ത്രികോണമല്ലാത്ത ത്രികോണമായിപ്പോയ ഒരു ത്രികോണ പ്രണയകഥ .....!
( ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലുമൊക്കെ സാമ്യം ആർക്കെങ്കിലുമൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നുവാണേൽ മനസ്സാ-വാചാ-കർമണാ-ലക്ഷ്മണാ എനിക്ക് യാതൊരു വിധ ഉത്തരവാദിത്ത്വവും ഇല്ലെന്നു ഇതിനാൽ ബോധിപ്പിച്ചു കൊള്ളുന്നു )
കഥ നടന്നിട്ട് മൂന്നു നാല് വർഷമാകുന്നു .ഒരു ത്രികോണ പ്രണയ കഥ ആണെന്ന് വേണമെങ്കിൽ പറയാം .അഞ്ജന എൻ്റെ ചങ്ങായിയാണ് ,ആരെങ്കിലും വഴക്കു പറഞ്ഞാലുടൻ കരഞ്ഞു തരിപ്പണമാകുന്ന പാവം പാവം ചങ്ങായി ....ചങ്ങായി എന്ന് പറഞ്ഞാൽ കൂടെ പഠിച്ചു എന്ന ഒരു ബന്ധം ...അഭിലാഷും എൻ്റെ ചങ്ങായി ആണ് .. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചു എന്ന ഒരു ബന്ധം .ഇംഗ്ലീഷിൽ പണ്ടേ ഞാൻ വീക്ക് ആണ് ...അതിപ്പോൾ മലയാളം മീഡിയത്തിന്റെയോ , സർക്കാർ സ്കൂളിന്റെയോ ഒന്നും കുഴപ്പമല്ല ...എനിക്കങ്ങു ഇഷ്ടമല്ല( അത് കൊണ്ട് അഭിലാഷിനെയും ) ...,അത്രേ ഉള്ളൂ .
അഭിലാഷ് സാറിനെ എനിക്ക് മാത്രമല്ല , കൂട്ടത്തിലുള്ള അഞ്ജന ഉൾപ്പടെ എല്ലാവർക്കും പേടിയാണ് ..ട്യൂഷൻ ക്ലാസ്സിലെ സാർ ആയോണ്ട് പുള്ളിക്കാരന് ഞങ്ങളെക്കാൾ അഞ്ചാറു വയസ്സിന്റെ വ്യത്യാസമേ ഉള്ളു .ഗ്രാമർ ക്ലാസ്സുകളിൽ അഭിലാഷിന്റെ തല്ലു കൊള്ളാത്തവരായി ആരുമില്ല .
അങ്ങനെയിരിക്കെ ഞങ്ങളുടെ ഹൈസ്കൂൾ പഠനം അവസാനിക്കുന്നു .എല്ലാവരും പിരിയുന്നു ...അഞ്ജനയും , അഭിലാഷുമൊക്കെ നാട്ടുകാർ ആയതു കൊണ്ട് ഇടയ്‌ക്കൊക്കെ വഴിക്കു വച്ച് കണ്ടുമുട്ടുന്നു ,,,വിശേഷങ്ങൾ പങ്കു വയ്ക്കുന്നു .തുടർപഠന ക്‌ളാസ്സുകളിൽ എല്ലാം ഇംഗ്ലീഷിന് സ്റ്റാർ ആയതോടെ അഭിലാഷിനോടുള്ള പേടി ഒരു ആദരവായി മാറുന്നു ....
കാലം അല്പസ്വല്പം ഒക്കെ കടന്നു പോയി ...പഠനം കഴിഞ്ഞു ഞാൻ ജോലിക്കാരിയായി ....അഞ്ജന മാസ്റ്റർ ഡിഗ്രി ചെയ്യുന്നു .അഭിലാഷ് ദുബായിൽ ഒരു വലിയ കമ്പനിയിൽ വളരെ നല്ല ശമ്പളത്തിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്നു ...പെട്ടെന്നൊരു ദിവസം വീട്ടിലൊരു എൻഗേജ്മെന്റ് കുറി എത്തുന്നു ....അഞ്ജനയുടെയും , അഭിലാഷിന്റേയും മോതിരം മാറൽ ചടങ്ങ് ....ഞാൻ ഉൾപ്പടെ അന്ന് കൂടെ പഠിച്ചിരുന്ന എല്ലാവരും വാ പൊളിച്ചു പോയി .....
ചടങ്ങിൽ ഞങ്ങൾ പഴയ പിള്ളേർ എല്ലാം ഒരുമിച്ചു കൂടുന്നു ....ആ ജോഡികളെ കണ്ടവർ കണ്ടവർ " എന്തൊരു ചേർച്ച , രണ്ടിന്റെയും നിൽപ്പ് കണ്ടാൽ ഇപ്പൊ തന്നെ അങ്ങ് കെട്ടിച്ചു കൊടുക്കണം എന്ന പോലുണ്ട് " എന്നൊക്കെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നുണ്ട് .....
അതെന്തായാലും വാൽക്കഷ്ണം ഇങ്ങനെ : പഠിപ്പിക്കുന്ന കാലം മുതൽക്കേ അടക്കവും , ഒതുക്കവുമുള്ള അഞ്ജനയെ അഭിലാഷിന് ഇഷ്ടമായിരുന്നു ...ആ ഇഷ്ടം ഇരുവഴിഞ്ഞി പുഴയായി രണ്ടു പേരുടെയും ഉള്ളിലൂടെ ഒഴുകിയൊലിക്കാൻ തുടങ്ങിയ നാളുകളിൽ ഒന്നിൽ അഭിലാഷ് അഞ്ജനയെ "കെട്ടിക്കോട്ടെ " എന്ന് ചോദിക്കുന്നു ....
" .വീട്ടുകാരു സമ്മതിക്കുമോ...? , അവർക്കു സമ്മതം അല്ലെങ്കിൽ എന്ത് ചെയ്യും ...? അഭിലാഷേട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല ...വീട്ടിൽ വന്നു അച്ഛനോട് സംസാരിക്കൂ ..." എന്ന് അഞ്ജന പറയുന്നു ....
അങ്ങനെ അഭിലാഷിന്റെ നിർബന്ധത്തിനു വഴങ്ങി അഭിലാഷിന്റെ അച്ഛൻ അഞ്ജനയുടെ വീട്ടിലെത്തി പെണ്ണ് ചോദിക്കുന്നു ...അഭിലാഷിന്റെ ജോലിയും നിലയുമൊക്കെ വച്ച് സ്ത്രീധനം കുറെ മോഹിച്ചിരുന്ന അമ്മ ഒടുവിൽ മകന്റെ ഇഷ്ടത്തിന് വഴങ്ങുന്നു , അഞ്ജനയുടെ അമ്മയോട് സംസാരിക്കുന്നു ...അഞ്ജനയ്ക്കും പിടിവാശി ..ഒടുവിൽ പിള്ളേരുടെ നിർബന്ധത്തിനു വീട്ടുകാർ വഴങ്ങുന്നു ,.എന്ത് കൊണ്ടും കൈയിൽ കിട്ടിയത് ലോട്ടറി അല്ലെ എന്ന് കരുതി അഞ്ജനയുടെ വീട്ടുകാരും സമ്മതിക്കുന്നു ........
വാൽകഷ്ണം റിലീസ് ആയ ദിവസം തന്നെ അഭിലാഷ് എന്ന ആദരണീയ വിഗ്രഹം എൻ്റെ തലയിൽ നിന്നും ഇറങ്ങി താഴെ ഇരുന്നു ..അന്ന് വരെ " അഞ്ജനയെ നോക്കി പഠിക്ക് ...അഞ്ജനയെ നോക്കി പഠിക്ക് ..." എന്ന് പറഞ്ഞ എൻ്റെ മാതാശ്രീ ആരെയെങ്കിലും നോക്കി പഠിക്കുന്ന പണി നിർത്തിക്കോളാൻ പറഞ്ഞു ....പിന്നെ കുറെ നാൾ കഴിഞ്ഞപ്പോൾ അവരായി ,അവരുടെ പാടായി എന്ന രീതിക്കു എല്ലാരും എല്ലാം മറന്നു ...ഞാനും .
കല്യാണത്തിന് ഇനിയും രണ്ടു വർഷം ബാക്കി .കാശായും , ഫീസായും ,ഫോൺ ആയും , വിലകൂടിയ സമ്മാനങ്ങളായും അഭിലാഷിന്റെ സ്നേഹം കടൽ കടന്നെത്തി ...എല്ലാവരും സന്തുഷ്ടർ ...
പക്ഷേ പെട്ടെന്നൊരു ദിവസം ഒരു പുതിയ നായകൻ കടന്നു വന്നു ...അഭിലാഷിനും മുൻപ് അഞ്ജന സ്നേഹിച്ചിരുന്ന , അഞ്ജനയെ സ്നേഹിച്ചിരുന്ന ഒരാൾ ....അയാളെ വേണമെന്നും , അയാളില്ല എങ്കിൽ ആത്മഹത്യ ചെയ്യും എന്ന ഭീഷണിയും മുഴക്കി അഭിലാഷിനെയും വേണ്ട എന്ന് വച്ച് അവൾ പുതുതായി വന്ന പഴയ കാമുകന്റെ കൂടെ പോയി ...പോയി എന്ന് പറഞ്ഞാൽ വീട്ടുകാർ അങ്ങ് കെട്ടിച്ചു കൊടുത്തു ..നാട്ടു സഭയുടെയും , നാട്ടുകാരുടെയും മുന്നിൽ അവളുടെ കുടുംബക്കാർ തലകുനിച്ചപ്പോൾ തലയുയർത്തി നിന്ന് അഭിലാഷ് നൽകിയ സമ്മാനങ്ങളുടെ അവശേഷിക്കുന്ന തിരു ശേഷിപ്പുകൾ അവൻ്റെ മുഖത്തേക്ക് വലിച്ചറിഞ്ഞു അവൾ പറഞ്ഞു ...."എനിക്ക് നിന്നെ ഇഷ്ടമല്ല , വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നീയുമായുള്ള ബന്ധത്തിന് സമ്മതിച്ചത് എന്ന് ....""
അഞ്ജനയുടെ വഞ്ചനയുടെ കഥ നാട്ടിൽ പാട്ടായി ...അവശേഷിക്കുന്ന കുറെ ചോദ്യങ്ങളെ ചോദ്യങ്ങളാക്കി നിർത്തി അവൾ പുതിയ ജീവിതത്തിലേക്ക് പോയി ..നാട്ടുകാരുടെ ചോദ്യങ്ങളെ നേരിടാൻ വയ്യാതെ ജോലി ഉപേക്ഷിച്ചു അവളുടെ അമ്മ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ..തകർന്നു പോയ ജീവിതത്തെ എങ്ങനെയൊക്കെയോ അഭിലാഷ് നേരെയാക്കിയെടുത്തു ....
ആദ്യമൊക്കെ അഞ്ജനയോടു വെറുപ്പായിരുന്നു ...പതിയെ അത് മാറി ....അഭിലാഷിനെ വിവാഹം കഴിച്ച ശേഷമാണ് അവൾ ഇങ്ങനെയൊരു തീരുമാനം എടുത്തത് എങ്കിൽ ....?? അതിനേക്കാൾ നല്ലതല്ലേ ഇത് ....ഓരോരുത്തർക്കും ഓരോന്നിനും അവരുടേതായ ഞ്യായമുണ്ട് .....അതൊരിക്കലും മറ്റൊരാൾക്ക് മനസ്സിലാകുകയുമില്ല .....
ആ കഥയൊന്നു മറന്നതേയുള്ളു .......അപ്പോളാണ് അവിചാരിതമായി അഞ്ജനയുടെ മെസ്സേജുകൾ ഫേസ്ബുക്കിലൂടെ എന്നെത്തേടി എത്തിയത് ....ആദ്യമൊന്നും ഞാൻ അതിനെ കണക്കിലെടുത്തില്ല ....നാലഞ്ചു തവണയായി " എന്നെ മറന്നോ ....?എന്നോട് ദേഷ്യമാണോ ....? " എന്നൊക്കെ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മറുപടി കൊടുക്കാൻ തീരുമാനിച്ചു ..
"എന്നെ അറിയില്ലേ ....?എന്നോട് ദേഷ്യമാണോ ...?"
" അറിയാം .....ദേഷ്യമോ ....എന്തിനു ...?ദേഷ്യം കാണിക്കാൻ നീ എന്നോട് തെറ്റൊന്നും ചെയ്തില്ലല്ലോ ...."
"സന്തോഷമായി ......ആരും ഇപ്പോൾ എന്നോട് സംസാരിക്കാറില്ല ...എല്ലാവർക്കും എന്നോട് ദേഷ്യം ആണ് ..."
"അതിനിപ്പോൾ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...നീ ചെയ്തത് തെറ്റായതു കൊണ്ടല്ലേ.....എന്തായാലും അതൊക്കെ മറന്നേക്കൂ ,,,,,കിട്ടിയ ജീവിതം നന്നായി കൊണ്ട് പോകു ...."
" തെറ്റോ ...?ഞാൻ എന്ത് തെറ്റാ ചെയ്തെ ...?എന്റെ ഭാവി ആണ് ഞാൻ നോക്കിയേ .ഞങ്ങൾ ഇഷ്ടത്തിൽ ആയിരുന്നു .പിന്നെ പുള്ളിക്കാരന് കാശുണ്ട് , നല്ല സമ്പാദ്യം ഉണ്ട് .എന്റെ ജീവിതം എന്ത് സുഖം ആയിരിക്കും ...അതും ദുബായിൽ ...ഈ നാട്ടുകാരന്മാരെയൊക്കെ ആര് നോക്കുന്നു ,,,,അവന്മാരോട് പോകാൻ പറ ....."
ഇത്രയും പറഞ്ഞു എന്നെ ബ്ലോക്കും ചെയ്തു പോയ അവളെക്കുറിച്ച് ഞാൻ എന്താ പറയ്യാ ...?
ഈ കഥയിൽ ശരിക്കും വില്ലൻ ഇല്ല ...ഉള്ളത് വില്ലത്തി ആണ് ....ഒരുത്തന്റെ ജീവിതം തകർത്ത് പണമുള്ള മറ്റൊരുത്തനോടൊപ്പം പോയ ഇവളെ എന്ത് വിളിക്കണം .....???? ഇനി ഇതിനേക്കാൾ കൂടുതൽ സൗഭാഗ്യം കാണുമ്പോൾ ഇപ്പോൾ ഉള്ളവനെയും കളഞ്ഞിട്ടു പോകില്ല എന്ന് എന്താണ് ഉറപ്പ് ....???
സിനിമകളിൽ മാത്രമേ ഇങ്ങനെയൊരു കഥ കണ്ടിട്ടുള്ളു ....ഇപ്പോളിതാ നേരിട്ടും ...ഒരു പക്ഷേ അവൾ എന്നോട് സംസാരിച്ചില്ലായിരുന്നെങ്കിൽ അവളുടെ ശരിയാണ് ശരി എന്ന് വിശ്വസിച്ചു ഞാൻ അവളെ മറന്നേനെ .....
പക്ഷേ ഇപ്പോൾ എനിക്ക് അഞ്ജനയോടു വെറുപ്പാണ് .......വെറുപ്പ് മാത്രം .......
ശരിക്കും വെറുക്കേണ്ട ജന്മം തന്നെയാണല്ലോ കൂട്ടുകാരി.(അല്ലാ ,കൂട്ടുകാരി ബ്ലോഗ് വായിക്കുന്ന ആളല്ലല്ലോ അല്ലേ?)
ReplyDeleteവായിക്കുന്ന ആളാണോ അല്ലെ എന്നൊന്നും ഉറപ്പില്ല സുധിയേട്ടാ ...പക്ഷെ ഫേസ്ബുക് നോക്കുന്ന ആളാണ് ....കണ്ടിടത്തൊക്കെ എഴുത്തു കുത്തെടുത്തു ഷെയർ ചെയുന്ന പരിപാടി എനിക്ക് ഉള്ളത് കൊണ്ട് ചീത്ത വിളി ആവശ്യത്തിന് കിട്ടി ..... :-d
Delete