അവർ രണ്ടു പേരും തനിച്ചാണ് ......
" തനിച്ച് " - ആ വാക്കിന്റെ അർത്ഥവും തേടിയായിരുന്നു അയാൾ തന്റെ യാത്ര തുടങ്ങിയത് .ആ യാത്രയ്ക്ക് ഫലമുണ്ടാകുമോ എന്ന് ഒരു നിശ്ചയവുമില്ലാതെ ഭൂമിയുടെ ഏതോ ഒരു കോണിലൂടെ അയാൾ സഞ്ചാരം ആരംഭിച്ചു ..കടന്നു പോയ കാലവും കൊഴിഞ്ഞു പോയ ദിനങ്ങളും അയാളെ നോക്കി ചിരിച്ചു
...
ആ ചിരിയിലെവിടെയൊക്കെയോ പുച്ഛം നിറഞ്ഞു നില്ക്കുന്നു .....
തോല്ക്കാൻ വേണ്ടി പോരാടുന്നവൻ എന്ന കളിയാക്കൽ
തുളുമ്പി നില്ക്കുന്നു ....
കാലിൽ മുറിവേല്പ്പിച്ച മുള്ളുകൾ സഹതാപ സംഗീതം മീട്ടുന്നു ....
കാത്തിരിക്കാനും ,ആശംസകൾ നേരാനും ,വഴികാട്ടാനും ,സ്വന്തമെന്നു പറയാനും അയാൾക്ക് ആരുമില്ലായിരുന്നു ...
ചിന്തകളായിരുന്നു അയാളുടെ വഴികാട്ടി ...അവയെ അയാൾ ആവോളം സ്നേഹിച്ചു ...അവയ്ക്ക് അവർ അർഹിക്കുന്നതിനെക്കാളേറെ സ്വാതന്ത്ര്യം നല്കി ....ചിന്തകൾ അയാളെയാണോ അതോ അയാൾ ചിന്തകളെയാണോ ഭരിച്ചിരുന്നതെന്ന് അയാൾക്കുമറിയില്ല ....അവർക്കുമറിയില്ല .........അതു കൊണ്ട് ലോകം അയാളെ ഭ്രാന്തൻ എന്ന് വിളിച്ചു ..ആ വിളി കേൾക്കാനോ
കേൾക്കാതിരിക്കാനോ അയാൾ ശ്രമിച്ചില്ല ....താനിപ്പോൾ എന്താണോ അതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ അയാൾ ശ്രമിച്ചിരുന്നു ..അത് കൊണ്ട് മറ്റുള്ളവരുടെ വാക്കുകളോ ,പ്രവൃത്തികളോ അയാളെ വേട്ടയാടിയില്ല ...
അക്ഷരങ്ങളായിരുന്നു അവളുടെ ശക്തി ....അവളുടെ അക്ഷരങ്ങൾ കൂടുതൽ സ്നേഹിച്ചത് "തനിച്ച് " എന്ന വാക്കിനെയായിരുന്നു ..അയാളെ പ്പോലെയായിരുന്നില്ല അവൾ ....അവൾക്കു എല്ലാവരുമുണ്ടായിരുന്നു ...പക്ഷേ ആ എല്ലാത്തിനുമിടയിലും അവൾ തനിച്ചായിരുന്നു ...അതെന്തു കൊണ്ടാണെന്ന് അവൾക്കുമറിയില്ലായിരുന്നു ....
അവൾ ആകാശത്തെ സ്നേഹിച്ചു ...കടലായി മാറാൻ കൊതിച്ചു ...
അവൾ ലോകത്തെ സ്നേഹിച്ചു ....ലോകത്തെ കാണാൻ ആഗ്രഹിച്ചു ...വിശാലമായ തന്റെ ഹൃദയം ആശയങ്ങളാൽ സമ്പുഷ്ടമാകുമ്പോൾ അക്ഷരങ്ങൾ അവളിൽ നിന്നും കൂടുകൾ തേടി പറന്നു ...അവൾക്കു ഭ്രാന്തെന്നു എല്ലാവരും പറഞ്ഞു ...അവൾ അത് കേട്ടു ....ആ വിളിപ്പേരിനു പിന്നിൽ ഒളിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തെ അവൾ ആവോളം ആസ്വദിച്ചു ...എല്ലാമുണ്ടായിട്ടും ഉള്ള ഒരു ഒന്നുമില്ലായ്മ ....ആ ഒന്നുമില്ലായ്മയാണ് അവളെ തനിച്ചാക്കിയത് ...
എല്ലാവരാലും സ്നേഹിക്കപെടാൻ ...,അംഗീകരിക്കപ്പെടാൻ അവൾ ആഗ്രഹിച്ചിരുന്നു ...പക്ഷേ ആ ആഗ്രഹം പലപ്പോഴും ദുർഗ്രഹമായി അവശേഷിച്ച്ച്ചു .... അങ്ങനെ അവൾക്കു അവളെ നഷ്ടമായി ...
രണ്ടു പേരും ഒടുവിൽ എത്തിപ്പെട്ടത് ഒരേ സ്ഥലത്തു തന്നെയായിരുന്നു ....
പുറം ലോകത്ത് നിന്നും അവരെ വേർതിരിച്ചു നിർത്തുന്ന മറ്റൊരു ലോകം ..ആരുടേയും വാക്കുകൾക്കു കാതോർക്കേണ്ടതില്ലാത്ത തീർത്തും വ്യത്യസ്തമായ ലോകം ...എങ്ങനെയും ചിന്തിക്കാം ...എപ്പോൾ വേണമെങ്കിലും പ്രവൃത്തിക്കാം ...എന്തും പറയാം ...ഏതും എഴുതാം ....അവിടെ ഒരു വലിയ മുറിയിൽ ഓരോരുത്തരും തനിച്ചിരുന്നു അവരുടെതായ ലോകത്തിൽ സന്തോഷം കണ്ടെത്തി .....
അതിനിടയിലെപ്പോഴോ അയാൾ അവളുടെ വാക്കുകളെ സ്നേഹിച്ചു ...അവൾ അയാളുടെ ചിന്തകളെയും ...അയാളുടെ ചിന്തകൾക്ക് അവളുടെ വാക്കുകൾ കരുത്തേകി ...രണ്ടു പേരിൽ നിന്ന് അവർ ഒന്നായി ചുരുങ്ങി ...ലോകത്തെ മാറ്റിമറിക്കാൻ പോന്ന ശക്തി അവരിൽ നിന്നു പിറന്നു ....അവൾ ആഗ്രഹിച്ചതും അയാൾ പറയാൻ ശ്രമിച്ചതും കാതോർക്കാൻ ലോകം അവർക്കായി സമയം കണ്ടെത്തി ....അംഗീകാരത്തിന്റെ പെരുമഴക്കാലം ......ഏറെ നാൾ അതിനു ആയുസ്സുണ്ടായില്ല ....
ചിന്തകൾ വാക്കുകളെ കൈവെടിഞ്ഞു ......ചോദ്യം ചെയ്യപ്പെടാൻ ആരുമില്ലാത്ത ലോകത്തേക്ക് ചിന്തകൾ യാത്ര ചോദിച്ചു പോയപ്പോൾ വാക്കുകൾ വീണ്ടും തനിച്ചായി ......
ഒറ്റയ്ക്കൊരു നിലനിൽപ് അസാധ്യമാണെന്ന തിരിച്ചറിവ് അവളെ തളർത്തി ....അവൾ വീണ്ടും തനിച്ചായിരിക്കുന്നു ....അനതതയിൽ അലയുന്ന കുറെ ചോദ്യചിഹ്നങ്ങൾ .......
ഇരുട്ട് നിലാവെളിച്ചത്തിനു വഴിമാറിക്കൊടുത്ത ഏതോ ഒരു രാത്രിയിൽ വാക്കുകൾ കൂട് വിട്ടു പറന്നു ...ചിന്തകൾക്കടുത്തെക്ക് ....
ചോദ്യങ്ങളുടെ മുള്ളുകൾ കുത്തിനോവിക്കാത്ത ഒരു ലോകത്ത് അയാൾ അവൾക്കു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ കുറച്ചായി .....അവളില്ലാതെ അയാൾക്കോ അയാളില്ലാതെ അവൾക്കോ നിലനില്പില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തുടങ്ങിയ കാത്തിരിപ്പാണ് അത് ....അവിടെയ്ക്കിതാ അവൾ എത്തിയിരിക്കുന്നു ......അവിടെ നിന്നും അവളുടെ കൈയും പിടിച്ചു അയാൾ വീണ്ടും തന്റെ യാത്ര തുടങ്ങി..അവരുടേത് മാത്രമായ ഒരു ലോകത്ത് തനിച്ചു ജീവിക്കുവാൻ വേണ്ടി ...
ഒരു യാത്രയും ഒന്നിന്റെയും അവസാനമല്ല ...ഒന്ന് അവസാനിക്കുന്നിടത്തു നിന്ന് മറ്റൊന്ന് തുടങ്ങണമെന്നത് പ്രകൃതി നിയമം ... ...
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......