Thursday, 30 June 2016

# Anamika#

ഓള് ആരാന്നു ഓൾക്ക് തന്നെ അറിയാവുന്നോണ്ടു ഞമ്മളിനി പേരെടുത്തു പറയണില്ല......!!!!!


കോളേജ് പഠന കാലത്താണ് ഞാൻ  ഈ കിടാവിനെ കണ്ടുമുട്ടിയത് .ഓൾക്ക് ഞമ്മളെക്കാൾ ഒരു രണ്ടു വയസ്സിന്റെ മൂപ്പുണ്ട് കേട്ടാ ...ഓളെക്കാളും കാണാൻ ഗ്ളാമർ ഞമ്മള് ആയിരുന്നു , എന്നാലും ഓൾടെ കണ്ണ് ....അതൊരു വല്ലാത്ത കണ്ണാണ് കേട്ടാ...ആ കണ്ണിലോട്ടു നോക്കിയാൽ ഞമ്മളെക്കാളും ചുന്ദരി ഓള് തന്നാണ് ....

നെറ്റിമേല് ഒരു ചന്ദന കുറിയും , തേച്ചു തേച്ചു വടിവൊപ്പിച്ച വസ്ത്രവും ,പിന്നെ ഒരു കണ്ണടയും ....ഓള് ബ്യൂട്ടി തന്നെയാണ് .

ഓളൊരു തൊട്ടാവാടി ചങ്കരിയാണ് .പിണങ്ങാൻ വലിയ കാരണമൊന്നും വേണ്ടാത്ത ആളാ ....നാലു പേര് കൂടി നിക്കണടത്ത് ഓളേം കൊണ്ടു ചെന്നു എന്നങ്ങട് ബെക്കിം.. സംസാരിച്ചു സംസാരിച്ചു ഓള് നിക്കണ കാര്യം ഞമ്മള് മറന്നാൽ ആടെ തീർന്നു ഞമ്മടെ കാര്യം ..പക്കേങ്കി അന്നത്തേക്കേ ആ പിണക്കം കാണുള്ളൂ ....വീട്ടി പ്പോയാ ഉടനെ ഓള് ഞമ്മക്ക് മെസ്സേജ് ബിടും .ഞമ്മള് കാണിച്ചത് സെരിയല്ലാന്നും പറഞ്ഞിട്ടു ....പിന്നെ ഓളുടെ ദേഷ്യം കാണാൻ നല്ല രസാണ് , അതോണ്ട് ഞമ്മള് ആ വഴക്കു അങ്ങു ബലുതാക്കും...പിന്നെ കരഞ്ഞും , ചിരിച്ചതും ഞമ്മള് ബീണ്ടും ഒന്നാകും ....അങ്ങനെ അങ്ങനെ ..

ഓൾക്ക് പക്ഷെ പേടിയാണ് ....ജീവിതം ഓൾക്ക് നൂറു സന്തോഷം കൊടുത്താൽ ആയിരം സങ്കടോം കൊടുത്തിരിക്കും , അതോണ്ട് ഓൾക്ക് സന്തോഷിക്കാൻ പേടിയാണ് .....

ഓളെ ഞമ്മക്കടെ വീട്ടുകാർക്കും ബല്യ കാര്യമാണ് ....ഓളുടെ മൂക്കിന്റെ തുമ്പത്ത് ഒരു കുട്ടക്ക് ദേഷ്യം കൂട്ടി ബച്ചിട്ടുണ്ടേ , കൂടെ ക്ഷമ എന്നു പറയണ സാധനം അടുത്തൂടെ പോയിട്ടില്ല ....എങ്കിലും ഓള് നല്ലവളാണ് , ചുരുങ്ങിയ കാലം കൊണ്ടു ഓള് ഞമ്മടെ ഏറ്റം പ്രിയപ്പെട്ട ചങ്ങായി ആയില്ലേ .....ഓള് പിണങ്ങിയാൽ ബല്ലാത്ത സങ്കടമാണ് ....ഓള് മിണ്ടണ വരെ കാത്തിരിക്കണം .അല്ലാതെ ഇതിനിടയ്ക്ക് ഞമ്മള് എങ്ങാനും അങ്ങോട്ടു ചെന്നു മുണ്ടിന്ന് ബെക്കീം ...അപ്പൊ ഓള് ജാഡ ഇട്ടു സംസാരിക്കും ....എന്നാലും ഓള് നല്ലവളാണ് ....

പിന്നെ ....ഓള് ഞമ്മളെകാട്ടിലും നന്നായിട്ടു എഴുത്തും കേട്ടാ ....ഓള് എഴുതണ സാധനങ്ങള് ചിലപ്പോ ഞമ്മക്ക് പോലും എന്താണ് എന്നു പുടികിട്ടൂല ഓൾക്കും ബ്ലോഗ് ഒക്കെ ഉണ്ട് . (http://hridhayaksharangal.blogspot.in/)പിന്നെ ഓള് നന്നായി പാടും ....വായിക്കാൻ ഓൾക്ക് വലിയ ഇഷ്ടമാണ് ...എന്നേം ഓളേം ഒരുപോലെ പ്രാന്ത് പിടിപ്പിക്കണ ആൾക്കാരാണ് പാലേരിയും , പൗലോയും....
പിന്നെ ഓളും ഞമ്മളെപ്പോലെ ഒരു സ്വപ്നജീവിയാ ....ഞമ്മള് കൊണ്ടു നടക്കണ പോലെ  ഒരു കെട്ടു ഫിലോസഫി ഓളും  സ്വന്തമായി കൊണ്ടു നടക്കും , അതും പറഞ്ഞു ജീവിക്കും , എന്നിട്ടെന്താവാനാ ....ഒന്നും ആവൂല ......

ഓള്  ബല്യ SOFTWARE ENGINEER ആണ് കേട്ടാ ....കോഡിങ്ങിൽ ബുജി ആണ് ,,,,പിന്നെ ഓൾക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു കുറുമ്പനുണ്ട് ....ഓള് മെലിഞ്ഞിരിക്കണ കാണാൻ മാത്രം ഇഷ്ടമുള്ള ഒരു അനിയൻ കുറുമ്പൻ .പക്ഷെ അതിനേക്കാളും ഓൾക്ക് ഇഷ്ടമുള്ള ഒരാളുണ്ട് .......ആരാണെന്നോ ....ഓൾടെ സ്വന്തം KISS ME...CLOSE YOUR EYES...AND MISS ME...

ഓളുടെ ഇഷ്ട ദൈവം ശിവൻ ആണ് .....ഓളും പുള്ളിയും തമ്മിൽ വലിയ ക്ലോസ് ആണ് .....വ്രതം കൈക്കൂലി കൊടുത്തു കാര്യ സാധ്യത്തിനായി അദ്ദേഹത്തിനെ കാണുന്ന  ഓളെ ഇതേ വരെ പുള്ളി നിരാശപ്പെടുത്തിയിട്ടില്ല ....ഇനിയും അവളുടെയാ പൂജ്യ ദേവൻ അവൾക്കൊപ്പം എന്നുമുണ്ടാകട്ടെ .....അവളുടെ ആഗ്രഹങ്ങളെല്ലാം പൂവണിയട്ടെ ......

കോളേജ് തീരുന്നതോടെ അവസാനിക്കും എന്നു കരുതിയ ആ ബന്ധം ഇന്നും തുടരുന്നുണ്ട് , കൊച്ചു കൊച്ചു പിണക്കങ്ങളും , നേർത്ത പരിഭവങ്ങളുമൊക്കെയായി .......

പക്ഷെ ആ കാന്താരി ഇപ്പോൾ ഞമ്മളോട് പിണങ്ങി ഇരിക്കുവാണ്    കേട്ടോ.......ഇനി ഇതൊക്ക വായിച്ചിട്ടു , പഴയ കാര്യങ്ങളൊക്കെ ഓർത്തിട്ടു ഓൾക്ക് ഞമ്മളോടുള്ള പിണക്കം മാറിയാലോ ....അതോ ഇനി ഓളെ ക്കുറിച്ച് ഓളോട് ചോയിക്കാണ്ട് ഞമ്മള് എയുതി എന്നും പറഞ്ഞു ഓള്  പുതിയ പിണക്കം തുടങ്ങുമോ എന്തോ .......ഓൾക്കും ഓളുടെ ശിവനും മാത്രം അറിയാം ......!!!!!!

Tuesday, 28 June 2016

#Hitler #Madhavan #kutti


എന്റെ ഹിറ്റ്ലർ മാധവൻ കുട്ടി...!


ഈ ഭൂമിയിലെ മനോഹാരിതയിലേക്കു  എനിക്കും മുൻപേ കണ്ണു തുറന്നു , എന്റെ പ്രഥമ സ്ഥാനം കൈയടക്കിയ ഒരുവനുണ്ട് .അവൻ എന്റെ ജീവിതത്തിലെ വില്ലൻ ആണെന്നായിരുന്നു എന്റെ ധാരണ .അമ്മയ്ക്ക് അവനെ ജീവൻ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ ഉറപ്പിച്ചു , ഇവൻ തന്നെയാണ് എന്റെ ജീവിതത്തിലെ വില്ലൻ .ആദ്യം ഇവനെ ഒതുക്കണം .

എന്നാൽ ഞാൻ വളരും തോറും എന്റെയാ ധാരണ മാറി മാറി ,ഒടുവിൽ എന്റെ ലോകത്തിലെ രാജാവായി എനിക്കൊപ്പം അവനും വളർന്നു .പെൺകുട്ടികളുടെ ഹീറോ അവരുടെ അച്ഛൻ ആണെന്നാണ് സാധാരണ എല്ലാവരും പറയാറ് , പക്ഷെ എന്റെ ഹീറോ , അവനാണ് ....എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠൻ .....

ഒരു മിഠായി കിട്ടിയാൽ അതിന്റെ നേർ പകുതി എനിക്കായി നൽകുന്നവൻ ....
സ്വന്തം വിശപ്പിനേക്കാൾ എന്റെ വിശപ്പിനു വില നല്കിയവൻ...
അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും നിറമുള്ള വസ്ത്രങ്ങൾ വാങ്ങി നൽകി , ഞങ്ങളുടെയൊക്കെ സന്തോഷത്തിന്റെ സ്വന്തം വസ്ത്രമാക്കിയവൻ ....
അനുജത്തിയുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി പഠനം എന്ന സ്വപ്നം ഉപേക്ഷിച്ചു ജോലിക്കായി അന്യ നാട്ടിലേക്കു വണ്ടി കയറിയവൻ...
പ്രിയപ്പെട്ടവരുടെ കണ്ണുനീരിനു മുൻപിൽ സ്വന്തം പിടിവാശികളെ വേണ്ടെന്നു വയ്ച്ചവൻ.....
സ്വന്തം സന്തോഷത്തേക്കാളേറെ കുടുംബത്തിന്റെ സന്തോഷത്തിൽ സംതൃപ്തനാകുന്നവൻ ...!!!!

അവന്റെ പ്രായത്തിലുള്ള കുട്ടികൾ നല്ല നിറമുള്ള വസ്ത്രങ്ങൾ ഇട്ടു നടക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ തുണി വാങ്ങി തയ്പ്പിച്ചു അവൻ ഷർട്ടിട്ടു. ആദ്യമായി അവൻ ഒരു റെഡിമെയ്ഡ് ഷർട്ട് ഇട്ടു കാണുന്നത് അവന്റെ 24-ആം വയസ്സിലാണ് .

തിരിച്ചു കടിക്കാത്ത എന്തിനെയും അവൻ കഴിക്കുമായിരുന്നു .മാഗിയും , ബ്രെഡും , ദാൽ കറിയുമൊന്നും അവന്റെ ഇഷ്ട ഭക്ഷണമേ അല്ല ....ജീവിക്കാൻ വേണ്ടി ഭക്ഷിക്കണം എന്നാണ് അവൻ പറയാറ് .ഇപ്പോൾ മേൽ പറഞ്ഞ അനിഷ്ടക്കാരെയൊക്കെ ജീവിക്കാൻ വേണ്ടി അവൻ ഭക്ഷിക്കുന്നുണ്ട് .

കാണാൻ വലിയ സുന്ദരൻ അല്ലെങ്കിലും അവന്റെ മനസ്സിനോളം സൗന്ദര്യം ഞാൻ ഈ ലോകത്തു മറ്റൊന്നിലും കണ്ടിട്ടില്ല ...

അനു എപ്പോഴും പറയാറുണ്ട് , നിന്റെ ചേട്ടനെ കാണുമ്പോൾ എനിക്കു ഹിറ്റ്ലർ മാധവൻ കുട്ടിയെയാണ് ഓര്മ വരാറ് എന്ന്.
അതേ , എനിക്കും അവൻ ഹിറ്ക്ലർ ആണ് ...വീടെന്ന ഞങ്ങളുടെ കൊച്ചു ലോകത്തെ മനോഹരമായ സ്വപ്നങ്ങൾ കൊണ്ടു നിറയ്ക്കുന്ന THE GREAT KING - ഹിറ്റ്ലർ 

ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു , -" എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹം .....?"

അവന്റെ മറുപടി വളരെ ലളിതമായിരുന്നു ... " ഉമ്മ ഒന്നു വിളിച്ചാൽ വിളി കേൾക്കാൻ കഴിയുന്ന തരത്തിൽ , ഉമ്മാക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ ഓടിയെത്താൻ കഴിയുന്ന അകലത്തിൽ ജീവനുള്ളിടത്തോളം എനിക്കുണ്ടാകണം ....."

ഈ ലോകത്തു എന്തൊക്കെ സുഖ സൗകര്യങ്ങൾ എനിക്കു ലഭിച്ചാലും , ഏതു മണിമാളികയിൽ ഞാൻ താമസിച്ചാലും എന്റെ മനസൊന്നു സങ്കടപ്പെട്ടാൽ ഞാൻ ആദ്യം ഓർക്കുക അവനെ ആയിരിക്കും ...

പകരം വയ്ക്കാൻ ഒന്നുമില്ലാത്ത ആ സ്നേഹത്തിനെ.....
എന്റെ ജീവനുള്ളിടത്തോളം കാലം നിനക്കെന്തു പ്രശ്നം വന്നാലും ഞാൻ കൂടെയുണ്ടാകും എന്ന ആ വാക്കിനെ ......
ജീവിതത്തിൽ ഇന്ന് ഞാൻ എത്തി നിൽക്കുന്നതു എവിടെയോ , അവിടെ വരെ എന്നെ എത്തിച്ച ആ ഊർജസ്രോതസ്സിനെ .......

നിനക്കു പകരം വയ്ക്കാൻ മറ്റാരുമില്ലെനിക്ക് ഈ ജീവിതത്തിൽ ....
നമ്മളിൽ ഒരാൾക്ക് ജീവനുള്ളിടത്തോളം എന്നും  എന്റെ പ്രഥമാശ്രയവും , അഭയവും നീ മാത്രമായിരിക്കും ....
സർവേശ്വരൻ നിന്റെ പ്രാർത്ഥനകൾക്കെല്ലാം നീയാഗ്രഹിക്കുന്ന മറുപടി നൽകട്ടെ ......

(അവൻ എന്നുള്ള പദ  പ്രയോഗം കാരണം എനിക്കു എന്റെ ആങ്ങളയോടുള്ള ബഹുമാനത്തിന്റെ കണക്കെടുപ്പ് നടത്താൻ തൽക്കാലത്തേക്ക് ആരും ശ്രമിക്കരുതേ .....എഴുത്തിന്റെ ഒഴുക്കിനു വേണ്ടി അങ്ങനെ പ്രയോഗിച്ചു എന്നെ ഉള്ളൂട്ടോ ......)

Tuesday, 7 June 2016

ഇതിനു ജീവിച്ചിരിക്കുന്നവരും , മരിച്ചു പോയവരും ആയി സാദൃശ്യമുണ്ട് ....

ഇതിനു ജീവിച്ചിരിക്കുന്നവരും  , മരിച്ചു പോയവരും  ആയി സാദൃശ്യമുണ്ട് ....


വ്യക്തികൾ , വസ്തുക്കൾ , സ്ഥലങ്ങൾ ഇവ മൂന്നിനും ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട് .
നാം കണ്ടു മുട്ടുന്ന , ഇടപഴകുന്ന വ്യക്തികളാണ് നമ്മുടെ ചരിത്രപുസ്തകം , നാം നിലനില്പിനായി ആശ്രയിക്കുന്ന , നമ്മുടെ നിലനില്പ്പിന്റെ കഥ പറയുന്ന ചരിത്ര പുസ്തകം ...
വസ്തുക്കളെ ആശ്രയിച്ചാണ്‌ നമ്മുടെ ജീവിതം , ആ വസ്തു ചെറുതോ , വലുതോ , മൂല്യമേറിയതോ നിസ്സാരമോ ആകാം , എങ്കിലും അവയില്ലെങ്കിൽ നമ്മുടെ ജീവിതം അസാധ്യവുമാകാം ...
ഇനി മൂന്നാമൻ ...ആദ്യം പറഞ്ഞ രണ്ടു പേരും വേണമെങ്കിൽ ഈ മൂന്നാമന്റെ സാന്നിധ്യം അനിവാര്യം തന്നെ ..നാം ആരോടൊപ്പം എങ്ങിനെ ജീവിക്കുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ ജീവിക്കുന്നു എന്നതും,..ആ " എവിടെ " ആണ് നാം ജീവിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാൻ നമെം പ്രാപ്തരാക്കുന്നത്‌ .

ഇനി കാര്യത്തിലേക്ക് വരാം ...പെട്ടെന്ന് അങ്ങനെ ഇരുന്നപ്പോൾ ഇന്നലെ ഒരു കൊള്ളിയാൻ പാഞ്ഞു പോയത് കണ്ടു , പോയത് നമ്മുടെ തലയിലൂടെ ആണെന്ന് മാത്രം .....
രാത്രി ഏകദേശം 8 മണി ആകുന്നതെയുള്ളൂ . ബ്ലോക്കും ട്രാഫിക്കും കടന്നു ഒരു ബസ്സിൽ നിന്നും ഇറങ്ങി അടുത്ത ബസ്സിലേക്ക് കയറാൻ പോകുന്ന സമയം . എന്തോ മഹാ ഭാഗ്യത്തിന്  സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ ബസ്സിൽ കയറി ഇരുന്നപ്പോൾ മുന്നിലിരുന്ന ഒരുത്തൻ ,

" എടോ , തനിക്കു സുഖമാണോ "എന്നൊരു ചോദ്യം

ഞാൻ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തിച്ചു അവനെ നോക്കി ...അപ്പൊ ദേ വരുന്നു അടുത്ത  ചോദ്യം ..

" ഇപ്പോൾ എന്താ ചെയുന്നെ , എന്താ ഇത്രേം താമസിച്ചെ ..."

സർവ ഓര്മകളും സട കുടഞ്ഞു എഴുനേറ്റു...ആ മുഖം കണ്ടു പരിചയമുണ്ട് .അത് ഉറപ്പ്,,,ആ ഉറപ്പിന്റെ ബലത്തിന്മേൽ അവനു മറുപടി കൊടുത്തു....

ഒടുവിൽ രോഗി ആഗ്രഹിച്ച പോലെ  തന്നെ അവന്റെ അടുത്ത ചോദ്യം വന്നു ..
" തനിക്കെന്നെ മനസ്സിലായില്ലേ ....?"

 "പേര് ഞാൻ  ഓർക്കുന്നില്ല , എവിടെ വച്ചുള്ള പരിചയം ആണെന്നും മറന്നു പോയി , പക്ഷെ എനിക്ക് തന്നെ അറിയാം " - ഒരു ചമ്മലോടെ ഉള്ള എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ...

" എടോ ,,,,ഞാൻ സിബി , നമ്മള് ഹയർ സെക്കന്ററി ബാച്ചിൽ ഒരുമിച്ചാരുന്നു ....മറന്നോ ...? "

ഊൗഹ് ....അങ്ങനെ ..ഇപ്പോൾ ആളെ പിടി കിട്ടി , എന്റെ ചമ്മൽ അവനു മനസ്സിലായത്‌ കൊണ്ട് കൂടുതലൊന്നും അവൻ ചോദിച്ചുമില്ല , ഞാൻ പറഞ്ഞുമില്ല . ഒടുവിൽ എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ ആയതും ഞാൻ അവനൊരു ടാറ്റ കൊടുത്തു , ഇറങ്ങാൻ തുടങ്ങിയ എന്നെ അവൻ പുറകെന്നു വിളിച്ചിട്ട് ഒരു ചോദ്യം ,

" എടോ ....തന്റെ പേര് എന്താ ...? "

ഞാൻ ആരാന്നും അവൻ ആരാന്നും രണ്ടു പേര്ക്കും അറിയാതെ പോയതിലെ അതിശയോക്തി കേട്ട് ഞാൻ പ്ലിങ്ങിപ്പോയി .....

പിന്നെ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഒന്നുമില്ലെങ്കിലും അവൻ എന്റെ പേര് മാത്രമേ മാത്രമേ മറന്നുള്ളൂ , ഞാൻ അവനെ തന്നെ മറന്നു പോയില്ലേ ......

അതോടെ ഞാൻ എനിക്കറിയാവുന്നവരെ എല്ലാം ഓർത്തെടുക്കാൻ തുടങ്ങി , അങ്ങനെ ഓർത്തെടുത്തപ്പോൾ ഒരിക്കലും മറക്കേണ്ടാത്ത കുറച്ചു മുഖങ്ങളെ കിട്ടി ...ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഓർത്ത്‌ വയ്ക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു ഗജിനി ആയതു കൊണ്ട് അവർക്കെല്ലാം എന്റെ ബ്ലോഗിലൂടെ മുഖങ്ങൾ നല്കി ഓർമയിൽ സൂക്ഷിക്കാൻ ഞാൻ അങ്ങ് തീരുമാനിച്ചു .

ആയതിനാൽ ഇനിയുള്ള പോസ്റ്റുകളിൽ ഏതിലെങ്കിലും ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ ആയി സാദൃശ്യമുള്ള ആരെ കണ്ടാലും അതിൽ യാഥാർത്യമുണ്ട് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തി  കൊള്ളുന്നു .....