ഒരു മഹാ പ്രളയത്തിനൊടുവിൽ ...!
ഒരു മഹാ ദുരന്തം അതിജീവിച്ചതിന്റെ ഓര്‍മ പുതുക്കല്‍ പോലെ മറ്റൊരു മഴവെള്ള പാച്ചില്‍ നമ്മെ വീണ്ടും തേടി എത്തിയിരിക്കുന്നു.
എന്തൊരു ഭീകരമായ അവസ്ഥയാണ് ഇതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഒരു നിമിഷം കൊണ്ട് താൻ കെട്ടിപ്പടുത്തത് ഒക്കെയും അനുവാദം ചോദിക്കാതെ ഒലിച്ചു പോകുന്നത് വേദനയോടെ കണ്ടുകൊണ്ട് , ആരോരുമില്ലാതെ ഒരു തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ അവസ്ഥ എത്ര ഭീകരവും പരിതാപകാരവുമാണ് .
ഉണ്ണാനില്ലാതെ , മാറിയുടുക്കാനില്ലാതെ , അഭിമാനത്തിന്റെയും ആഭിജാത്യത്തിന്റെയും കെട്ടുപാടുകള്‍ ഇല്ലാതെ, സമ്പത്തിന്റെ മൂല്യം സംസാരത്തിൽ പോലും കാണിക്കാൻ കഴിയാതെ, ജാതി-മത-വര്‍ഗ-വര്‍ണ്ണ വേർതിരിവുകൾ കൊണ്ട് മതില്‍ തീർക്കാതെ , പരസ്പരം മുഖം ചുളിക്കാതെ, സംസ്കാരത്തിന്റെയും സംസ്കാരശൂന്യതയുടെയും സദാചാരത്തിന്റെയും വാ പൊളിക്കാതെ , സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും സ്ത്രീ പുരുഷ സമത്വം വിളമ്പാതെ, പുറം ലോകത്തിന്റെ നിറം പിടിച്ച കഥകളിൽ കുടുങ്ങി കിടക്കാതെ, ആളുന്ന വിശപ്പിനെ കെടുത്തി പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടെന്ന ഉറപ്പോടെ ഒരു നിമിഷമെങ്കിലും സമാധാനത്തോടെ സ്വസ്ഥമായി ഇരിക്കാൻ കഴിയണേ ദൈവമേ എന്ന പ്രാർത്ഥനയോടെ കൂനിക്കൂടിയിരിക്കുന്ന മനുഷ്യര്‍....പ്രകൃതിയുടെ ചോദ്യം ചെയ്യൽ മഴ വെള്ളപ്പാച്ചിലാകുമ്പോൾ മനുഷ്യന്‍ വെറും നിസ്സഹായനായി പോകുന്ന ഹൃദയഭേദകമായ കാഴ്ച..
കഠിനാദ്ധ്വാനം കൊണ്ട് കെട്ടിയുയർത്തിയ കിളിക്കൂടിനുള്ളിൽ വെള്ളത്തിന്റെ തണുപ്പും പാദങ്ങളിൽ പേറി , രാവോ പകലോ ഇരുളോ വെളിച്ചമോ എന്ന് തിരിച്ചറിയാനാവാതെ ഭീതിയോടെ ,അകലെയെവിടെയെങ്കിലും ഒരു മെഴുതിരി വെട്ടം കൈത്താങ്ങായി തങ്ങളെയും തേടി വരുമെന്ന പ്രതീക്ഷയിൽ മക്കളെയും ചിറകിനടിയിൽ ഒളിപ്പിച്ചു കാത്തിരിക്കുന്ന എത്രയോ കുടുംബങ്ങൾ ...
മനുഷ്യൻ പ്രകൃതിയെ തോൽപ്പിച്ച് നേടിയതൊന്നും നിലനിൽക്കില്ലെന്ന് വീണ്ടും അവൾ തെളിയിച്ചു ..അവൾക്കും ജീവനുണ്ടെന്നും , അവളുടെ ശ്വാസം കോൺക്രീറ്റ് മാളികകളായും ,അന്തരീക്ഷ മലിനീകരണത്തിലൂടെയും മനുഷ്യൻ ഇഞ്ചിഞ്ചായി ഊറ്റിയെടുക്കുമ്പോൾ ഒരു ദിവസം പ്രതികാരാഗ്നിയാൽ ആളിക്കത്തുമെന്നു വീണ്ടും അവൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നു .
മാനഭംഗത്തിന്റെ മാറാപ്പുമായി , സന്താനപാപത്തിന്റെ വിഴുപ്പും പേറി വേദനകളുടെ അഗ്നികുണ്ഡത്തിൽ അവൾ പ്രതികാരദാഹിയായി എരിഞ്ഞടങ്ങിയപ്പോൾ ,സമ്പത്തിന്റെയും അധികാരത്തിന്റെയും തോക്കുകളുമായി കാടും നാടും മണ്ണും മരവും കാറ്റും ആകാശവുമെല്ലാം വെട്ടിപ്പിടിച്ചെടുത്ത മനുഷ്യൻ ഒന്നുമില്ലാതെ ഒഴുകിയൊലിച്ചു പോയി .
നമ്മുടെയെല്ലാം വിവേകരഹിതമായ പ്രവൃത്തികൾ തന്നെ അല്ലേ ഇന്നത്തെ നമ്മുടെ ഈ അവസ്ഥയ്ക്ക് കാരണം ? പാടങ്ങൾ കയ്യേറി വീട് പണിതു , മരങ്ങളെ മുറിച്ചു പാത പണിതു , കുളം നികത്തി കെട്ടിടമുണ്ടാക്കി , മണലൂറ്റി പണം കൊയ്തു, ഭൂമി കുഴിച്ചു കുളം തോണ്ടി ഫാക്ടറികൾ പണിതുയർത്തി വിഷപ്പുക വിതറി , വായുവും ജലവും മണ്ണും മലിനമാക്കി .
പ്രകൃതിയെ നോക്കാതെ നമ്മൾ നമുക്ക് വേണ്ടി നട്ടെടുത്ത വികസനങ്ങൾ തന്നെ അല്ലേ ഇന്ന് നമ്മളെ തകർത്ത് കളഞ്ഞത്...?
മഴ പെയ്താൽ മണ്ണിലേക്കിറങ്ങാൻ കഴിയാതെ ഇന്റർ ലോക്കുകളിലൂടെ ഒഴുകിയൊലിച്ചു തീരം തേടുന്ന ജലം ....,
താങ്ങി നിർത്താൻ വേരുകളില്ലാതെ കുത്തിയൊലിച്ചു പോകുന്ന മണ്ണ് ...
പാളികൾ വിണ്ടു കീറി തുന്നലൊട്ടിക്കാൻ കഴിയാതെ പോയ ആകാശം.. , ചക്രങ്ങളുരുണ്ടു പോകുമ്പോൾ തുപ്പുന്ന വിഷപ്പുക പേറിയ വായു... , നികത്തിയും തുരന്നും ആയുസ്സു നഷ്ടപ്പെട്ട ഭൂമി ...,
മനുഷ്യനെ താങ്ങി നിർത്തേണ്ട പ്രകൃതിക്കു സ്വയം നില നിൽക്കാൻ കഴിയാതെ വന്നാലുള്ള ആസന്നമായ മരണമാണ് നമ്മൾ നേരിട്ട് കണ്ടു കൊണ്ടിരിക്കുന്നത് .
ഇതൊരു പുതിയ കഥയല്ല , നമ്മളൊക്കെ പാഠപുസ്തകങ്ങളിലൂടെ പഠിച്ചു വന്ന കഥ തന്നെയാണ് .മനുഷ്യനും പ്രകൃതിയും പരസ്പര പൂരകമാണെന്നു പഠിച്ചു വളരുന്ന നമ്മൾ തന്നെയാണ് നമ്മുടെ തലമുറകൾക്കു വേണ്ടി പ്രകൃതിയെ കീറി മുറിക്കുന്നതും .പാഠങ്ങൾ സ്വയം പഠിക്കാനുള്ളത് മാത്രമല്ല , പകരാനുള്ളത് കൂടിയാണ് .വയൽ ഇല്ലെങ്കിൽ , വെള്ളമില്ലെങ്കിൽ , മരമില്ലെങ്കിൽ , മണ്ണിലെങ്കിൽ നീയും ഞാനുമില്ല എന്ന തിരിച്ചറിവ് നമ്മുക്കുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ,അത് കൊണ്ടാണ് ഇന്ന് കനിവിന്റെ കൈത്താങ്ങുമായി അഭയാർഥികളെപ്പോലെ ദുരിതാശ്വാസ ക്യാംപുകളിൽ നമുക്ക് അഭയം തേടേണ്ടി വന്നത് .
കേരളത്തിന്റെ ഇങ്ങു തെക്കേ അറ്റത്തിരുന്നു ഈ കഥ പറയുന്ന എന്നെയും തേടി ഒരു മഹാ ദുരന്തം വരുന്ന നാൾ വിദൂരമൊന്നുമല്ല .അന്ന് എല്ലാം നഷ്ടപ്പെട്ടു ഞാനും ഒരു അഭയാർഥിയായി മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടും ..
ദുരന്ത കാലത്തെ പ്രവർത്തനങ്ങളിൽ സജീവമായല്ലെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് , ആർക്കെങ്കിലുമൊക്കെ ഒരു കൈത്താങ്ങാവാൻ ഈശ്വര കൃപയാൽ സാധിച്ചിട്ടുണ്ട് .പക്ഷെ അപ്പോഴും അഹങ്കാരം മുറ്റി നിൽക്കുന്നമനുഷ്യ ജന്മങ്ങൾ ബാക്കിയാണിവിടെ .വെയിലും മഴയും നോക്കാതെ തങ്ങൾക്കു പേരും ഊരും അറിയാത്ത ദുരിത ജീവിതങ്ങൾക്ക് തണലാകാൻ കാത്തു നിൽക്കുന്ന സുമനസ്സുകൾക്കു നേരെ മുഖം തിരിക്കുന്ന , ഭിക്ഷക്കാരനോട് കാണിക്കുന്ന 1 രൂപ തുട്ടിന്റെ മാഹാത്മ്യം എടുത്തെറിയുന്ന കുറച്ചു പേരെ നേരിൽ കണ്ടിട്ടുണ്ട് .അവരൊക്കെ സൂക്ഷിക്കണം , ഇങ്ങു തെക്കും മുങ്ങാനുള്ള വെള്ളം കേറാം...ഭൂമി വിണ്ടു പൊട്ടാം ...ഇന്ന് നിന്റെ കരങ്ങൾ കരുണ പുൽകാൻ മടിച്ചാൽ നാളെ ഒരു കനിവിന്റെ നോട്ടം പോലും നിന്നെ തേടി വരില്ല ...
ആവശ്യക്കാരെ ആകുംപോലെ സഹായിക്കാം ...
പ്രകൃതിയിൽ നിന്നും പാഠം പഠിക്കാം ...
ദുരന്തങ്ങളിൽ പരസ്പരം കൈത്താങ്ങാകാം...
ഇനിയൊരു ദുരന്തം വരാതിരിക്കാനായി കൈ കോർക്കാം..
നാളത്തെ പുലരി നമ്മുടേതാകട്ടെ
വയൽ ഇല്ലെങ്കിൽ , വെള്ളമില്ലെങ്കിൽ , മരമില്ലെങ്കിൽ , മണ്ണിലെങ്കിൽ നീയും ഞാനുമില്ല എന്ന തിരിച്ചറിവ് നമ്മുക്കുണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ReplyDelete