Friday 10 October 2014

ഒരു ചെമ്പനീർ പൂവിന്റെ ഓർമയ്ക്ക് ...........!

ഒരു ചെമ്പനീർ പൂവിന്റെ ഓർമയ്ക്ക് ...........!



                                                     കവലയിൽ അയാൾ ബസ്‌ ഇറങ്ങുമ്പോൾ സമയം ഏകദേശം സന്ധ്യയോടടുത്തിരുന്നു .ആൽമരത്തണലിലിരുന്നു നാട്ടു വർത്തമാനം പറയാറുള്ള രാമുവേട്ടനെയും കൂട്ടരെയും കാണാനില്ല ...അതിനെക്കാൾ അതിശയം ആ കവലയിൽ അങ്ങനെ ഒരു ആൽ മരമേ കാണാനില്ല എന്നതായിരുന്നു ..അയാൾ അവിടെ നിന്നും പോകുന്നതിനു മുൻപ് വരെ അവിടെ ഒരു ആൽമരവും ,അതിനോട് ചേർന്ന് രാമുവേട്ടന്റെ ചായക്കടയും ,പിഷാരടിയുടെ മുറുക്കാൻ കടയും ,കുട്ടപ്പായിയുടെ ബാർബർ ഷോപ്പുമൊക്കെ ഉണ്ടായിരുന്നു ...ആറ് മണിയാകുമ്പോഴേക്കും ഈ മൂവർ സംഘത്തിന്റെ  നേതൃത്വത്തിൽ ആൽത്തറയിൽ ഒരു സമ്മേളനം പതിവായിരുന്നു ..ജോലി കഴിഞ്ഞെത്തുന്ന മിക്കവാറും എല്ലാ ആണുങ്ങളും ആ സമ്മേളനത്തിൽ പങ്കു ചേരുമായിരുന്നു ...

അയാൾ നാലുചുറ്റും നോക്കി ..ആ ഗ്രാമം ആകെ മാറിയിരിക്കുന്നു .. ഇതാണ് തന്റെ നാടെന്നു തനിക്കു തന്നെ വിശ്വസിക്കാൻ കഴിയാത്തത്ര തരത്തിലാണ് മാറ്റം ...നാട് മാത്രമല്ല ,താനും ആകെ മാറിയിട്ടില്ലേ ...ഇപ്പോൾ തന്നെ കണ്ടാൽ ആരെങ്കിലും പറയുമോ താനാണ് അനന്തരാമനെന്ന് ...പേര് പോലും ഓർമയിൽ അവശേഷിപ്പിക്കാൻ കഴിയാത്ത തരത്തിൽ എല്ലാവരും തന്നെ മറന്നു കാണില്ലേ ...

മറവി ഒരു അനുഗ്രഹം തന്നെയാണ് .......ഓർമ്മകൾ ശാപങ്ങളും ,...പക്ഷെ കുറെ നാളുകളായി അനന്തരാമനെ ശാപങ്ങൾ മാത്രമാണ് പിന്തുടരുന്നത് ..അനുഗ്രഹങ്ങൾ പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് അയാളുടെ ഹൃദയത്തെ സാക്ഷയിട്ടു ബന്ധിച്ചു കളഞ്ഞു ...ഒരിക്കലും തുറക്കാൻ കഴിയാത്ത തരത്തിൽ ...........അതിനു കാരണവും താൻ തന്നെയല്ലേ .....?

കഴിഞ്ഞു പോയവയെ ചികഞ്ഞെടുത്തിട്ടു പ്രത്യെകിച്ച്ചു യാതൊരു നേട്ടവുമില്ല ...ഭാവിയെ മുറിപ്പെടുത്തുന്ന ഓർമകളെ പിൻനിലാവിലെക്ക് ഉപേക്ഷിക്കണം ........ഭാവിയെ ഇല്ലാത്തവനോ ...?എന്ത് മുറിവ് ,എന്ത് ഓർമ ....


ഒരു നിമിഷത്തിന്റെ വില എത്രത്തോളമാണെന്ന് തിരിച്ചറിയാൻ അയാൾ നഷ്ടപ്പെടുത്തിയത് നീണ്ട പന്ത്രണ്ടു വർഷങ്ങളായിരുന്നു ........അത് തിരികെ കിട്ടില്ലെന്നറിയാം ,എങ്കിലും പശ്ചാത്താപത്തെക്കാൾ വലിയ പ്രായശ്ചിത്തം മറ്റൊന്നുമില്ലെന്നു പഠിപ്പിച്ചു തന്ന ഗുരുനാഥന്റെ വാക്കുകൾ ...അതാണ് അയാളെ തിരികെ ഇവിടേയ്ക്ക് എത്തിച്ചത് ...ഗുരുവിന്റെ നാവ്   സത്യത്തിന്റെ സംഗീതമേ പൊഴിക്കയുള്ളൂ ....

അനന്തരാമന്റെ  ലോകത്തിലേക്ക് സത്യത്തിന്റെ തിരി തെളിച്ചു കൊടുത്തത് അമ്മയായിരുന്നു ...ലോകത്തിലെ നിത്യ സത്യം ..അച്ഛൻ എന്ന വിശ്വാസത്തിന് കരുത്തു പകരുന്ന  സത്യം ...ആ സത്യം ഇന്ന് ഈ മണ്ണിലില്ല .....അനന്തരാമന്റെ ജനനത്തിനു മുൻപേ തന്നെ അച്ഛനെന്ന  വിശ്വാസവും യാത്രപറഞ്ഞു  പോയിരുന്നു ...
സത്യത്തിന്റെ കൈ  പിടിച്ചായിരുന്നു അയാൾ വളർന്നത്‌ ..പക്ഷെ മദ്യത്തിന്റെ ലഹരിക്ക്‌ മുന്നിൽ സത്യത്തിന്റെ ഹൃദയത്തിലെ നന്മ ഒരു കത്തിമുനയിൽ ഒടുങ്ങി .........അന്ന് ആ ഗ്രാമം അയാളെ ഒരേ സ്വരത്തിൽ വിളിച്ചു "അമ്മയുടെ ഘാതകൻ ".........................................!!!!!!

ഇനി ഈ മണ്ണിൽ തന്നെ കാത്തിരിക്കാൻ അവശേഷിക്കുന്നതായി ഒന്നും തന്നെയില്ല ..ആരും തന്നെയില്ല .....പക്ഷെ മകൻ എന്ന നിലയിൽ ചെയ്യേണ്ടുന്നതായ ഒരു കർമം ബാക്കിയുണ്ട് ...അതിനു വേണ്ടിയായിരുന്നു അയാൾ അവിടെ എത്തിയത് .....

എങ്ങോട്ടെക്കാണ്  പോകേണ്ടതെന്നറിയില്ല  .....വഴികൾ മറന്നു പോയിരിക്കുന്നു .....ജീവിതത്തിന്റെ വഴികളെ നേരെ പിന്തുടരാൻ കഴിയാത്ത താനാണോ വീട്ടിലേക്കുള്ള വഴി കണ്ടെത്തുക .....ഉള്ളിലിരുന്നു ആരോ വഴി കാട്ടുന്നത് പോലൊരു തോന്നൽ ..അനന്തരാമന്റെ പാദങ്ങൾ ആ വഴികളിലേക്ക് സഞ്ചരിച്ചു ..വയൽ വരമ്പിലെ നനഞ്ഞ മണ്ണിന്റെ വാത്സല്യം ടാറിട്ട റോഡിലെ മുള്ളുകളായി അയാൾക്ക് നേരെ കൊഞ്ഞനം കുത്തി ......

അവരും വിളിക്കുന്നു "അമ്മയുടെ ഘാതകൻ "...................!!!!!!!

ഒടുവിൽ അയാളെത്തി ..എത്തേണ്ടിടത്ത് തന്നെ ...ആരോരുമില്ലാത്ത ഒരമ്മക്കിളി സ്നേഹം കൊണ്ട് പണിതുയർത്തിയ കുഞ്ഞു കൊട്ടാരം ഒരു പ്രേതാലയം പോലെ ഇതാ മുന്നിൽ ....അയാൾ ആ വീടിനു ചുറ്റും ഒരു വട്ടം പ്രദക്ഷിണം നടത്തി ..വീടും അമ്പലം തന്നെയല്ലേ ....ദേവതയുടെ പേര് അമ്മ എന്നാണെന്ന വിത്യാസം മാത്രമല്ലേയുള്ളൂ .........അസ്ഥിത്തറയാകെ കാടു പിടിച്ചു കിടക്കുന്നു ...അൽപ നേരത്തെ പരിശ്രമം ....അവിടുത്തെ ഇരുട്ട് മാറി വെളിച്ചം വീണു ...ഇനി ഒരു വിളക്ക് കൂടി തെളിക്കണം ...പിന്നെ പിന്തിരിഞ്ഞു നോക്കാൻ നില്ക്കാതെ ഇവിടുന്നു പോകണം ..താൻ വന്നതും ,പോയതുമെല്ലാം ഒരാൾ മാത്രം അറിഞ്ഞാൽ മതി ............

തോളിലെ സഞ്ചിയിൽ നിന്നും അയാളൊരു ചിരാതു പുറത്തേക്കെടുത്തു ..അതിലേക്കു എണ്ണ പകർന്നു ..ഒരു നേർത്ത പ്രകാശം .....ആ പ്രകാശത്തിൽ അസ്ഥിത്തറയ്ക്കു കീഴെ പുഞ്ചിരിക്കുന്ന ഒരു കുഞ്ഞു ചെമ്പനീർ ചെടി ...

അമ്മയ്കേറെ ഇഷ്ടമായിരുന്നു ചെമ്പനീർ പൂക്കൾ ...വീടുമുറ്റത്തു നിറയെ ചെമ്പനീർ ചെടികൾ അമ്മ നട്ടു വളർത്തിയിരുന്നു ....അവയിൽ പൂക്കൾ വിരിയുമ്പോൾ അമ്മയുടെ മുഖത്തു പുഞ്ചിരി വിടരുന്നത് അയാളപ്പോൾ കണ്മുന്നിലെന്ന പോലെ കണ്ടു ....പക്ഷെ .........

അമ്മയുടെ വെള്ളവും വളവും പാഴായില്ല ...,അവർ അമ്മയ്ക് കാവലാളായി ......അപ്പോൾ പിന്നെ താൻ മാത്രം എന്തിനാണ് ഓടിയോളിക്കുന്നത് .....അമ്മയുടെ കോടതി ഈ മകന് മാപ്പ് നല്കില്ലേ ....?ഗുരുവിന്റെ വാക്കുകൾക്കു എന്തോ ഒരു അദൃശ്യ ശക്തി ഉള്ള പോലെ .......



തിരികെ നടക്കാൻ കൊതിച്ച പാദങ്ങളെ അമ്മ പുറകെ വിളിച്ചുവോ......ഒരു താരാട്ടിന്റെ ഈണം കാതിൽ നിറയുന്നു .........അനന്തരാമൻ വീട്ടിലേക്കു നടന്നു ....സാക്ഷയിട്ടു ബന്ധിക്കാത്ത വാതിലുകൾ ഒരു കരച്ചിലോടെ അയാളെ എതിരേറ്റു ........ആകെ ഇരുട്ടാണ്‌ ..ഇന്നിനി വെളിച്ചം വേണ്ട ...പശ്ച്ച്ചാത്താപത്തിന്റെ ഈ കണ്ണുനീർ തുള്ളികൾ ഇരുട്ടിന് സ്വന്തം .....പൊട്ടിപ്പൊളിഞ്ഞ നിലത്തേക്ക് അയാൾ തന്റെ മുഖം ചേർത്ത് വച്ച് കണ്ണുകളടച്ചു കിടന്നു .........ആത്മാവിന്റെ സന്തോഷവുമായി മഴത്തുള്ളികൾ മണ്ണിലേക്കെത്തി നോക്കി ....!!!!!

( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ  എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )



-ബിസ്മിത 

1 comment:

  1. മറവിയും ഓര്‍മ്മകളും അവ ഒരേ സമയം അനുഗ്രഹവും ശാപവുമാണ്.....
    നന്നായിട്ടുണ്ട്.... :)

    ReplyDelete

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......