ഇതിനു ജീവിച്ചിരിക്കുന്നവരും , മരിച്ചു പോയവരും ആയി സാദൃശ്യമുണ്ട് ....
വ്യക്തികൾ , വസ്തുക്കൾ , സ്ഥലങ്ങൾ ഇവ മൂന്നിനും ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട് .
നാം കണ്ടു മുട്ടുന്ന , ഇടപഴകുന്ന വ്യക്തികളാണ് നമ്മുടെ ചരിത്രപുസ്തകം , നാം നിലനില്പിനായി ആശ്രയിക്കുന്ന , നമ്മുടെ നിലനില്പ്പിന്റെ കഥ പറയുന്ന ചരിത്ര പുസ്തകം ...
വസ്തുക്കളെ ആശ്രയിച്ചാണ് നമ്മുടെ ജീവിതം , ആ വസ്തു ചെറുതോ , വലുതോ , മൂല്യമേറിയതോ നിസ്സാരമോ ആകാം , എങ്കിലും അവയില്ലെങ്കിൽ നമ്മുടെ ജീവിതം അസാധ്യവുമാകാം ...
ഇനി മൂന്നാമൻ ...ആദ്യം പറഞ്ഞ രണ്ടു പേരും വേണമെങ്കിൽ ഈ മൂന്നാമന്റെ സാന്നിധ്യം അനിവാര്യം തന്നെ ..നാം ആരോടൊപ്പം എങ്ങിനെ ജീവിക്കുന്നു എന്നത് പോലെ പ്രധാനമാണ് എവിടെ ജീവിക്കുന്നു എന്നതും,..ആ " എവിടെ " ആണ് നാം ജീവിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കാൻ നമെം പ്രാപ്തരാക്കുന്നത് .
ഇനി കാര്യത്തിലേക്ക് വരാം ...പെട്ടെന്ന് അങ്ങനെ ഇരുന്നപ്പോൾ ഇന്നലെ ഒരു കൊള്ളിയാൻ പാഞ്ഞു പോയത് കണ്ടു , പോയത് നമ്മുടെ തലയിലൂടെ ആണെന്ന് മാത്രം .....
രാത്രി ഏകദേശം 8 മണി ആകുന്നതെയുള്ളൂ . ബ്ലോക്കും ട്രാഫിക്കും കടന്നു ഒരു ബസ്സിൽ നിന്നും ഇറങ്ങി അടുത്ത ബസ്സിലേക്ക് കയറാൻ പോകുന്ന സമയം . എന്തോ മഹാ ഭാഗ്യത്തിന് സീറ്റ് കിട്ടിയ സന്തോഷത്തിൽ ബസ്സിൽ കയറി ഇരുന്നപ്പോൾ മുന്നിലിരുന്ന ഒരുത്തൻ ,
" എടോ , തനിക്കു സുഖമാണോ "എന്നൊരു ചോദ്യം
ഞാൻ ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തിച്ചു അവനെ നോക്കി ...അപ്പൊ ദേ വരുന്നു അടുത്ത ചോദ്യം ..
" ഇപ്പോൾ എന്താ ചെയുന്നെ , എന്താ ഇത്രേം താമസിച്ചെ ..."
സർവ ഓര്മകളും സട കുടഞ്ഞു എഴുനേറ്റു...ആ മുഖം കണ്ടു പരിചയമുണ്ട് .അത് ഉറപ്പ്,,,ആ ഉറപ്പിന്റെ ബലത്തിന്മേൽ അവനു മറുപടി കൊടുത്തു....
ഒടുവിൽ രോഗി ആഗ്രഹിച്ച പോലെ തന്നെ അവന്റെ അടുത്ത ചോദ്യം വന്നു ..
" തനിക്കെന്നെ മനസ്സിലായില്ലേ ....?"
"പേര് ഞാൻ ഓർക്കുന്നില്ല , എവിടെ വച്ചുള്ള പരിചയം ആണെന്നും മറന്നു പോയി , പക്ഷെ എനിക്ക് തന്നെ അറിയാം " - ഒരു ചമ്മലോടെ ഉള്ള എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു ...
" എടോ ,,,,ഞാൻ സിബി , നമ്മള് ഹയർ സെക്കന്ററി ബാച്ചിൽ ഒരുമിച്ചാരുന്നു ....മറന്നോ ...? "
ഊൗഹ് ....അങ്ങനെ ..ഇപ്പോൾ ആളെ പിടി കിട്ടി , എന്റെ ചമ്മൽ അവനു മനസ്സിലായത് കൊണ്ട് കൂടുതലൊന്നും അവൻ ചോദിച്ചുമില്ല , ഞാൻ പറഞ്ഞുമില്ല . ഒടുവിൽ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ആയതും ഞാൻ അവനൊരു ടാറ്റ കൊടുത്തു , ഇറങ്ങാൻ തുടങ്ങിയ എന്നെ അവൻ പുറകെന്നു വിളിച്ചിട്ട് ഒരു ചോദ്യം ,
" എടോ ....തന്റെ പേര് എന്താ ...? "
ഞാൻ ആരാന്നും അവൻ ആരാന്നും രണ്ടു പേര്ക്കും അറിയാതെ പോയതിലെ അതിശയോക്തി കേട്ട് ഞാൻ പ്ലിങ്ങിപ്പോയി .....
പിന്നെ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഒന്നുമില്ലെങ്കിലും അവൻ എന്റെ പേര് മാത്രമേ മാത്രമേ മറന്നുള്ളൂ , ഞാൻ അവനെ തന്നെ മറന്നു പോയില്ലേ ......
അതോടെ ഞാൻ എനിക്കറിയാവുന്നവരെ എല്ലാം ഓർത്തെടുക്കാൻ തുടങ്ങി , അങ്ങനെ ഓർത്തെടുത്തപ്പോൾ ഒരിക്കലും മറക്കേണ്ടാത്ത കുറച്ചു മുഖങ്ങളെ കിട്ടി ...ആദ്യം പറഞ്ഞ മൂന്ന് കാര്യങ്ങളെയും ഓർത്ത് വയ്ക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഒരു ഗജിനി ആയതു കൊണ്ട് അവർക്കെല്ലാം എന്റെ ബ്ലോഗിലൂടെ മുഖങ്ങൾ നല്കി ഓർമയിൽ സൂക്ഷിക്കാൻ ഞാൻ അങ്ങ് തീരുമാനിച്ചു .
ആയതിനാൽ ഇനിയുള്ള പോസ്റ്റുകളിൽ ഏതിലെങ്കിലും ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ ആയി സാദൃശ്യമുള്ള ആരെ കണ്ടാലും അതിൽ യാഥാർത്യമുണ്ട് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു .....
No comments:
Post a Comment
വായിച്ചിട്ടുണ്ടേല്‍ എന്തേലും അഭിപ്രായമൊക്കെ പറഞ്ഞിട്ട് പോകുട്ടോ .......