"അവൾക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ "
അവൾ പെണ്ണ് ...
വെറുമൊരു പെണ്ണ് ...
ആരുടെയൊക്കെയോ പ്രാര്‍ഥനയുടെയും കാത്തിരിപ്പിന്റെയും സമ്മാനമായി
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂമിയുടെ
മനോഹാരിതയിലേക്ക്കണ്ണ് തുറന്നവൾ ...
നിഷ്കളങ്കമായി പുഞ്ചിരിച്ച്ചും ചുറ്റുമുള്ളവരെ പുഞ്ചിരിപ്പിച്ച്ചും ഓര്‍മയുറയ്ക്കുന്ന കാലം വരെ പാറി നടന്നവൾ ...
പിന്നെപ്പോഴോ ബാല്യത്തിന്റെ മനോഹാരിതയിലേക്ക് പിച്ച വച്ചു ചേക്കേറിയവൾ .......
കൈയും മെയ്യും വളര്‍ന്നു കൌമാരത്തിന്റെ പടി വാതില്‍ക്കല്‍ സ്വപ്നങ്ങളോടെ കാത്തു നിന്നവൾ .....
കാലം മാറ്റങ്ങള്‍ വരുത്തിയെടുത്ത് യൌവന യുക്തയാക്കി ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാത്തു നിര്‍ത്തിയിരിക്കുന്നവൾ ......
"പെണ്ണായി പിറന്നാല്‍ മണ്ണായി തീരുവോളം " അത് പണ്ടാരോ പറഞ്ഞ വെറുമൊരു വായ്മൊഴിയല്ല ...
ഒരു സത്യമാണ് ...
ലോകം ഉള്ളിടത്തോളം , പെണ്ണുള്ളിടത്തോളം മായ്ക്കപ്പെടുകയോ മാറ്റിയെഴുതപ്പെടുകയോ ചെയ്യാത്ത സത്യം .....
സ്ത്രീ എന്നും പുരുഷന് കീഴില്‍ നില്‍ക്കേണ്ടവള്‍ ആണെന്നത് ഒരു സത്യ വാചകം പോലെ മനസ്സില്‍ ഊട്ടിയുറപ്പിച്ച
ഒരു കൂട്ടം മനുഷ്യര്‍ക്കിടയിലായിരുന്നു അവളും വളര്‍ന്നത് ....
മനോഹരമായ ഒരു ബാല്യം അവള്‍ക്കുമുണ്ടായിരുന്നു .....
പക്ഷെ വര്‍ത്തമാനത്തിന്റെ കരിനിഴലുകല്‍ക്കുള്ളില്‍ ഞെരിഞ്ഞമരവെ ഓര്‍ത്തെടുക്കാന്‍ കഴിയാത്തത്രയും ദൂരത്തേക്കു ആ ബാല്യവും
യാത്രയായി ...
ഭൂതവും ഭാവിയും അവള്‍ക്കെന്നും അന്യമായിരുന്നു ..
ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും അന്ത്യം കണ്ണുനീര്‍ മാത്രമാണെന്ന് അനുഭവങ്ങള്‍ അവളെ പഠിപ്പിച്ചു ....
പഠിപ്പിക്കാനും സ്വയം പഠിക്കാനും ഒരുപാട് അനുഭവങ്ങളുള്ള ഒരു ജീവിതമായിരുന്നു അവളുടേത് ...
സ്നേഹം ...അതവള്‍ക്ക് എന്നും ഒരു കിട്ടാക്കനി ആയിരുന്നു.
സ്വാതന്ത്ര്യം ...അതവള്‍ക്ക് ബന്ധനമായിരുന്നു ....
അവള്‍ ജനിച്ചത് സ്വതന്ത്രയായിരുന്നു ...
എന്നാല്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവള്‍ ബന്ധനസ്ഥയായി മാറുകയായിരുന്നു ....
ഭൂമിയിലെ അനശ്വരമായ ജന്മങ്ങളില്‍ ഒന്നത്രേ മനുഷ്യ ജന്മം ...
അതില്‍ ഏറ്റവും പവിത്രമായത് സ്ത്രീ ജന്മം ....ഒരു തലമുറയുടെ വഴികാട്ടിയാണവൾ....
കാലത്തിനു തുടിപ്പേകുന്നവൾ .....
സഹനതയുടെ സംഗീതം മീട്ടുന്നവൾ ...
കാരുണ്യത്തിന്റെ കണ്ണീരുറവ ....
അവള്‍ക്കുമുണ്ടായിരുന്നു മോഹങ്ങൾ .....
അവള്‍ക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങൾ ...
ആയുസ്സെത്താതെ പൊട്ടിക്കരഞ്ഞു കൊണ്ട് അവരൊക്കെ മരണക്കയത്തിലേക്ക് മുങ്ങാംകുഴിയിട്ടൂ....
അവളുടെ അനുവാദമില്ലാതെ ആ സ്വപ്‌നങ്ങള്‍ അവളില്‍ നിന്നും ഊര്‍ന്നു വീഴുന്നത്ക ണ്ടു കണ്ണീര്‍ പൊഴിക്കാന്‍ മാത്രമേ അവള്‍ക്കു കഴിഞ്ഞുള്ളൂ ...
ജന്മം നല്‍കിയവരും ,വളര്‍ത്തിയെടുത്തവരും കൂടെ ജീവിക്കുന്നവരും
തന്നെയായിരുന്നു അവളുടെ സ്വപ്നങ്ങളുടെ ഘാതകര്‍ .....
കാരണം അവള്‍ പെണ്ണ് ...
മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം മാറ്റി വയ്ക്കപ്പെടുക എന്നത് അവളുടെ കര്‍ത്തവ്യം ...കടമ ....
സംസ്കാരം പഠിപ്പിച്ച പാഠം
പകല്‍ വെളിച്ചത്തില്‍ അവള്‍ പുഞ്ചിരിക്കുന്ന പാവയായിരുന്നു ....
പക്ഷെ രാത്രിയുടെ ഇരുട്ട് കാതോര്‍ത്തിരുന്നത് അവളുടെ തേങ്ങലുകള്‍ക്കായിരുന്നു ......
പുതപ്പുകള്‍ അവളുടെ ചങ്ങാതിമാരായിരുന്നു ......അവളുടെ പുതപ്പുകള്‍ക്ക് ഉപ്പു രസമായിരുന്നു ......
ഒഴുക്കിനെതിരെ തുഴയാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു ...ശ്രമിച്ചിരുന്നു ......
പക്ഷെ ഒരു പെണ്ണായത് കൊണ്ട് മാത്രം അവള്‍ക്കതിനു സാധിച്ചില്ല ...
ഒടുവില്‍ അവളും ഒഴുക്കിനൊപ്പം നീന്താന്‍ തുടങ്ങി ...
അവസാനിച്ചെന്കിലെന്നും ,അവസാനിപ്പിക്കണമെന്നും ഒരുപാട് ആഗ്രഹിച്ച ഒരു ജീവിതത്തെ ആര്‍ക്കൊകെയോ
വേണ്ടി അവള്‍ ഇന്നും നീട്ടികൊണ്ടു പോകുന്നു ...
പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് അറിയില്ലെങ്കിലും
അവളും പ്രതീക്ഷിക്കുന്നു ...
ഈ ഭൂമിയിലെ നിലാവിന്റെ കീഴില്‍ നിശബ്ദയായി ജീവിക്കാന്‍ അവള്‍ക്കു കഴിയുന്നിടത്തോളം
കാലം അവള്‍ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും ...
ആ പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ് അവള്‍ക്കു ജീവിക്കാനുള്ള പ്രചോദനം ...