ചുവന്ന സിഗ്നലില്‍
കുരുങ്ങിക്കിടക്കുമ്പോള്‍
( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )
മേശപ്പുറത്തടുക്കി വച്ചിരിക്കുന്ന ഫയല്‍ക്കെട്ടുകളിലേയ്ക്ക് രാജീവ് ഒന്നുകൂടി നോക്കി. വ്യവച്ഛേദിച്ചറിയാനാകാത്ത ഒരുഭാവം അയാളുടെ മുഖത്തു വിടര്‍ന്നു.
മാനേജരുടെ ശബ്ദം അയ്യാളുടെ കാതുകളില്‍ മുഴങ്ങി.
"തന്നെ ഞാനിവിടെ സൂപ്പര്‍വൈസറാക്കി വച്ചിരിക്കുന്നത് കാണാനല്ല. എന്‍റെ മേശപ്പുറത്തെത്തേണ്ട ഫയലുകളുടെ സുതാര്യതയെകുറിച്ച് എനിക്കറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുക അതാണ് തന്‍റെ ജോലി. അതിന് വയ്യെങ്കില്‍ തനിക്കുപോകാം. തന്നെക്കാള്‍ കഴിവുള്ള രാജീവന്‍മാരുടെ നാടാണെടോ ഇത്. താന്‍ നന്നായാല്‍ തനിക്കുനന്ന്. "
അറിയാതെ അയ്യാളുടെ കണ്ണുകള്‍ നിറഞ്ഞു.
ഒന്നുംരണ്ടുമല്ല 20-ഓളം ഫയലുകള്‍. എല്ലാംകൂടി നോക്കിത്തീര്‍ത്ത് എപ്പോഴാണ് ഒന്നു സ്വതന്ത്രനാകുക. മായ പറയുന്നത് ശരിയാണ്. രണ്ടു ദിവസത്തെ ജീവിതത്തിന് വേണ്ടി അഞ്ചുദിവസം മരിച്ച്പണിയെടുക്കുന്നവന്‍... താന്‍ വെറുമൊരു ജോലിക്കാരനായി മാറുകയാണ്. ...അമ്മുമോളുടെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ല.
“എന്തിനാ രാജീവേട്ടാ ഇങ്ങനെ ജീവിക്കുന്നേ..???? ഏതുനേരം നോക്കിയാലും ജോലി. മോളുടെ കാര്യങ്ങളന്വഷിക്കുവാനോ എന്‍റെ കാര്യങ്ങള്‍ നിറവേറ്റാനോ രാജീവേട്ടന് തീരെ സമയമില്ല. മതിയായി രാജീവേട്ടാ ഈ ജീവിതം.” ദേഷ്യത്തിലാണ് രാവിലെ പറഞ്ഞുതുടങ്ങിയതെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു, ശബ്ദം ഇടറിയിരുന്നു.
ശരിക്കും പറഞ്ഞാല്‍ മായ ഒരു വേഴാമ്പലാണ്, രാജീവാകുന്ന മഴയെകാത്തിരിക്കുന്ന വേഴാമ്പല്‍......! ഒരു ഭര്‍ത്താവെന്ന നിലയില്‍ അവളോട് നീതിപുലര്‍ത്താന്‍ തനിക്ക് കഴിയുന്നില്ലല്ലോ എന്ന ചിന്ത എപ്പോഴും അയാളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.
"ഈ ഡാഡി എപ്പോഴും ഇങ്ങനാ.... ഒരു സമയോമില്ല. അമ്മുമോള് ഇനി ഡാഡിയോട് മിണ്ടില്ല. കട്ടീസ്.... നൂറ് കട്ടീസ്..." രാജീവ് അറിയാതെ ഒന്നുചിരിച്ചുപോയി. അമ്മുമോള്‍ക്കറിയില്ലല്ലോ ഈ പാവം ഡാഡിയുടെ ടെന്‍ഷന്‍....
"എന്താ സാറേ ചിരിക്കുന്നേ....??? ചിരി ആയുസ് കൂട്ടുമെന്നാ...അതിനുവേണ്ടീട്ടാണോ?"
“ആ ....മോഹനേട്ടാണോ ...ഏയ്, വെറുതേ ഓരോന്നാലോചിച്ചു ചിരിച്ചു പോയതാ. മോഹനേട്ടന് ബുദ്ധിമുട്ടാകില്ലെങ്കില്‍ എനിക്കൊരു ചായ മേടിച്ചു തരുമോ?”
രാജീവന്‍റെ മുഖത്തേയ്ക്ക് നോക്കി മോഹനേട്ടന്‍ ഒന്നു പുഞ്ചിരിച്ചു.
“ഇതെന്നാ ചോദ്യമാ, എന്റെ ജോലിതന്നെ ചായമേടിച്ചു തരലല്ലേ സാറേ... ഒരഞ്ചുമിനിട്ട് നല്ല കടുപ്പത്തിലൊരു ചായ ഇപ്പഴിങ്ങെത്തും.”
എന്ന് പറഞ്ഞ് അയ്യാള്‍ ക്യാബിന്‍ വിട്ടുപോയി.
ഇനി ചിന്തിച്ചിരിക്കാന്‍ സമയമില്ല. ഇന്നെങ്കിലും 8.30ന് മുന്നേ വീട്ടിലെത്തണം. ഇനിയും വയ്യ, മായയുടെ പരിഭവങ്ങള്‍ക്ക്
കാതുകൊടുക്കാന്‍.... രാജീവ് ഓരോ ഫയലുകളായി എടുത്തു മറിച്ചു നോക്കാന്‍ തുടങ്ങി. 5 മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ചായയുമായി മോഹനേട്ടനെത്തി. ചൂടു ചായയെടുത്തു മോന്തിയപ്പോള്‍ ഒരല്‍പ്പം ആശ്വാസം... കുറച്ച് ഊര്‍ജ്ജം വീണ്ടുകിട്ടിയപോലെ, ...രാജീവ് വീണ്ടും ഫയല്‍ കെട്ടുകളിലേയ്ക്ക് മുഖം പൂഴ്ത്തി.
രാജീവിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല, എല്ലാ ഫയലുകളും നോക്കിത്തീര്‍ന്നിരിക്കുന്നു. സമയം 8.00 മണി എന്തെന്നില്ലാത്തൊരു സന്തോഷം ....ഇന്നെങ്കിലും നേരത്തെ വീട്ടിലെത്താം. മായയുടെ പരിഭവവും അമ്മു മോളുടെ പരാതിയും കേള്‍ക്കണ്ട. താനിപ്പോള്‍ ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണെന്ന് അയാള്‍ക്ക് തോന്നി.
ഫയല്‍ കെട്ടുകളുമായി അയാള്‍ മാനേജരുടെ ക്യാബിനിലേക്ക് നടന്നു. ഫയലുകള്‍ ഏല്പിച്ച് അയാള്‍ തിരിച്ചിറങ്ങി. കാറിന്‍റെ ചാവിയുമെടുത്ത് ഗ്രൌണ്ട് ഫ്ലോറിലേയ്ക്ക് നടന്നു. നിറഞ്ഞ സന്തോഷത്തോടെ കാറുമായി അയാള്‍ നഗരത്തിന്‍റെ തിരക്കിലേയ്ക്കലിഞ്ഞു ചേര്‍ന്നു. "ഓ... നശിച്ച ട്രാഫിക്ക് ജാം." രാത്രിയായാലും ഇത് തീരില്ല. ഇന്നിനി സമത്തിനെത്താന്‍ കഴിയില്ല. രാജീവിന് ആരോടൊക്കെയോ ദേഷ്യം തോന്നി. ചുവന്ന ട്രാഫിക്ക് സിഗ്നലിലേയ്ക്ക് നോക്കവേ അയാള്‍ സ്വയം ശപിച്ചു. ഇതുപോലൊരു ചുവന്ന സിഗ്നലില്‍കുരുങ്ങികിടക്കുകയാണ് തന്‍റെ ജീവിതവും ഒരിക്കലും അണയാത്ത ഒരു ചുവന്ന സിഗ്നലില്‍. കാറിന്‍റെ ചില്ലുതാഴ്ത്തി അയാള്‍ പുറത്തേയ്ക്ക് നോക്കി. മനോഹരമായ വൈദ്യുത വിളക്കുകളണിഞ്ഞ നഗരം.... യാത്രക്കാരെ തന്‍റെ മാസ്മരിക സൌന്ദര്യം കാട്ടി അവള്‍ ജ്വലിച്ചു നില്‍ക്കുകയാണ്.... തന്നെപ്പോലെ അക്ഷമരായ യാത്രക്കാരാവും ഓരോരുത്തരും. നൂറിലധികം പ്രശ്നങ്ങളുള്ള മനുഷ്യര്‍. പ്രശ്നങ്ങളുള്ളതുകൊണ്ടാണല്ലോ ഇന്നും മനുഷ്യന്‍ ഇങ്ങനെ ജീവിക്കുന്നത്.
ഹാവൂ, ആശ്വാസമായി അതാ പച്ച സിഗ്നല്‍ തെളിഞ്ഞിരിക്കുന്നു. രാജീവ് വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. വീട്ടിനുമുന്നിലേയ്ക്കെത്തവേ ഗേറ്റ് കീപ്പര്‍ ഗേറ്റ് തുറന്നുകൊടുത്തു. കാറ് പാര്‍ക്ക് ചെയ്ത് അയാള്‍ വാതില്‍ തുറന്ന് അകത്തുകയറി. മണി 8.40 ഇന്നിനി മായയോട് എന്ത് കള്ളം പറയാനാണ്... ഈ നശിച്ച ട്രാഫിക് ബ്ലോക്കില്ലായിരുന്നെങ്കില്‍... അയാള്‍ നേരെ മുറിയിലെത്തി.
"അയാം റിയലി സോറി മായ.. ഞാനെന്തു ചെയ്യാനാ ട്രാഫിക് കാരണമാ...
എന്റെ പൊന്നുമോളല്ലേ, അമ്മുക്കുട്ടി നീയെങ്കിലും അമ്മയോട് ഒന്ന് പറയ്...." മറുപടികിട്ടാത്തതില്‍ രാജീവിന് ദേഷ്യം തോന്നി.
"നിങ്ങള്‍ രണ്ടും ഇങ്ങനെ തുടങ്ങിയാല്‍ ഞാനെന്തുചെയ്യാനാ? എന്റെ ജോലി
അങ്ങനെയായിപോയില്ലേ..."
രാജീവിന്‍റെ കണ്ണുകള്‍ നിറഞ്ഞു.
"നീ പറഞ്ഞതു സത്യമാണ് മായേ... പരമമായ സത്യം... അതെ മായേ...അര്‍ത്ഥത്തിനും അര്‍ത്ഥശൂന്യതയ്ക്കുമിടയിലുള്ള വ്യര്‍ത്ഥതയാണ് ജീവിതം." മായ ഒന്നു ചിരിച്ചു. അത് ശരിവെയ്ക്കുംപോലെ. രാജീവിന് സന്തോഷമായി.
"നാളെ ഉറപ്പായും നേരത്തെ വരാം. അമ്മുമോളാണ സത്യം പോരെ...?"
ചുവരിലെ പൂമാലകളാല്‍ അലങ്കരിക്കപ്പെട്ട ചില്ലുകൂടിനുള്ളില്‍ തന്നെ നോക്കി ചിരിക്കുന്ന മായയുടെയും അമ്മുമോളുടെയും മുഖം കണ്ടപ്പോള്‍ വീണ്ടും രാജീവിന് തോന്നി, ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ താനാണെന്ന്, താന്‍ മാത്രം....!!!