Tuesday, 28 June 2016

#Hitler #Madhavan #kutti


എന്റെ ഹിറ്റ്ലർ മാധവൻ കുട്ടി...!


ഈ ഭൂമിയിലെ മനോഹാരിതയിലേക്കു  എനിക്കും മുൻപേ കണ്ണു തുറന്നു , എന്റെ പ്രഥമ സ്ഥാനം കൈയടക്കിയ ഒരുവനുണ്ട് .അവൻ എന്റെ ജീവിതത്തിലെ വില്ലൻ ആണെന്നായിരുന്നു എന്റെ ധാരണ .അമ്മയ്ക്ക് അവനെ ജീവൻ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ഞാൻ ഉറപ്പിച്ചു , ഇവൻ തന്നെയാണ് എന്റെ ജീവിതത്തിലെ വില്ലൻ .ആദ്യം ഇവനെ ഒതുക്കണം .

എന്നാൽ ഞാൻ വളരും തോറും എന്റെയാ ധാരണ മാറി മാറി ,ഒടുവിൽ എന്റെ ലോകത്തിലെ രാജാവായി എനിക്കൊപ്പം അവനും വളർന്നു .പെൺകുട്ടികളുടെ ഹീറോ അവരുടെ അച്ഛൻ ആണെന്നാണ് സാധാരണ എല്ലാവരും പറയാറ് , പക്ഷെ എന്റെ ഹീറോ , അവനാണ് ....എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠൻ .....

ഒരു മിഠായി കിട്ടിയാൽ അതിന്റെ നേർ പകുതി എനിക്കായി നൽകുന്നവൻ ....
സ്വന്തം വിശപ്പിനേക്കാൾ എന്റെ വിശപ്പിനു വില നല്കിയവൻ...
അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പുകൾക്കും നിറമുള്ള വസ്ത്രങ്ങൾ വാങ്ങി നൽകി , ഞങ്ങളുടെയൊക്കെ സന്തോഷത്തിന്റെ സ്വന്തം വസ്ത്രമാക്കിയവൻ ....
അനുജത്തിയുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി പഠനം എന്ന സ്വപ്നം ഉപേക്ഷിച്ചു ജോലിക്കായി അന്യ നാട്ടിലേക്കു വണ്ടി കയറിയവൻ...
പ്രിയപ്പെട്ടവരുടെ കണ്ണുനീരിനു മുൻപിൽ സ്വന്തം പിടിവാശികളെ വേണ്ടെന്നു വയ്ച്ചവൻ.....
സ്വന്തം സന്തോഷത്തേക്കാളേറെ കുടുംബത്തിന്റെ സന്തോഷത്തിൽ സംതൃപ്തനാകുന്നവൻ ...!!!!

അവന്റെ പ്രായത്തിലുള്ള കുട്ടികൾ നല്ല നിറമുള്ള വസ്ത്രങ്ങൾ ഇട്ടു നടക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ തുണി വാങ്ങി തയ്പ്പിച്ചു അവൻ ഷർട്ടിട്ടു. ആദ്യമായി അവൻ ഒരു റെഡിമെയ്ഡ് ഷർട്ട് ഇട്ടു കാണുന്നത് അവന്റെ 24-ആം വയസ്സിലാണ് .

തിരിച്ചു കടിക്കാത്ത എന്തിനെയും അവൻ കഴിക്കുമായിരുന്നു .മാഗിയും , ബ്രെഡും , ദാൽ കറിയുമൊന്നും അവന്റെ ഇഷ്ട ഭക്ഷണമേ അല്ല ....ജീവിക്കാൻ വേണ്ടി ഭക്ഷിക്കണം എന്നാണ് അവൻ പറയാറ് .ഇപ്പോൾ മേൽ പറഞ്ഞ അനിഷ്ടക്കാരെയൊക്കെ ജീവിക്കാൻ വേണ്ടി അവൻ ഭക്ഷിക്കുന്നുണ്ട് .

കാണാൻ വലിയ സുന്ദരൻ അല്ലെങ്കിലും അവന്റെ മനസ്സിനോളം സൗന്ദര്യം ഞാൻ ഈ ലോകത്തു മറ്റൊന്നിലും കണ്ടിട്ടില്ല ...

അനു എപ്പോഴും പറയാറുണ്ട് , നിന്റെ ചേട്ടനെ കാണുമ്പോൾ എനിക്കു ഹിറ്റ്ലർ മാധവൻ കുട്ടിയെയാണ് ഓര്മ വരാറ് എന്ന്.
അതേ , എനിക്കും അവൻ ഹിറ്ക്ലർ ആണ് ...വീടെന്ന ഞങ്ങളുടെ കൊച്ചു ലോകത്തെ മനോഹരമായ സ്വപ്നങ്ങൾ കൊണ്ടു നിറയ്ക്കുന്ന THE GREAT KING - ഹിറ്റ്ലർ 

ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു , -" എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹം .....?"

അവന്റെ മറുപടി വളരെ ലളിതമായിരുന്നു ... " ഉമ്മ ഒന്നു വിളിച്ചാൽ വിളി കേൾക്കാൻ കഴിയുന്ന തരത്തിൽ , ഉമ്മാക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ ഓടിയെത്താൻ കഴിയുന്ന അകലത്തിൽ ജീവനുള്ളിടത്തോളം എനിക്കുണ്ടാകണം ....."

ഈ ലോകത്തു എന്തൊക്കെ സുഖ സൗകര്യങ്ങൾ എനിക്കു ലഭിച്ചാലും , ഏതു മണിമാളികയിൽ ഞാൻ താമസിച്ചാലും എന്റെ മനസൊന്നു സങ്കടപ്പെട്ടാൽ ഞാൻ ആദ്യം ഓർക്കുക അവനെ ആയിരിക്കും ...

പകരം വയ്ക്കാൻ ഒന്നുമില്ലാത്ത ആ സ്നേഹത്തിനെ.....
എന്റെ ജീവനുള്ളിടത്തോളം കാലം നിനക്കെന്തു പ്രശ്നം വന്നാലും ഞാൻ കൂടെയുണ്ടാകും എന്ന ആ വാക്കിനെ ......
ജീവിതത്തിൽ ഇന്ന് ഞാൻ എത്തി നിൽക്കുന്നതു എവിടെയോ , അവിടെ വരെ എന്നെ എത്തിച്ച ആ ഊർജസ്രോതസ്സിനെ .......

നിനക്കു പകരം വയ്ക്കാൻ മറ്റാരുമില്ലെനിക്ക് ഈ ജീവിതത്തിൽ ....
നമ്മളിൽ ഒരാൾക്ക് ജീവനുള്ളിടത്തോളം എന്നും  എന്റെ പ്രഥമാശ്രയവും , അഭയവും നീ മാത്രമായിരിക്കും ....
സർവേശ്വരൻ നിന്റെ പ്രാർത്ഥനകൾക്കെല്ലാം നീയാഗ്രഹിക്കുന്ന മറുപടി നൽകട്ടെ ......

(അവൻ എന്നുള്ള പദ  പ്രയോഗം കാരണം എനിക്കു എന്റെ ആങ്ങളയോടുള്ള ബഹുമാനത്തിന്റെ കണക്കെടുപ്പ് നടത്താൻ തൽക്കാലത്തേക്ക് ആരും ശ്രമിക്കരുതേ .....എഴുത്തിന്റെ ഒഴുക്കിനു വേണ്ടി അങ്ങനെ പ്രയോഗിച്ചു എന്നെ ഉള്ളൂട്ടോ ......)

No comments:

Post a Comment

വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......