്ചാലോ പെണ്ണ് പെണ്ണല്ലാതെ ആകുമോ ?ഇങ്ങനെ പിറന്ന വീട്ടിൽ തന്നെ അവഗണനയുടെ ടേപ്പ് ഒട്ടിക്കപ്പെട്ട പെണ്ണ് മറ്റൊരു വീട്ടിലെ തടവറയെക്കുറിച്ചു നിങ്ങളോടു എങ്ങിനെ സംസാരിക്കാൻ ആണ് ?"

  ***"വയസ്സ് 20 കഴിഞ്ഞില്ലേ, കെട്ടിക്കാറായില്ലേ ?, ഇനിയും വച്ചോണ്ടിരുന്നാ ചന്തമൊക്കെ  പോകും, പിന്നെ ചെറുക്കനെയും കിട്ടൂല "

"20 അല്ലെ ആയുള്ളു, കല്യാണ പ്രായം 20 ആണെന്ന് നിയമം ഒന്നും വന്നില്ലല്ലോ...അവിടിരുന്നോട്ടെ, ഇനി പുതിയ ഒരുത്തൻ ജനിച്ചു വന്നു കെട്ടേണ്ട കാര്യം ഇല്ലല്ലോ.ഉള്ള ചന്തമൊക്കെ  മതി"

***"ഇതിപ്പോ എന്തു പഠിപ്പ് ആണ്, വയസ്സു 27 ആയി, ഇനിയും പഠിക്കാൻ എന്തിരിക്കുന്നു ?കൂടെയുള്ളതുങ്ങളൊക്കെ കെട്ടി പിള്ളേരും ആയി "

"വിദ്യാഭ്യാസത്തിനു പ്രായപരിധി ഒന്നും തീരുമാനിച്ചിട്ടില്ല, പഠിക്കട്ടെ, ജോലി വാങ്ങട്ടെ, സ്വന്തം കാലിൽ നിൽക്കട്ടെ. എന്നിട്ടു ആലോചിക്കാം ബാക്കി"

**"ജോലി വാങ്ങി കുറെ കാശു സമ്പാദിച്ചിട്ട് എന്തിനാ ? പെണ്ണുങ്ങൾ ജോലിക്കു പോയി ചിലവ് നടത്തേണ്ട കാര്യമൊന്നും ഞങ്ങടെ കുടുംബത്തിൽ ഇല്ല"

"കാശ് ഉണ്ടാക്കി ചിലവ് നടത്തുന്നതിന് പെണ്ണെന്നും ആണെന്നും വേർതിരിവിന്റെ ആവശ്യം ഒന്നുമില്ല. പെണ്ണ് ജോലിക്കു പോയാലുടനെ തകരുന്ന പാരമ്പര്യം ആണെങ്കിൽ ആ പാരമ്പര്യം അങ്ങു തച്ചുടച്ചു കളഞ്ഞേക്ക്"

***"വീട് നോക്കി ഭർത്താവിനെയും മക്കളെയും നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന പെണ്ണാണ് ഒരു മാതൃകാ യുവതി.പെണ്ണിനെ അങ്ങിനെയാണ് വളർത്തേണ്ടത്.ജോലിക്ക് പോകുന്ന പെണ്ണിന് എവിടെയാ ഇതിനൊക്കെ സമയം"

"ജോലിക്കു പോകുന്ന പെണ്ണുങ്ങളും വീടും കുടുംബവും നോക്കുന്നുണ്ട് ഹേ..വീടിനെ കുളിപ്പിച്ചു lizol മുക്കി,ഭർത്താവിനെ എണീപ്പിച്ചു റെഡിയാക്കി ഒരുക്കി ഓഫീസിൽ വിട്ട്, അമ്മായി അമ്മയ്ക്ക് പാദസേവ ചെയ്തു, മക്കളുടെ ആവശ്യങ്ങൾ നോക്കിയെടുത്തു, സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മറന്നു വേലക്കാരിയെ പോലെ ജീവിച്ചാൽ മാത്രമെ നല്ല യുവതി ആകുമെങ്കിൽ ആ certificate എന്റെ മകൾക്ക് വേണ്ട.സ്വന്തമായി നിലനിൽപ്പും വ്യക്തിത്വവുമുള്ള ഒരു യുവതിയായി എന്റെ മകൾ വളർന്നാൽ മതി"

***"അല്ലെങ്കിലും കയ്യിൽ നാലു കാശു വന്നാൽ പെൺപിള്ളേർക്ക് അഹങ്കാരമാ. പിന്നെ ആണുങ്ങളെ അനുസരിക്കാൻ അവൾക്കൊക്കെ വലിയ മടി ആയിരിക്കും"

"ഈ പറയുന്നത് കുറെ മൂത്തു നരച്ച അമ്മച്ചിമാർ അല്ലിയോ, വീട്ടിൽ കുത്തിയിരിക്കുന്ന അമ്മച്ചിമാർക്കൊക്കെ അല്ലേലും നാലു കാശു സമ്പാദിക്കുന്ന പെണ്ണുങ്ങളോട് വലിയ കെറുവ് തന്നാ.അതു അവിടെ തന്നെ വച്ചിരുന്നോ.ആണുങ്ങളെ അനുസരിച്ചു ജീവിക്കണം എന്നൊരു ചൊല്ല് വേണ്ട, നല്ലതു പറയുന്നത് ആണായാലും പെണ്ണായാലും അതു പരസ്പരം മനസ്സിലാക്കിയാണ് അനുസരിക്കേണ്ടതും അവഗണിക്കേണ്ടതും"

***"നമ്മള് പെണ്ണുങ്ങൾ എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിക്കണം.നാളെ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവൾ ആണ്,അവിടത്തെ ചിട്ടകൾക്ക് അനുസരിച്ചു നടക്കേണ്ടവൾ ആണ്.കെട്ടിച്ചു വിട്ട വീടാണ് നിന്റെ വീട്, ജീവിത കാലം മുഴുവനും ജീവിക്കേണ്ട വീട്"

"തീർന്നില്ലേ...അടക്കവും ഒതുക്കവും കൊണ്ടു അവളിലെ പെണ്ണിനെ നിങ്ങൾ കൊന്നു കളഞ്ഞില്ലേ,കീ കൊടുക്കുന്ന പാവയായി ജീവിക്കാൻ അല്ലെ ഈ ക്ലാസ് കൊണ്ടു നിങ്ങൾ അവളെ പ്രാപ്തയാക്കിയത്..സഹനത്തിന്റെ ഒടുവിൽ രക്ഷപ്പെട്ടു വരാൻ സ്വന്തം വീട് പോലും ഇല്ലെന്നു നിങ്ങൾ അവളോട് പറയാതെ പറഞ്ഞു അവളെ ഒരു അന്യ ആക്കിയില്ലേ..മരണം അവളുടെ ഒരേ ഒരു ഓപ്ഷൻ ആക്കി മാറ്റിയില്ലേ നിങ്ങൾ.."

***"സ്ത്രീധനം ആയിട്ടൊന്നും വേണ്ട.പെണ്ണിനെ മാത്രം മതി.നിങ്ങളുടെ മകൾക്ക് എന്തു കൊടുക്കണം എന്നു നിങ്ങൾക്ക് തോന്നുന്നുവോ അതു കൊടുക്കാം.ഞങ്ങള് ഒറ്റമോളെ കെട്ടിച്ചു വിട്ടപ്പോ ആകെ 50 പവനും 10 സെന്റ് സ്ഥലവും ഒരു കാറും മാത്രമേ കൊടുത്തുള്ളു, അവളുടെ ചെക്കൻ വീട്ടുകാർ ഒന്നും ചോദിച്ചിട്ടല്ല,ഞങ്ങടെ മോൾ അല്ലേ..... പിന്നെ നാട്ടുനടപ്പ് അനുസരിച്ചു ചെയ്യണ്ട ചിലതൊക്കെ ഇല്ലേ .സദ്യയ്ക്ക് ഒരു കുറവും വരരുത് എന്ന ഒറ്റ നിബന്ധന മാത്രമേ ഞങ്ങൾക്കുള്ളൂ..."

"അടിപൊളി ...ധർമക്കല്യാണം അല്ലെ..സ്ത്രീധനം ചോദിച്ചില്ല,പകരം സ്വന്തം മകൾക്ക് കൊടുത്തത്തിൽ നിന്നും ഒട്ടും കുറയരുത് എന്നു പറഞ്ഞു വച്ചു.നാട്ടുനടപ്പുകൾ ഓർമിപ്പിച്ചു. എന്തിനാണ് ഈ സ്ത്രീധനവും നാട്ടുനടപ്പും ?കല്യാണം പെൺവീട്ടുകാരുടെ ബാധ്യതയും ആൺവീട്ടുകാരുടെ അവകാശവും അല്ല, മറിച്ചു തലമുറകൾ പരിപാലിക്കപ്പെടാൻ ഇരു കൂട്ടരുടെയും ആവശ്യമാണത്. ചിലവുകൾ പരസ്പരം പങ്ക് വച്ചു ഉള്ളത് കൊണ്ട് കൂട്ടിക്കെട്ടി പണത്തിന്റെ ധൂർത്ത് കാണിക്കാതെ കല്യാണം നടത്തിക്കൂടെ ?ഒരു പെൺകുഞ്ഞിനെ കഴുകനും പരുന്തിനും കൊടുക്കാതെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്നതും പോരാഞ്ഞ് ജീവിതകാലം മുഴുവനും അവൾക്കു സ്ത്രീധനം എന്ന പേരിൽ ജാമ്യം കൊടുക്കണമെങ്കിൽ പിന്നെ എന്തിനു വിവാഹം കഴിപ്പിക്കണം ?"

***"എനിക്ക് ഒറ്റ മോൾ ആണ്.ഞാൻ ഉണ്ടാക്കിയതൊക്കെ അവൾക്കാണ് .500 പവൻ ഇട്ടു അണിഞ്ഞൊരുങ്ങി ആർഭാടം ആയി തന്നെ കല്യാണം നടത്തണം"

"നിങ്ങളുടെ ആർഭാടം കാരണം ലോണെടുത്തു മുടിഞ്ഞു കല്യാണം നടത്തേണ്ടി വരുന്ന ദരിദ്ര്യവാസി എന്നൊക്കെ നിങ്ങൾ പുച്ഛിക്കുന്ന പാവങ്ങളുടെ അവസ്ഥയോ ?ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ കല്യാണം നടത്തുന്ന കാലം എന്നൊന്ന് സ്വപ്നം കണ്ടു തുടങ്ങിക്കൂടെ ? രണ്ട് വ്യക്തികളിലൂടെ 2 കുടുംബങ്ങൾ കൂടിച്ചേരുന്നതിന് 200 പവനും 20000 പേർക്ക് സദ്യയും കൊടുക്കേണ്ട കാര്യം ഇല്ല എന്നു ഉറപ്പിച്ചൂടെ ??"

*******

കുട്ടി പെണ്ണായാലും ആണായാലും വിവരവും,വിദ്യാഭ്യാസവും ,വിവേകവും പകർന്നു നൽകി വ്യക്തിത്വമുള്ള സ്വയം പര്യാപ്തരായ വ്യക്തികളായി അവരെ വളർത്തിക്കൊണ്ടു വരേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വം എന്നു മാതാപിതാക്കൾ ആദ്യം തിരിച്ചറിയുക. അടക്കവും ഒതുക്കവുമുള്ള പെണ്ണ്, മറ്റൊരു വീട്ടിൽ പോയി ജീവിക്കേണ്ടവൾ, എല്ലാം സഹിക്കേണ്ടവൾ, കുടുംബ ഭദ്രതയ്ക്കായി സ്വപ്നങ്ങൾ ത്യജിക്കേണ്ടവൾ തുടങ്ങിയ ബാധ്യതയുടെ ലേബലുകൾ ഓർമ വയ്ക്കുമ്പോൾ മുതൽ അടിച്ചേല്പിച്ച് ഒരു പെൺകുട്ടിയെ  സ്വയം മൂല്യമില്ലാത്തവളായി മാറ്റാതിരിക്കുക.

വിവാഹം ജീവിതത്തിലെ ഒരു ആവശ്യം മാത്രമാണെന്നും രണ്ടു കുടുംബങ്ങളും ചേർന്നു നടത്തേണ്ട -പരസ്പര ധാരണയിലും വിശ്വാസത്തിലും പടുത്തുയർത്തേണ്ട ഒരു ബന്ധമാണിതെന്നും നാം മനസ്സിലാക്കണം.സ്ത്രീധനവും സമ്പത്തും കണക്കു പറഞ്ഞു ആരുടെയും കഴുത്തറുക്കാതിരിക്കണം. ഇഷ്ടമില്ലാത്തിനോട് NO പറയാനും ഇഷ്ടമുള്ള കാര്യങ്ങളെ നേരായ രീതിയിൽ തിരഞ്ഞെടുത്തു മുന്നേറാനും നമ്മുടെ പെണ്മക്കളെ പ്രാപ്തരാക്കണം.

ഉത്തമയായ മരുമകൾ എന്നാൽ ഭർത്താവിന്റെ അടിച്ചുതളിക്കാരിയായും, അമ്മായി അമ്മയുടെ അടുക്കളകാരിയായും, അലാറം വച്ചു ഉറക്കം എണീറ്റു അടിമയെപ്പോലെ നിങ്ങളുടെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ട പാവ അല്ലെന്നു എല്ലാ ആണ്മക്കളുടെയും അമ്മമാർ തിരിച്ചറിയുക. മരുമകൾ രാവിലെ ഉറക്കമെണീറ്റ് കുളിച്ചൊരുങ്ങി നിങ്ങൾ പറയുന്ന പോലെ മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി (അടങ്ങി ഒതുങ്ങി)ജീവിക്കുന്നത് അമ്മായി അമ്മയെയോ ഭർത്താവിനെയോ ഭയന്നല്ല, തന്നെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ വീട്ടുകാരെ ഓർത്തും തന്റെ കണ്ണു നനയുന്നത് അവരുടെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നതിനു സമം ആണെന്നും അവൾ വിശ്വസിക്കുന്നതു കൊണ്ടാണെന്നു നിങ്ങൾ തിരിച്ചറിയുക.

ആണായാലും പെണ്ണായാലും അവർ വ്യക്തികളാണ് .സ്വന്തമായി ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉള്ള, ജീവിതത്തെ കുറിച്ച് സ്വന്തമായി കാഴ്ചപ്പാടുകളുള്ള സ്നേഹവും, ബഹുമാനവും ഒപ്പം സ്വയം ഒരു സ്പേസും  ആഗ്രഹിക്കുന്ന വ്യക്തികൾ .

സ്വീകരണമുറി ആണിനും അടുക്കള പെണ്ണിനും തീറെഴുതി കൊടുത്ത ആചാരങ്ങളെ മറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക.ആണ്മക്കളെയും പെൺമക്കളെയും വേർതിരിവുകളില്ലാതെ വളർത്താനും , വിദ്യാഭ്യാസത്തിനൊപ്പം വിവേകം പകർന്നു നൽകാനും നമുക്ക് കഴിയണം.

വാൽകഷ്ണം :-

*** കണക്കു പറഞ്ഞു വാങ്ങുന്ന എച്ചികളെയും, ചോദിക്കുന്നതിന്റെ ഇരട്ടി കൊടുക്കുന്ന പണമാക്രികളെയും, തനിക്കു സ്വർണവും പണവും തന്നു ആർഭാടപൂർവം കല്യാണം നടത്തേണ്ടത് അച്ഛന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കൂപമണ്ഡൂകങ്ങളായ പെൺമക്കളെയും ,ഭാര്യയുടെ സ്ത്രീധനം കൊണ്ടാണ് തനിക്കു വീടും കാറും ഉണ്ടാകേണ്ടത്  എന്ന് ആഗ്രഹിക്കുന്ന പോങ്ങന്മാരായ ഭർത്താക്കന്മാരേയും, പോക്കില്ലെങ്കിലും കടം വാങ്ങി മുടിഞ്ഞും ലോണെടുത്തും മകളെ കെട്ടിക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്ന് വിശ്വസിക്കുന്ന പാവം പാവം അച്ഛനമ്മമാരെയും ,

ഹോസ്റ്റലിലെ വാർഡനേക്കാൾ ഭീകര ജീവിയായാൽ മാത്രമേ അമ്മായി വാല്യൂ കിട്ടു എന്ന് കരുതുന്ന അമ്മായി അമ്മമാരെയും നല്ല ചൂരലെടുത്തു നാല് കൊടുത്ത് നന്നാക്കിയാൽ ഒരു വിധം സ്ത്രീധന പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞു കിട്ടും .

*** അടക്കി ഒതുക്കി വളർത്തിയില്ലെങ്കിൽ ഏവന്റെയെങ്കിലും കൂടെ പോയി കുടുംബത്തിന് നാണക്കേടുണ്ടാക്കും എന്ന് കമന്റ് പറഞ്ഞാൽ അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇപ്പോൾ നിൽക്കുന്നില്ല .അതിനു വേണ്ടി ഇനിയൊരിക്കൽ ഒരു കുറിപ്പെഴുതാം, ഇതിനെ കൂടെ പറഞ്ഞാൽ ശരിയാകില്ല അതിനെ കുറിച്ച് വിശദമായി മനസ്സിലാക്കിയ ശേഷം ഒരു കുറിപ്പെഴുതാം എന്നാണു ഇപ്പോളത്തെ മറുപടി.

***ഇനി ആദർശം പറയുന്ന നിന്റെ കല്യാണത്തിന് ഒന്നും കൊടുത്തില്ലയോ എന്ന് ചോദിച്ചാൽ , കെട്ടിച്ച പ്രായത്തിൽ ആദർശം പറയാൻ അറിയില്ലായിരുന്നു എന്ന് മറുപടി .ഇന്ന് മനസ്സിലാക്കുന്ന ആദർശങ്ങൾ ശരിയാണെങ്കിൽ അതിനെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് തെറ്റല്ലെന്ന് വിശ്വസിക്കുന്നു 

*** നല്ലവരായ മനുഷ്യർ വഴിമാറി നിൽക്കുക, ഇത് നിങ്ങളെക്കുറിച്ചല്ല .മേൽപ്പറഞ്ഞ ചിന്തകളുമായി നടക്കുന്നവരോട് മാത്രം പറയുന്നത് ആണ്


©️Bismitha.B


©️Bismitha@njangandhialla


No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......