Monday, 22 August 2016

#Dog#Bite

നായ പ്രേമികളേ ഇതിലേ ഇതിലേ ......!!!!!

"പട്ടി ഓടി വന്നു 
കുട്ടിയെ കടിച്ചു 
പട്ടി ഓടിപ്പോയി 
കുട്ടി ചത്തു പോയി ..."

ആരാ എഴുതിയേ  എന്നൊന്നും ഓർമയില്ല ...ഏതാണ്ടൊരു ക്രീയേറ്റീവ് സെഷനിൽ ഏതോ ഒരു സാറ് എന്നോ പാടി പഠിപ്പിച്ച കവിതയാണ് ...

ഈ നാല് വരി ബോർഡിൽ  എഴുതിയിട്ട് ഈണം കൊടുക്കാൻ പുള്ളിക്കാരൻ പറഞ്ഞു ....വികാര തീവ്രമായി ഞാൻ ഉൾപ്പടെ പലരും പാടി എങ്കിലും അവസാനം സാറ് തന്നെ ആ കവിത ഇങ്ങനെ (https://soundcloud.com/bismitha-b/patti-kutti-blog) പാടിത്തന്നു ....കേട്ട ഞങ്ങൾ ഒക്കെ ചിരിച്ചു ....ഒരു കുട്ടിക്കവിത പാടുന്ന ലാഘവത്തോടെ അദ്ദേഹം അന്ന് പാടി തന്നു എങ്കിലും ഇന്ന് ആ ലാഘവത്തിനാണ് ഈ സമൂഹത്തിൽ വില കൂടുതൽ എന്ന് മനസ്സിലാക്കുന്നു ...

പട്ടിയെ (നായ എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നാഞ്ഞിട്ടാ ....നായ പ്രേമികൾ ക്ഷമിക്കുക ) കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നവർക്കു നാട്ടിലെ കടിയും , വലിയും ഒന്നും ഒരു പ്രശ്നമാകില്ല .....ചില വലിയ വലിയ പുള്ളികളൊക്കെ മൃഗസ്നേഹത്തെ ക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നുണ്ട് ......

അത്രേം  വലുത് അല്ലെങ്കിലും ഈ കൊതുകും , ഉറുമ്പും , പാറ്റയും , എലിയും , പിന്നെയാ വലിയ പെഴിചാരിയുമൊന്നും ജന്തുക്കൾ അല്ലെ ......വിഷം കൊടുത്തും , ഗുളിക കൊടുത്തും , അടിച്ചും ഞെരിച്ചുമൊക്കെ ഇപ്പറഞ്ഞ കൂട്ടരേ കൊല്ലാം  എങ്കിൽ മനുഷ്യ ജീവന് ഭീഷണി ആകുന്ന പട്ടിയെ കൊന്നാൽ എന്താ കുഴപ്പം ......?

മനുഷ്യനെ കൊല്ലുന്ന മനുഷ്യനെ  തൂക്കികൊല്ലാൻ നിയമം ഉണ്ട് ... 
എന്നാൽ മനുഷ്യനെ കൊല്ലുന്ന പട്ടിക്കുള്ള ശിക്ഷ വന്ധ്യംകരിക്കൽ ആണ് ....എന്ത് നല്ല നിയമം ......പട്ടിയുടെ കുട്ടിയെ അല്ല , കുട്ടികളെ കൊല്ലുന്ന പട്ടിയെ ആണ് കരിക്കേണ്ടത് .....

പട്ടി സ്നേഹത്തെ കുറിച്ച് വിളമ്പുന്ന വലിയ സാറന്മാരും , മാഡങ്ങളും കൂടി കടാപ്പുറത്തു പോയി തെരുവ് പട്ടികളെ മടിയിലെടുത്തു വച്ച് താലോലിച്ചു നോക്കണം ...അപ്പൊ അറിയാം കടിയുടെ വില ....

മണിമാളികയുടെ  തണുപ്പിൽ ഇറക്കുമതി ചെയ്ത ബിസ്ക്കറ്റും കഴിച്ചു ജീവിക്കുന്ന പട്ടികളെയും കെട്ടിപ്പിടിച്ചു തെരുവ് നായയ്ക്ക് ഉമ്മ കൊടുക്കാൻ പ്രസംഗിക്കുന്നതിനേക്കാൾ വലിയ മണ്ടത്തരം എന്താണ് ഹേ ....????

ഇനി കൊല്ലാൻ അത്രയ്ക്ക് താൽപര്യമില്ലെങ്കിൽ ഒരു കാര്യം ചെയ്തേക്കു ....ഈ തെരുവ് പട്ടികളെ എല്ലാം കൂടെ വണ്ടിയിൽ കെട്ടി പട്ടി  സ്നേഹികളുടെ വീട്ടിലേക്കു ഇറക്കുമതി ചെയ്യൂ...അവർ നോക്കി വളർത്തട്ടെ .....

അല്ലെങ്കിൽ  തെരുവ് നായ നിർമാർജനം  എന്നൊരു പദ്ധതിയുമായി ഒരു വണ്ടി ഇറക്കി , ഈ തെണ്ടി നടക്കുന്ന നായകളെ എല്ലാം പിടിച്ചു അതിൽ കേറ്റി വല്ല റീഹാബിലിറ്റേഷൻ സെന്ററിലും കൊണ്ട് പോയി ചേർക്കുന്നതാവും ഉചിതം ....അക്രമ വാസന തീരുമ്പോൾ തിരികെ കൊണ്ട് വരാം.....!!!അതാണ് ഒരു നല്ല ഐഡിയ ....

ജന്മം നൽകാൻ അർഹത ഇല്ലാത്തവന് ജീവനെടുക്കാനും അർഹത ഇല്ല ...ഈ ഭൂമി മനുഷ്യന്റെ മാത്രം അല്ല ...എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണ് ....എങ്കിലും അർഹതയുള്ളവരുടെ അതിജീവനം
 (Survival Of The fittest)


അതാണ് പ്രകൃതിയുടെ നിയമം ....അതിജീവിക്കേണ്ടതും ,അതിനുള്ള അർഹത നേടണമോ , വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും മനുഷ്യനാണ് ........


അധികം വൈകാതെ ഇരുന്നാൽ നന്ന് ....ഇല്ലെങ്കിൽ സിനിമയിൽ കണ്ടപോലെ പട്ടികളൊക്കെ ചേർന്ന് നാട് ഭരിക്കുന്ന കാലവും വിദൂരമല്ല .....

Thursday, 18 August 2016

#vaynottam#14#second

വെറും 14 സെക്കൻഡ്  മതി മോനേ .....ജീവിതം മാറാൻ .....!!!!!!


അതൊരു വല്ലാത്ത ചെയ്ത്ത്  ആയിപ്പോയി അണ്ണാ ......കൂടെ ഒരെണ്ണം നടന്നാലും വഴിയിലൂടെ പോകുന്ന സുന്ദരിയെ ഒന്ന് വായ്‌നോക്കുമ്പോൾ കിട്ടുന്ന ആ പരമാനന്ദം ....അതൊന്നും ഈ പറഞ്ഞ 14 സെക്കൻഡിനുള്ളിൽ ഒതുങ്ങില്ലെന്നേ .......അതൊക്കെ മനസ്സിലാക്കണമെങ്കിൽ വായ്നോട്ടത്തിൻ്റെ മാഹാത്മ്യം ആദ്യം മനസ്സിലാക്കണം ....അതിനു സെൻസ് വേണം ...,സെന്സിബിലിറ്റിയും , സെൻസിറ്റിവിറ്റിയും  ഒക്കെ വേണം ......

പ്രായവും , സൗന്ദര്യവുമൊന്നും ശരിക്കും പറഞ്ഞാൽ വായ്നോട്ടത്തിൻ്റെ മാനദണ്ഡങ്ങളേ  അല്ല ....... ആർക്കും ആരെ വേണമെങ്കിലും വായ്‌നോക്കാം ...പക്ഷെ നോക്കലിന്റെ ആക്കം കൂടിയാൽ നോക്കിയവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് മാത്രം ....

പെണ്ണിനെ വെറുതെ ഒന്ന് നോക്കി പോകുന്നവർ .....
അവളുടെ ആകാരവടിവിനെ നോക്കുന്നവർ ...
അടി മുതൽ മുടി വരെ നോക്കുന്നവർ .....
അവളുടെ നടത്തത്തിന്റെ മാത്രം ഭംഗിയെ നോക്കുന്നവർ ...
കണ്ണിനെ നോക്കുന്നവർ ....
ചിരിയിൽ വീണു പോകുന്നവർ .......
ഉടയാടയുടെ ഭംഗിയിൽ നോക്കുന്നവർ ........(തീർന്നില്ല കേട്ടോ ....നോക്കുന്നവന്റെ മനോഹിതം പോലെ ......)

ഇങ്ങനെ പലതരത്തിലും നോക്കാം ....ഈ നോട്ടങ്ങളൊക്കെ നല്ല രീതിയിൽ നോക്കി തീരാൻ 14 സെക്കൻഡ്  കൊണ്ടൊന്നും പറ്റിയെന്നു വരില്ലെന്നേ .....


നോട്ടം ആണിന്റെ മാത്രം കുത്തക ഒന്നും അല്ല കേട്ടോ ....ആണുങ്ങളേക്കാൾ മനോഹരമായി വായ്നോക്കുന്നവരാണ് പെൺപിള്ളേർ ....ഇങ്ങോട്ടു നോക്കുന്ന ചേട്ടന്മാരെ ചേട്ടന്മാർ അറിയാതെ തന്നെ മനോഹരമായി നോക്കികൊല്ലുന്ന ചേച്ചിമാരും കേരളത്തിലുണ്ട് കേട്ടോ .....ആ നോട്ടത്തിനു സെക്കന്റിന്റെ കണക്കൊന്നും ബാധകം അല്ലെന്നേ ....


ഒരു പുരുഷൻ സ്ത്രീ അയാൾക്കരികിലേക്ക് എത്തുമ്പോൾ ആണ് നന്നായൊന്നു നോക്കാൻ തുടങ്ങുന്നത് എങ്കിൽ സ്ത്രീകൾ നേരെ തിരിച്ചാണ് ....ദൂര ദൃഷ്ടിയിൽ പുരുഷനെ നോക്കുകയും , അയാൾക്ക്‌ അരികിലേക്ക് എത്തുമ്പോൾ അവൾ നോട്ടം പിൻവലിക്കുകയും ചെയ്യുന്നു .....

ഈ നോട്ടം ഒരു ആഗോള പ്രതിഭാസം ആണെങ്കിലും ചില നോട്ടങ്ങൾ ഉണ്ട് ,,,,അത് തീരെ അൺസഹിക്കബിൾ ആണ് ....ഒരുമാതിരി ശരീരത്തെ കുത്തിത്തുളയ്ക്കുന്ന തരത്തിലുള്ള വൃത്തികെട്ട നോട്ടങ്ങൾ ....ആ നോട്ടം കാണുമ്പോൾ ആണ് നിനക്കൊന്നും അമ്മയും പെങ്ങളുമില്ലേ എന്ന് പലരും ചോദിച്ചു പോകുന്നത് ....

അനാവശ്യമായ നോട്ടങ്ങളെ നിയമം കൊണ്ട് നേരിടാനുള്ള വഴി എന്തായാലും നല്ലതു തന്നെ ......പക്ഷെ അവിടെയുമുണ്ട് ചില പ്രശ്നങ്ങൾ .
ബസ്സിൽ ഒക്കെ നിൽക്കുമ്പോൾ ചില അമ്മായിമാരും , അമ്മച്ചിമാരുമൊക്കെ ആണുങ്ങളേക്കാൾ കുത്തിത്തുളയ്ക്കുന്ന രീതിയിൽ നോക്കാറുണ്ട്. അതിനു ആരോട് പോയി പരാതി പറയാനാണ് ....???

നോക്കരുത് ..., നോക്കിയാൽ പോലീസ് പിടിക്കും എന്ന് ബോർഡ് വച്ചാലൊന്നും ഒരു കാര്യവുമില്ല കേട്ടോ ....ആരെങ്കിലുമൊക്കെ ഒന്ന് നോക്കാൻ വേണ്ടി കണ്ണാടിക്കു മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്ന പെൺപിള്ളേരും , ആരെയെങ്കിലും ഒന്ന് നോക്കാൻ കിട്ടിയാൽ മതി എന്നും പറഞ്ഞു ഫ്രീക്കി  നടക്കുന്ന ചെക്കന്മാരും ഉള്ളിടത്തോളം കാലം ഈ നോട്ടം ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും ,,,,ഇനി നിയമം പാസാക്കി പിള്ളേരെ പിടിച്ചു ജയിലിൽ അടയ്ക്കാൻ തുടങ്ങിയാലേ കേരളത്തിലെ എല്ലാ പുരുഷന്മാരും ജയില് വീടാക്കേണ്ടി വരും .......

അത് കൊണ്ട് നോക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :-

 വായ്നോക്കിക്കോളു , തുറിച്ചു നോക്കിക്കോളൂ , ചാഞ്ഞോ ചരിഞ്ഞോ നോക്കിക്കോളൂ ....പക്ഷെ  നമ്മുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ മറ്റൊരുവന് ഏതു രീതിയിലൊക്കെ വായ്നോക്കാമോ ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വേണം നമ്മൾ മറ്റൊരു പെണ്ണിനെ  നോക്കാൻ ......!!!!!!

Wednesday, 10 August 2016

#small #things #make #big #chnage

പലതുള്ളി പെരുവെള്ളം.......!



പ്രിയപ്പെട്ട രാമനാഥൻ മാഷിന് ,

                                           ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ് മാഷേ ....
കാരണം എന്താണെന്നോ ...??? ഇന്ന് കുറെ ആത്മാർത്ഥമായ പുഞ്ചിരികൾ എനിക്ക് സമ്മാനമായി കിട്ടി ...രാവിലെ ഉണർന്നപ്പോൾ മുതൽ മനസ്സിന് വല്ലാത്ത ഒരു സുഖക്കുറവ് പോലെ ...

തിരക്ക് പിടിച്ച ഈ കോർപ്പറേറ്റ് ജീവിതവും , ആർക്കോ വേണ്ടി എന്നപോലെ ജീവിച്ചു തീർക്കുന്ന സ്വന്തം ജീവിതവും .....
രാവിലെ എണീക്കുന്നു ....
അടുക്കളയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു , 
ജോലിക്കു വരുന്നു ,,,,അവിടെയും കുറെ എന്തൊക്കെയോ ചെയുന്നു ,,,
രാത്രി തിരികെ വീട്ടിലെത്തിയാൽ വീണ്ടും അടുക്കളയിലേക്കു ,,,
പിന്നെപ്പോഴോ മയക്കത്തിലേക്കും ....
വീണ്ടും ഇതേ ടൈംടേബിൾ തന്നെ തുടരുന്നു ...

പരസ്പരം ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ .....സ്മാർട്ട്ഫോണിനെ നെഞ്ചോടു ചേർത്തു വിർച്വൽ ലോകത്തു ജീവിക്കുന്ന കുറെ മനുഷ്യർ ചുറ്റും ഉണ്ട് ....അവർക്കിടയിൽ എന്റെയി എഴുത്തുകുത്തുകൾ വായിക്കാൻ മാഷെങ്കിലും ഉണ്ടല്ലോ എന്നതാണ് ഒരു സന്തോഷം കേട്ടോ .....
ആൻഫ്രാങ്കിന് ഡയറി എത്ര പ്രിയമായിരുന്നുവോ അത് പോലെയാണ് എനിക്കിപ്പോൾ മാഷിനോടുള്ള ഈ കഥ പറച്ചിലും .....

ആഹ് ....അപ്പോൾ പറഞ്ഞു വന്നത് സമ്മാനത്തെ കുറിച്ചാണ് .....നേരത്തെ പറഞ്ഞ പോലെ രാവിലെ ആകെപ്പാടെ ഒരു അസ്വസ്ഥത ...അത് മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്ന സങ്കടത്തോടെ ഓഫീസിലെ തിരക്കിലേക്ക് നൂണ്ടു കയറാൻ തുടങ്ങുമ്പോൾ ചുവന്ന ടീഷർട്ടുമിട്ടു രണ്ടു മൂന്നു പേര് 

" മാഡം ,,,ഒരു മിനിറ്റ് ,,,പ്ളീസ് " എന്നും പറഞ്ഞു പിന്നാലെ കൂടി ....

" നോ ..പ്ളീസ് ... "

എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നതും കൂട്ടത്തിലൊരു കറുത്ത സുന്ദരൻ എന്റെ പിന്നാലെ ഓടി വന്നു വീണ്ടും പ്ളീസ് തന്നെ .....

നാശം എന്ന് മനസ്സിൽ പറഞ്ഞു   "ഓക്കേ.." എന്ന് ഒരു കപടമായ പുഞ്ചിരിയോടെ അവനോടു പറഞ്ഞു ..

പക്ഷെ അവൻ തിരികെ നൽകിയ താങ്ക്യൂവിൽ ഒരു ഹൃദയത്തിന്റെ മുഴുവൻ പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു ....അതോടെ എന്റെയാ നാശം എവിടെയോ പോയി മറഞ്ഞു ...
അവൻ വരുന്നത് ഒരു ചാരിറ്റബിൾ സൊസൈറ്റിയിലെ കുറച്ചു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു സഹായം അഭ്യർഥിച്ചാണ് ....

കുറെ കഥ പറഞ്ഞിട്ട് അവൻ എന്നോട് കുറച്ചു  ചോദ്യങ്ങൾ  ചോദിച്ചു ...

" മാഡം ...മാഡം സ്കൂളിൽ പഠിച്ചിട്ടില്ലേ , അന്ന് മാഡത്തിന്റെ പഠന ചിലവുകൾ എല്ലാം നോക്കിയത് ആരാണ് ...? "

ഉത്തരം ലളിതം .... "എന്റെ മാതാപിതാക്കൾ ..."

" അവർ ഇല്ലായിരുന്നു എങ്കിലോ .....? മാഡത്തോട് എനിക്കിന്നിങ്ങനെ സംസാരിക്കാൻ പറ്റുമായിരുന്നുവോ  ...? ഇനി ഒരു നിമിഷം ആരുമില്ലാതെ തെരുവിൽ ജീവിക്കേണ്ടി വന്നു പോയ കുഞ്ഞുങ്ങളെ ക്കുറിച്ച്  ഒന്ന് ചിന്തിച്ചു നോക്കാമോ .....??? അവർക്കു മാതാപിതാക്കൾ ഇല്ല മാഡം ..... "

" സൊ പ്ളീസ് ......"

അവൻ പറഞ്ഞു നിർത്തി ...ഞാൻ തിരികെ എന്ത് പറയണം എന്നറിയാതെ  ഒരു നിമിഷം നിന്ന് പോയി ....

" ഐ വിൽ സീ യു ലേറ്റർ " ....എന്ന് പറഞ്ഞിട്ട് തിരികെ നടക്കാൻ തുടങ്ങിയതും പിറകിൽ നിന്നും

 " മാഡത്തിന്റെ കാരുണ്യത്തിനു വേണ്ടി ഞങ്ങൾ കാത്തിരിക്കും " എന്നവൻ വിളിച്ചു പറഞ്ഞു 


ഈ കാരുണ്യമൊക്കെ നമ്മൾ കൊടുക്കുന്നവരിലേക്കു എത്തുമെന്ന് ഒരു ഉറപ്പും ഇല്ലാത്തതു കൊണ്ട് അവന്റെ ചാരിറ്റിയെ മറവിയിലേക്കു തള്ളി വീണ്ടും ജോലി തിരക്കിലേക്ക് ....ഇടയ്ക്കൊന്നു ഗൂഗിൾ പ്ലസ്സിലേക്കു തലയിട്ടപ്പോൾ അതാ അവിടെ വേറൊരു ചോദ്യം ....

ജീവനുള്ളവന് ജീവൻ നിലനിർത്താൻ നമ്മൾ കൊടുക്കുന്നത് ഒരു രൂപ , കരിങ്കൽ വിഗ്രഹങ്ങൾക്ക് കാണിക്ക നൽകുന്നത് നൂറു  രൂപ  ,,,,ഇതാണ് നമ്മുടെ മനുഷ്യത്ത്വം .......

എനിക്കും അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കിൽ .......??????????/ 

കരുണ ഇനിയും വറ്റിയിട്ടില്ലെന്നു ദൈവം ചെവിയിൽ ,മന്ത്രിച്ചു ......
നേരെ അവന്റെ അടുക്കലേക്കു ....ദൂരെ നിന്ന് എന്നെ കണ്ടിട്ടും അടുത്തേക്ക് വരണമോ എന്നൊരു ശങ്കയാൽ അവൻ നിൽക്കുകയാണ് .....

ഞാൻ  അങ്ങോട്ടേക്ക് ചെന്നു . അവൻ ചിരിച്ചു ...ഞാനും ...

 " മാഡം....?? "

" എവിടെയാ ഞാൻ എന്റെ കാരുണ്യം നിക്ഷേപിക്കേണ്ടത് ....? "

" ദാ  ഇവിടെ , അടുത്തിരുന്ന ബോക്സ് അവൻ ചൂണ്ടിക്കാണിച്ചു .... "

" നിക്ഷേപത്തിന് കണക്കു വേണോ ....?"

"വേണ്ട മാഡം , മഠത്തിന്റെ മനസ്സ് അനുവദിക്കുന്നത്  എന്തോ അത് ....."

കാശിട്ടു കഴിഞ്ഞതും അവൻ ഒരു റെസിപ്റ് കൊണ്ട് വന്നു ...

" മാഡം പേരും നമ്പറും .... "

വേണ്ടെന്നു പറഞ്ഞിട്ടും കേൾക്കാതെ അവൻ എഴുതി എടുത്തു ....

" എന്തിനാ ഈ കോപ്രായം ....? "

" മാഡത്തിന്റെ പേര് കൂടി ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പ്രാർത്ഥനയിൽ ചേർക്കാനാണ് ...... "

വീണ്ടും അവന്റെ ആ പുഞ്ചിരി ....

ഹാളിന്റെ നാല് ഭാഗങ്ങളിലായി വിന്യസിച്ചിരുന്ന അവരുടെ ഗ്രൂപ്പ് അംഗങ്ങൾ എനിക്ക് ചുറ്റും കൂടുന്നു .....

ചിരിച്ചു കൊണ്ട് എല്ലാവരും താങ്ക്യൂ പാടുന്നു ....

സ്നേഹത്തിന്റെയും , സന്തോഷത്തിന്റെയും , നന്ദിയുടെയും അങ്ങനെ ലോകത്തുള്ള എല്ലാ നന്മ നിറഞ്ഞ വികാരങ്ങളുടെയും ഒരു വലിയ സമ്മാനകെട്ട് .....അതായിരുന്നു അവർ ആ നിമിഷം എനിക്ക് നൽകിയത് .....

എന്റെ ഒരു ചെറിയ വിഹിതം ഇത്രയും വലിയ സമ്മാനം എനിക്ക് നല്കുമെങ്കിൽ  നമ്മുടെ എല്ലാവരുടെയും പലതുള്ളികൾ ചേർന്ന പെരുവെള്ളത്തിന്റെ  സന്തോഷം എത്ര വലുതായിരിക്കും അല്ലെ .......




Sunday, 7 August 2016

#Maanicchaayan #Rocks

ഉയരം കൂടും തോറും ചായയുടെ രുചി മാത്രം അല്ല ..., വീഴ്ച്ചയുടെ ആഘാതവും കൂടും......

രാഷ്ട്രീയം ...പണ്ടേ അത് നുമ്മക്ക്  ബലിയ പിടിത്തം ഉള്ള വിഷയം അല്ല ...അതോണ്ട് തന്നെ നമ്മ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാറെ  ഇല്ല ..ആര് ഭരിച്ചാലും നുമ്മക്ക് മുടങ്ങാതെ റേഷന്‍ കിട്ടണം എന്ന ഒരു ചിന്ത മാത്രമേ അന്നും ,ഇന്നും ഞമ്മക്കുള്ള് ...അതോണ്ട് തന്നെ എത്ര പാര്‍ട്ടി ഉണ്ടെന്നോ , ആരൊക്കെ ഭരിക്കുന്നു എന്നോ ഒന്നും നമ്മ അന്വേഷിക്കാറില്ല ....പിന്നെ ഒരു പൊതുവിജ്ഞാനത്തിന് വേണ്ടി മുഖ്യമന്ത്രി  ആരാന്നു മാത്രം അറിഞ്ഞു വയ്ക്കും . അത്ര തന്നെ ....

നുമ്മടെ  നാട്ടിലെ ബ്ലോക്ക്‌ , അതൊരു വല്ലാത്ത പ്രശ്നം തന്നെ ആരുന്നു ...
ആ ബ്ലോക്ക്‌ കാരണം കോളേജിലെ എത്രയെത്ര ഫസ്റ്റ് പീരീഡ്‌കള്‍ നഷ്ടപ്പെട്ടിരിക്കുന്നു ....,
എത്ര ദിവസം ക്ലാസിനു പുറത്തു നിന്നിരിക്കുന്നു ....
എത്ര അറ്റന്‍ഡന്‍സുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു ......
അതിനൊരു പരിഹാരം പോലെ റോഡുകള്‍ക്ക് വീതി കൂട്ടാന്‍  കടന്നു വന്ന ഉമ്മേട്ടനോട്  ഒരു വല്ലാത്ത ആരാധനയുണ്ട് .....
നേരത്തെ പറഞ്ഞപോലെ ആര് വന്നാലും നമ്മക്കും കിട്ടണം പണം എന്നുള്ളത് കൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം , നമ്മളും അല്‍പ സ്വല്പമൊക്കെ ആസ്വദിച്ചു എന്ന് തന്നെ പറയാം ....

പക്ഷെ ഈ അഴിമതിയുടെയും , വിടുവായത്ത്വത്തിന്റെയും കഥയുടെ പിറകെ എന്തോ ....പോയില്ല. ഇന്നും പോകാന്‍ ഒട്ടു താല്പര്യവുമില്ല ...

സാധാരണ മുതിര്‍ന്ന ആണുങ്ങള്‍ പറയുന്ന ഒരു കാര്യമുണ്ട് ...., അടുപ്പത്തിടുന്ന അരിയുടെയും , കത്തിക്കാനുള്ള വിറകിന്റെയും  രാഷ്ട്രീയം മാത്രേ പെണ്ണിനറിയു എന്ന് ....അത് നേരാണ് . പെണ്ണിന്റെ രാഷ്ട്രം വീടാണ് ..അവളുടെ നിയമസഭ അടുക്കളയും , പ്രസ്‌ ക്ലബ്‌ ഡൈനിങ്ങ്‌ ടേബിളും  ആണ് ....അതില്‍ കടന്നുള്ള രാഷ്ട്രീയം അവള്‍ക്കു  അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെ വരൂ .....

ആഹ് ,,,അപ്പോള്‍ പറഞ്ഞു വന്നത് ഒരു പിരിഞ്ഞു പോക്കിനെ പറ്റിയാണ് ...മാണിച്ചായന്‍ തിരിച്ചു വരും എന്ന് കാത്തിരുന്ന ചങ്ക്സിനു വല്ലാത്ത ഒരു അടിയായി പ്പോയി ആ പിരിഞ്ഞു പോക്ക് ....കുത്തേണ്ടിടത്തു , കുത്തിയും , കൊടുക്കാനുള്ളതൊക്കെ കൊടുത്തും നിറചിരിയോടെയുള്ള ആ പോക്ക് ....അതൊരു വീഴ്ചയാണെന്നും , അല്ല പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആണെന്നുമൊക്കെ വലിയ വലിയ ആള്‍ക്കാര് പറയുന്നുണ്ട് ....

നുമ്മടെ ഒരു വീക്ഷണകോണം വച്ചിട്ടു നുമ്മക്ക് തോന്നണത് എന്താന്നു വച്ചാല്‍ ഇതൊരു വീഴ്ച ആണെങ്കില്‍ അതിന്റെ  ആഘാതം വളരെ വലുതാണ്‌ ...പിന്നെ വീണത്‌ അച്ചായന്‍ ആയോണ്ട് നാല് കാലിലെ വീഴു ....
ചെന്ന് വീഴുന്നത് പാലായുടെ പൂമെത്തയിലും ....
പാലാക്കാര് പൊന്നോമനയെ പോലെ നോക്കിക്കോളും എന്ന് പാലാക്കാര്‍ക്കും അച്ചായനും ഒരേ പോലെ ഉറപ്പുള്ളത് കൊണ്ട് ഇതൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആയും നമുക്ക് കാണാം .......

വീണ്ടും നമ്മക്ക് ഇത്രേ പറയാനുള്ളൂ .....ആരൊക്കെ വന്നാലും പോയാലും നുമ്മക്ക് മുടങ്ങാതെ റേഷന്‍ കിട്ടണം