Wednesday 15 April 2015

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വന്നണയൂ......!!!!

കണിക്കൊന്നയും കൈനീട്ടവും പേരിനൊരു സദ്യയും പിന്നെ കുറച്ചു പടക്കവും ...അതോടെ ഇത്തവണത്തെ വിഷുവും അവസാനിച്ചു ..ഇനി അടുത്ത വര്‍ഷം വീണ്ടും ഇത് പോലെ .....ആഘോഷങ്ങളൊക്കെ ഒരു കാട്ടിക്കൂട്ടലായി 
മാറിക്കൊണ്ടിരിക്കുകയാണ് ....ആര്‍ക്കോ കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി വഴിപാടു നടത്തുന്ന പോലെ ...

വിഷു എന്നു നാവു ഉളുക്കാതെ പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ എനിക്ക് വിഷു കൈനീട്ടത്തിന്റെ മാത്രം നാളാണ് ...കുറച്ചു പോക്കറ്റ്‌ മണി കിട്ടുന്നത് കൊണ്ട് വിഷുവിനെ സ്നേഹിച്ചിരുന്നു എന്നു മാത്രം ...ഇന്നും അതില്‍ 
കവിഞ്ഞൊരു ആത്മാര്‍ഥമായ അടുപ്പവും എനിക്ക് വിഷുവിനോട് തോന്നുന്നില്ല ....എന്നിരുന്നാലും വിഷു എന്നു കേള്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ മനസ്സ്  ഒരു ആഘോഷ ചൂടിലേക്ക് നടന്നടുക്കുന്നു ....

ജീവിതത്തില്‍ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും എനിക്ക് കണിക്കൊന്നകള്‍ ഇത്രയും ഭംഗിയായി തോന്നിയിരുന്നില്ല ....ആദ്യമായി ഈ വിഷു കാലത്താണ് ഞാന്‍ കൊന്ന പൂക്കളുടെ മനോഹാരിത നേരിട്ട് കണ്ടത് ...അവയുടെ ഭംഗി 
അടുത്തു കണ്ടു ആസ്വദിച്ചത് ...അന്നാണ് കൊന്നപ്പൂക്കളും മനം മയക്കുന്ന സുന്ദരിമാരാണെന്ന സത്യം ഞാന്‍ അടുത്തറിഞ്ഞത് ... 

എന്നത്തെയും പോലെ ബസ്സിലെ ജാലകത്തിനടുത്ത ഇരിപ്പിടം കരസ്ഥമാക്കി വഴിയോരക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കവേയാണ് കൊന്ന 
പൂവിട്ടു നില്‍ക്കുന്നത് കാണുന്നത് ...

തൊട്ടപ്പുറത്തെ  സീറ്റില്‍ ഇരിക്കുന്ന ആറേഴു വയസ്സ് പ്രായം തോന്നിക്കുന്ന 
ഒരു കുഞ്ഞു ചെക്കന്‍ ...സീറ്റില്‍ നിന്നെണീറ്റ് അതിശയത്തോടെ കൊന്നപ്പൂക്കളെ ചൂണ്ടി      "അമ്മേ ...നോക്ക് ..കണിക്കൊന്ന ..."   എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു .

ബസ്‌ മുന്നോട്ടു നീങ്ങവേ ആ കുഞ്ഞികണ്ണുകള്‍ പുറകിലേക്ക് ഓടി ആവുന്നത്രയും മനോഹാരിത നുകര്‍ന്നെടുത്തു ... 
അവന്‍റെ അതിശയം കണ്ടു ഞാനും വെറുതെ കൊന്നപ്പൂക്കളെ ഒന്ന് നോക്കി....
പിന്നെ ശ്രദ്ധ പതിയെ അവനിലേക്ക്‌  തിരിഞ്ഞു ..

" അമ്മേ ...എന്നാ വിഷു ...? "
" കുറച്ചീസം കൂടി കഴിഞ്ഞിട്ടാണല്ലോ മോനൂട്ടാ വിഷു ..."
" വിഷൂനു നമ്മള് കൊന്നപ്പൂ കാണൂലെ അമ്മേ ...? "
" കൊന്നപ്പൂ മാത്രോല്ല മോനൂട്ടാ ...കൃഷ്ണനേം ,പൂക്കളേം ,പഴങ്ങളേം , പച്ചക്കറികളേം ഒക്കെ വച്ചു അമ്മ മോനൂട്ടന് കണി കാണിച്ചു തരാല്ലോ ....."
" അപ്പൊ കൈനീട്ടോ അമ്മേ ....??? " -അവന്‍റെ നിഷ്കളങ്കമായ ആ ചോദ്യം അമ്മയില്‍ ഒരു പുഞ്ചിരി ഉളവാക്കി .
" എല്ലാം തരാമെടാ ,,,,,വിഷു ആകട്ടെ ...."

എന്‍റെ സ്റ്റോപ്പ്‌ എത്തി ...ഞാനിറങ്ങി ...അന്ന് ആ വിഷയം അവിടെ അവസാനിച്ചു .

രണ്ടു മൂന്നു ദിവസം കഴിഞ്ഞു ബസില്‍ ഇരിക്കവേ പെട്ടന്ന് അവനെ ഓര്‍ത്തു  , അങ്ങനെ കൊന്നയെയും ...
റോഡിന്‍റെ ഇരുവശങ്ങളിലുമായി കൊന്നമരം പൂവിട്ടു നില്‍ക്കുന്നു .....
കണിക്കൊന്നകള്‍ കൊണ്ട് ആകെയൊരു സ്വര്‍ണമയം ...കാണാന്‍ കണ്ണിനും ,മനസ്സിനും കുളിര്‍മ ....ഇന്നലെ രാവിലെ വരെ ഒരു ദിവസമൊഴിയാതെ 
ആ മനോഹാരിത ഞാന്‍ ആസ്വദിച്ചു .....
അരികിലിരുന്നവരെ  "ദെ നോക്കിയേ ...കണിക്കൊന്ന  ..." എന്നു പറഞ്ഞു വിളിച്ചു കാണിച്ചും  കാണാന്‍ കഴിയാത്തവരോടൊക്കെ ആ മനോഹാരിതയെ കുറിച്ചു പറഞ്ഞും ഞാനും കുറച്ചു ദിവസം അവളെ പ്രണയിച്ചു ....
പ്രകൃതിയെ സുന്ദരിയായി കാണുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം തിരിച്ചറിഞ്ഞു .....

ഇന്നലെ വൈകിട്ട് അവസാനമായി കൊന്നപ്പൂക്കളെ ഒന്ന് കാണാന്‍ ആഗ്രഹിച്ചു ....വിഷു കഴിഞ്ഞാല്‍ പിന്നെ അവരെ  ഇത്രയും സുന്ദരികളായി കാണാന്‍ പറ്റില്ലല്ലോ .......പക്ഷേ നിരാശയായിരുന്നു ഫലം ...ഒരു കൊന്നപ്പൂവിനെ 
പോലും കാണാന്‍ കഴിഞ്ഞില്ല ....കൊന്ന മരങ്ങളൊക്കെ തിരുപ്പതിക്ക് പോയെന്നു തോന്നുന്നു ....എല്ലാവരും  പൂക്കളെയൊക്കെ കളഞ്ഞു നില്‍ക്കുകയാണ് ....അവിടെയെങ്ങും കൊന്നമരം നിന്നു എന്ന ഓര്‍മ പോലും 
അവശേഷിപ്പിക്കാതെ .....

തിരികെ വീടെത്തുന്നത് വരെ കൊന്നപ്പൂക്കള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരെ കണ്ടു ...ഒട്ടിച്ചു വച്ച പ്രൈസ് ടാഗുകള്‍ ഇല്ലാതെ തോന്നിയ വിലയ്ക്ക് വില്പന നടത്തുന്നവര്‍ ....ഒരു സന്ധ്യക്ക്‌ വേണ്ടി മാത്രം കച്ചവടക്കാരായി മാറിയവര്‍ ....കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ 
മുത്തശ്ശിമാര്‍ വരെയുണ്ട് അക്കൂട്ടത്തില്‍ ....ചോദിക്കുന്ന കാശ് കൊടുത്ത് അത് വാങ്ങിക്കൊണ്ട് പോകാന്‍ആള്‍ക്കാരുമുണ്ട് .....
പണ്ട് പറമ്പില്‍ നിന്നവള്‍  ...
ഇന്ന് റോഡില്‍ നില്‍ക്കുന്നവള്‍ ...
നാളെ ഓര്‍മകളില്‍  മാത്രം വിടരാന്‍ പോകുന്നവള്‍ ....
കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ കൊന്നപ്പൂക്കളും പ്ലാസ്റ്റിക് പൂക്കളായി 
പുനര്‍ജനിക്കുമായിരിക്കണം ......

വിശേഷങ്ങള്‍ വരുമ്പോള്‍ മാത്രം ആവശ്യക്കാരെ ഓര്‍ത്തെടുക്കുന്നവരാണല്ലോ നമ്മള്‍ ...
ഇന്നത്തോടെ കൊന്ന പൂക്കളുടെ ആവശ്യം കഴിഞ്ഞു ...ഇനി അടുത്ത മേട ചൂടില്‍ കണിയൊരുക്കാന്‍ നേരം ഒരു വിഷു പാച്ചില്‍ നടത്തിയാല്‍ മതിയല്ലോ .അവള്‍ ഓടിയിങ്ങു പൂജാമുറിയിലെത്തിക്കോളും ......
കണിയൊക്കെ ഭംഗിയാക്കി കൈനീട്ടവും തന്നു രാത്രിയാകുമ്പോള്‍ തൊടിയിലെ ചവറുകൂനയ്ക്കരികില്‍ അവള്‍ ഉണങ്ങിയുറങ്ങിക്കോളും ......
ആരോടും പരിഭവം പറയാതെ ...... 

അടുത്ത മേടപ്പുലരിക്കു കണിയാകുവാന്‍ കൊന്നപ്പൂവേ നീ വരുമോ ....??????

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......